സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങളില്‍ മാറ്റം; പുതിയ നിര്‍ദ്ദേശങ്ങള്‍ അറിയാം

August 4, 2021
Kerala Sunday lockdown

നാളുകള്‍ ഏറെയായി കേരളവും കൊവിഡ് 19 എന്ന മഹാമാരിക്കെതിരായ പോരാട്ടത്തിലാണ്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ് സംസ്ഥാനത്ത്. കേരളത്തില്‍ ഏര്‍പ്പെടുത്തിയിരുന്ന കൊവിഡ് നിയന്ത്രണങ്ങളില്‍ മാറ്റം വരുത്തി. ആരോഗ്യമന്ത്രി വീണ ജോര്‍ജാണ് പുതുക്കിയ നിര്‍ദ്ദേശങ്ങള്‍ പ്രഖ്യാപിച്ചത്. നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയിട്ടുണ്ടെങ്കിലും കൊവിഡ് വ്യാപനം കുറയാത്ത സാഹചര്യത്തില്‍ സാമൂഹിക അകലം അടക്കമുള്ള മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതുണ്ട്.

പുതുക്കിയ നിര്‍ദ്ദേശപ്രകാരം വ്യാപാര സ്ഥാപനങ്ങള്‍ ആഴ്ചയില്‍ ആറ് ദിവസവും തുറക്കാം. രാവിലെ എഴ് മണി മുതല്‍ രാത്രി ഒന്‍പത് മണി വരെയായിരിക്കും പ്രവര്‍ത്തനാനുമതി. ശനിയാഴ്ചത്തെ ലോക്ക്ഡൗണ്‍ പിന്‍വലിച്ചെങ്കിലും ഞായറാഴ്ച സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ആയിരിക്കും.

പരമാവധി 40 പേര്‍ക്കാണ് ആരാധനാലയങ്ങളില്‍ പ്രവേശനനാനുമതിയുള്ളത്. വിസ്തീര്‍ണ്ണം കുറഞ്ഞ ആരാധനാലയങ്ങള്‍ എണ്ണം കുറയ്‌ക്കേണ്ടതുണ്ട്. വിവാഹത്തിനും മരണാനന്തര ചടങ്ങുകള്‍ക്കും പരമാവധി 20 പേര്‍ക്ക് പങ്കെടുക്കാം. ഓഗസ്റ്റ് 15 നും ഓണദിവസമായ ഓഗസ്റ്റ് 22 നും ലോക്ക്ഡൗണ്‍ ഉണ്ടായിരിക്കില്ല എന്നും പുതുക്കിയ മാര്‍ഗനിര്‍ദ്ദേശത്തില്‍ പറയുന്നു.

Read more: ബോക്‌സിങ്ങില്‍ ലോകചാമ്പ്യനോട് പൊരുതി; ഇന്ത്യയുടെ ലവ്‌ലിന ബോര്‍ഗോഹെയ്‌ന് വെങ്കലം

വ്യാപാര സ്ഥാപനങ്ങള്‍ക്ക് തുറക്കാന്‍ അനുമതിയുണ്ടെങ്കിലും ആളുകള്‍ കൂട്ടം കൂടാന്‍ പാടില്ല. സാമൂഹിക അകലം, മാസ്‌ക്, സാനിറ്റൈസര്‍ എന്നിവയും കടകളില്‍ ഉറപ്പാക്കണം. എന്നാല്‍ ഒരു പ്രദേശത്തെ ജനസംഖ്യയുടെ ആയിരം പേരില്‍ പത്ത് പേര്‍ക്ക് ഒരാഴ്ച കണക്കില്‍ കൊവിഡ് പോസിറ്റീവ് ആയാല്‍ ഈ പ്രദേശത്ത് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ആയിരിക്കും.

Story highlights: Kerala revised lockdown restrictions