പാട്ട് കൂട്ടിൽ ആവേശത്തിരയിളക്കം; കുരുന്നുഗായകർക്കൊപ്പം ടോപ് സിംഗർ വേദിയിൽ ഇനി എം ജയചന്ദ്രനും
സംഗീതാസ്വാദകർ ഹൃദയത്തിലേറ്റിയ ഒരുപിടി സുന്ദരഗാനങ്ങൾ മലയാളികൾക്ക് സമ്മാനിച്ച സംഗീത സംവിധായകനാണ് എം ജയചന്ദ്രൻ. എം ജെയുടെ പാട്ടുകൾ കേൾക്കാത്ത പാട്ട് പ്രേമികൾ ഉണ്ടാവില്ല. സംഗീത സംവിധായകനായും പിന്നണിഗായകനായും പാട്ടിനോട് ചേർന്ന് നിൽക്കുന്ന എംജെ മലയാളികളുടെ ഇഷ്ടപരിപാടി ഫ്ളവേഴ്സ് ടോപ് സിംഗർ ആദ്യ സീസണിൽ കുട്ടി കുരുന്നുകൾക്കൊപ്പം പാട്ട് പാടിയും കുരുന്നുകളെ പാട്ട് പഠിപ്പിച്ചും കൂടെയുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ടോപ് സിംഗർ രണ്ടാം സീസണിലും എം ജെയുടെ പാട്ട് വിശേഷങ്ങളും തമാശകളും പാട്ട് വേദിയിൽ ഒരുപാട് മിസ് ചെയ്തിരുന്നു. ഇപ്പോഴിതാ കുട്ടികുരുന്നുകൾക്കൊപ്പം പാട്ട് വേദിയിലേക്ക് തിരികെ വരുകയാണ് എം ജയചന്ദ്രൻ. ഇന്ന് രാത്രി 8 മണിയ്ക്ക് സംപ്രേഷണം ചെയ്യുന്ന എപ്പിസോഡിലൂടെയാണ് എം ജെ പാട്ട് കൂട്ടിലേക്ക് തിരികെയെത്തുന്നത്.
സംഗീത സംവിധായകനായ എം ജയചന്ദ്രന്, ഗായകന് എം.ജി ശ്രീകുമാര്‍, അനുരാധ തുടങ്ങിയവരാണ് ടോപ് സിംഗർ ആദ്യ സീസണിൽ ജഡ്ജസായി എത്തിയത്. ഇപ്പോഴിതാ രണ്ടാം സീസണിൽ എം ജി ശ്രീകുമാറിനും ദീപക് ദേവിനും മധു ബാലകൃഷ്ണനുമൊപ്പമാണ് വീണ്ടും എം ജയചന്ദ്രൻ എത്തുന്നത്.
പാട്ടിന്റെ ലോകത്തെ കുട്ടിഗായകരെ കണ്ടെത്തുന്നതിനായി ഫ്ളവേഴ്സ് ഒരുക്കുന്ന സംഗീത വിരുന്നാണ് ടോപ് സിംഗർ. സ്വര മാധുര്യം കൊണ്ട് പ്രേക്ഷക ഹൃദയം കീഴടക്കിയ ഒരുപിടി കൊച്ചുഗായക പ്രതിഭകളെ ടോപ് സിംഗർ ഇതിനോടകം പ്രേക്ഷകർക്ക് പരിചയപ്പെടുത്തിക്കഴഞ്ഞു. ടോപ് സിംഗർ ഒന്നാം സീസണിലെ അതെ സ്വീകാര്യതയാണ് ടോപ് സിംഗർ രണ്ടാം സീസണിലെ കുട്ടിഗായകർക്കും ലഭിക്കുന്നത്.
Story Highlights; M Jayachandran Back to Top Singer