അപകടം ഒഴിവായത് നാല് വയസുകാരിയുടെ സമയോചിത ഇടപെടൽ മൂലം; അഭിനന്ദനം അറിയിച്ച് സോഷ്യൽ മീഡിയ

July 1, 2021

സമയോചിതമായ ഇടപെടലുകളാണ് പലപ്പോഴും വലിയ അപകടങ്ങളിൽ നിന്നും പലരെയും രക്ഷിക്കുന്നത്. ഇപ്പോഴിതാ അത്തരത്തിൽ ശ്രദ്ധിക്കപ്പെടുകയാണ് ഒരു നാല് വയസുകാരിയുടെ സമയോചിതമായ ഇടപെടൽ. തിരിച്ചറിവിന്റെ പ്രായമാകും മുൻപേ ഹീറോയായി മാറിയിരിക്കുകയാണ് സ്വന്തം വീട് കത്തിയമരാതെ സംരക്ഷിച്ച ഈ കൊച്ചുമിടുക്കി. ഫ്ലോറിഡ സ്വദേശിയായ അമേലിയ ജെർമിൻ എന്ന കൊച്ചുമിടുക്കിയാണ് സമൂഹമാധ്യമങ്ങളിൽ അടക്കം ശ്രദ്ധനേടിയ താരം.

അമേലിയ വീട്ടിലെ വളർത്തുനായയ്ക്കൊപ്പം കളിക്കുന്നതിനിടെയാണ് അടുക്കളയിലെ തീ ഈ കുഞ്ഞുമിടുക്കിയുടെ ശ്രദ്ധയിൽപ്പെട്ടത്. ഉടൻതന്നെ അടുക്കളയിലേക്ക് പോയി നോക്കുന്ന ഈ കുഞ്ഞുമോളുടെ ദൃശ്യങ്ങൾ വിഡിയോയിൽ ഭീതി പടർത്തുന്നുണ്ടെങ്കിലും അമേലിയ ഈ വിവരം ഉടൻതന്നെ അച്ഛനെ അറിയിച്ചു. അമേലിയക്കൊപ്പം നായയും കുരച്ചുകൊണ്ട് ഓടിയെത്തിയതോടെ എന്തോ അപകടം സംഭവിച്ചിട്ടുണ്ടെന്ന് മനസിലാക്കി അമേലിയയുടെ പിതാവ് ഡാനിയേൽ അടുക്കളയിലേക്ക് ഓടി എത്തുകയായിരുന്നു.

Read also:‘അതിജീവനത്തിനായി നമ്മൾ നടത്തുന്ന പോരാട്ടത്തിന്റെ മുന്നണിയിൽ നിന്നുകൊണ്ട് പ്രതിരോധത്തിന്റെ കവചം തീർക്കുന്ന ഡോക്ടർമാർ…’ ഇന്ന് ദേശീയ ഡോക്ടേഴ്സ് ദിനം

ഉടൻതന്നെ അദ്ദേഹം തീ അണയ്ക്കുന്നതിനുള്ള ശ്രമങ്ങൾ തുടർന്നു. തന്റെ മകളുടെ ഇടപെടൽ വലിയ ഒരു അപകടത്തിൽ നിന്നുമാണ് തന്നെയും കുടുംബത്തേയും രക്ഷിച്ചത് എന്നാണ് അമേലിയയുടെ പിതാവ് സോഷ്യൽ ഇടങ്ങളിൽ കുറിച്ചത്. തനിക്കുണ്ടായ ചെറിയൊരു പൊള്ളൽ ഒഴിച്ചാൽ മറ്റ് അപകടങ്ങൾ ഒന്നും ഉണ്ടായിട്ടില്ലെന്നും ഡാനിയേൽ കുറിച്ചു. അതേസമയം സോഷ്യൽ ഇടങ്ങളിൽ വിഡിയോ പ്രചരിപ്പിക്കപ്പെട്ടതോടെ നിരവധിപ്പേരാണ് ഈ കുഞ്ഞുമോളെ അഭിനന്ദിച്ചുകൊണ്ട് എത്തുന്നത്.

Story highlights; four year old girl saves home from fire