സത്താറിന് ശേഷം വീണ്ടും തമിഴിലേക്ക്; പാ രഞ്ജിത്ത് ചിത്രത്തിൽ നായകനായി കാളിദാസ്

July 30, 2021

തമിഴകത്ത് ഒരുപിടി സൂപ്പർഹിറ്റ് ചിത്രങ്ങൾ ഒരുക്കിയ സംവിധായകനാണ് പാ രഞ്ജിത്ത്. കഴിഞ്ഞ ദിവസം പ്രേക്ഷകരിലേക്കെത്തിയ പാ രഞ്ജിത്ത് ചിത്രം സര്‍പ്പാട്ട പരമ്പരൈ മികച്ച പ്രേക്ഷക സ്വീകാര്യത നേടിയിരുന്നു. 1970-80 കാലഘട്ടത്തിൽ നോര്‍ത്ത് മദ്രാസിൽ അറിയപ്പെട്ടിരുന്ന സര്‍പ്പാട്ട പരമ്പരൈ എന്ന പാരമ്പര്യ ബോക്‌സിങ് താരങ്ങളുടെ ജീവിതം പറയുന്ന ചിത്രത്തിൽ ആര്യയാണ് മുഖ്യകഥാപാത്രത്തെ അവതരിപ്പിച്ചത്. ആര്യയുടെ മേക്കോവറും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ താരത്തിന്റെ പുതിയ ചിത്രത്തിന്റെ വിശേഷങ്ങളാണ് സിനിമ ലോകത്ത് ശ്രദ്ധ നേടുന്നത്.

‘നച്ചത്തിരം നഗര്‍ഗിരത്’ എന്ന പേരിൽ പാ രഞ്ജിത്ത് ഒരുക്കുന്ന ചിത്രത്തിൽ മലയാളത്തിന്റെ യുവതാരം കാളിദാസ് ജയറാം ആയിരിക്കും മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുക എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. സര്‍പ്പാട്ട പരമ്പരൈയില്‍ നായികാ കഥാപാത്രമായ മാരിയമ്മയെ അവതരിപ്പിച്ച ദുഷറ വിജയന്‍ ആയിരിക്കും ചിത്രത്തിലെ നായികയെന്നും റിപ്പോർട്ടുകൾ ഉണ്ട്. റൊമാന്‍റിക് ഡ്രാമ വിഭാഗത്തില്ലായിരിക്കും ചിത്രം ഒരുങ്ങുക. എന്നാൽ ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ ഉണ്ടായിട്ടില്ല.

Read also:പതിനാല് നിലകളിലായി ഒരുങ്ങിയ വനം; അത്ഭുതമായി ഇന്ത്യയിലെ ആദ്യത്തെ വെർട്ടിക്കൽ ഫോറസ്റ്റ്

അതേസമയം നെറ്റ്ഫ്ളിക്സിന്‍റെ തമിഴ് ആന്തോളജി ചിത്രം ‘പാവ കഥൈകളി’ലെ കാളിദാസിന്‍റെ പ്രകടനം തമിഴ് സിനിമാപ്രേമികൾക്കിടയിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. ഒരുപിടി മികച്ച ചിത്രങ്ങളുമായി മലയാള സിനിമയിൽ തിരക്കുള്ള താരമായി നിറഞ്ഞു നിൽക്കുന്ന യുവനായകന്മാരിൽ ഒരാളാണ് കാളിദാസ് ജയറാം. സത്യൻ അന്തിക്കാട് ചിത്രമായ കൊച്ചു കൊച്ചു സന്തോഷങ്ങളിലൂടെ ബാലതാരമായാണ് കാളിദാസ് സിനിമാ ലോകത്തേക്ക് എത്തുന്നത്. എന്റെ വീട് അപ്പൂന്റേം എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച ബാലനടനുള്ള സംസ്ഥാന, ദേശീയ പുരസ്‌കാരങ്ങൾ കാളിദാസ് സ്വന്തമാക്കി. പൂമരം എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയിൽ നായകനായി എത്തിയത്. ഇപ്പോൾ മലയാളത്തിന് പുറമെ അന്യഭാഷകളിലും തിരക്കുള്ള താരമായി മാറിക്കഴിഞ്ഞു കാളിദാസ്.

Story highlights: kalidas jayaram is the next hero of pa ranjith