‘പൊന്നിയിൻ ശെൽവനി’ലൂടെ തിരിച്ചുവരവിനൊരുങ്ങി പ്രിയതാരം ശാലിനി

July 28, 2021

മലയാളത്തിനും തമിഴകത്തും ഏറെ സുപരിചിതയാണ് ശാലിനി. ബാലതാരമായി വന്ന് സിനിമാലോകത്ത് വർഷങ്ങളോളം നിറഞ്ഞുനിന്ന താരത്തിന്റെ തിരിച്ചുവരവിനായി സിനിമാലോകം കഴിഞ്ഞ രണ്ട് പതിറ്റാണ്ടോളം കാത്തിരുന്നതാണ്. ഇപ്പോഴിതാ മണിരത്നം ചിത്രത്തിലൂടെ വെള്ളിത്തിരയിലേക്ക് തിരിച്ചുവരവിനൊരുങ്ങുകയാണ് ശാലിനി എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ചിത്രത്തിൽ അതിഥി വേഷത്തിലായിരിക്കും താരം പ്രത്യക്ഷപ്പെടുക. അതേസമയം ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല.

ഇന്ത്യൻ സിനിമാലോകത്തിന് ഒരുപിടി മികച്ച സിനിമകൾ സമ്മാനിച്ച സംവിധായകനാണ് മണിരത്നം. അതുകൊണ്ടുതന്നെ മണിരത്നത്തിന്റെ പുതിയ ചിത്രത്തിനായി കാത്തിരിക്കുകയാണ് സിനിമാപ്രേമികൾ. ബിഗ് ബജറ്റ് ചിത്രങ്ങളിലൊന്നായാണ് പൊന്നിയിൻ സെൽവൻ ഒരുങ്ങുന്നത്. രണ്ടുഭാഗങ്ങളായി ഒരുക്കുന്ന ചിത്രത്തിന്റെ ആദ്യ ഭാഗത്തിന് ‘പി.എസ് 1’ എന്ന് പേര് നൽകിയിട്ടുണ്ട്. അത് 2022 ൽ റിലീസ് ചെയ്യും എന്നാണ് അണിയറപ്രവർത്തകർ പറയുന്നത്.

Read also; മെഡൽ നഷ്ടമായി, എങ്കിലും മരിയക്കിത് സന്തോഷദിനം; വൈറലായി ഒരു വിവാഹാഭ്യർത്ഥന

മണിരത്നം ലൈക പ്രൊഡക്ഷൻസുമായി ചേർന്ന് നിർമ്മിച്ച പൊന്നിയിൻ സെൽവനിൽ വിക്രം, ജയം രവി, വിക്രം പ്രഭു, തൃഷ കൃഷ്ണൻ, മോഹൻ ബാബു, ഐശ്വര്യ റായ്, ജയറാം എന്നിവരാണ് പ്രധാന വേഷത്തിൽ എത്തുന്നത്. കല്‍ക്കി കൃഷ്ണമൂര്‍ത്തി ഒരുക്കിയ അഞ്ചു ഭാഗങ്ങളുള്ള ചരിത്ര നോവലിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത്. നോവൽ അടിസ്ഥാനമാക്കിയുള്ള പ്രമേയത്തിൽ അരുൾമൊഴിവർമ്മൻ അഥവാ രാജ രാജ ചോളൻ ഒന്നാമന്റെ കഥയാണ് പറയുന്നത്.

അതേസമയം ‘പിരിയാത വരം വേണ്ടും’ എന്ന ചിത്രത്തിലാണ് ശാലിനി അവസാനമായി അഭിനയിച്ചത്.

Story Highlights: Shalini to make a comeback with Ponniyin Selvan