83-ാം വയസ്സില്‍ ബ്ലാക്ക് ബെല്‍റ്റ്; പ്രായമൊക്കെ വെറും നമ്പറല്ലേ എന്ന് മുത്തശ്ശി

August 6, 2021
Viral life story of Karate Grandma Carole

ചില ജീവിതങ്ങളെ അടുത്തറിഞ്ഞ് കഴിയുമ്പോള്‍ പലരും പറയാറുണ്ട് ‘പ്രായമൊക്കെ വെറും നമ്പറല്ലേ’ എന്ന്. കാരണം പ്രായത്തെ വെല്ലുന്ന പ്രകടനങ്ങള്‍ക്കൊണ്ടാണ് പലരും നമ്മെ അതിശയിപ്പിക്കുന്നത്. കരോള്‍ ടെയ്‌ലര്‍ എന്ന മുത്തശ്ശിയും ആള് ചില്ലറക്കാരിയല്ല. കരാട്ടെ ബ്ലാക്ക് ബെല്‍റ്റ് നേടിക്കൊണ്ടാണ് ഈ മുത്തശ്ശി ശ്രദ്ധ നേടുന്നത്.

യൂട്ടയിലെ ലേയ്റ്റണില്‍ നിന്നുള്ള ഈ മുത്തശ്ശി കരാട്ടെയുടെ കാര്യത്തില്‍ ലോകശ്രദ്ധ തന്നെ നേടി. തന്റെ 83-ാം വയസ്സിലാണ് കരോള്‍ ടെയ്‌ലര്‍ കരാട്ടെ ബ്ലാക്ക് ബെല്‍റ്റ് സ്വന്തമാക്കിയിരിക്കുന്നത്. കഴിഞ്ഞ പതിനഞ്ച് വര്‍ഷമായി ഇവര്‍ കരാട്ടെ അഭ്യസിക്കാന്‍ തുടങ്ങിയിട്ട്. വാര്‍ധക്യത്തിലും സദാ കര്‍മ്മനിരതയാവുകയാണ് ഈ മുത്തശ്ശി.

Read more: സൂപ്പര്‍ സേവുകള്‍ക്കൊണ്ട് ‘വെങ്കല’ കോട്ട തീര്‍ത്ത പി ആര്‍ ശ്രീജേഷ്; കേരളത്തിന് ഇത് രണ്ടാമത്തെ ഒളിമ്പിക് മെഡല്‍

കരോള്‍ ടെയ്‌ലര്‍ അറിയപ്പെടുന്നത് തന്നെ കരാട്ടെ മുത്തശ്ശി എന്നാണ്. കരാട്ടെയിലെ ഫിഫ്ത് ഡിഗ്രി ബ്ലാക്ക് ബെല്‍റ്റാണ് ഇവര്‍ സ്വന്തമാക്കിയിരിക്കുന്നത്. പ്രായത്തെ വെല്ലുന്ന ആത്മവിശ്വാസവും ഉള്‍ക്കരുത്തുമുണ്ട് ഈ മുത്തശ്ശിക്ക്. ഇവരുടെ മുഖത്ത് വിരിയുന്ന പുഞ്ചിരിയില്‍ അത് പ്രതിഫിലിക്കുന്നുണ്ട്.

കൊച്ചുമക്കള്‍ കരാട്ടെ പരിശീലിക്കുന്നത് കണ്ടപ്പോഴാണ് റിട്ടയര്‍മെന്റ് ജീവിതത്തില്‍ കരാട്ടെ പഠിക്കാന്‍ ഈ മുത്തശ്ശി തീരുമാനിച്ചത്. അങ്ങനെ കുട്ടികള്‍ക്കൊപ്പം തന്നെ പരിശീലനവും നേടി. കരാട്ടെയിലെ ഫുട്ട്വര്‍ക്ക്, ഫോക്കസിങ്, ടാര്‍ഗറ്റിങ്, സ്റ്റാന്‍സസ് തുടങ്ങിയ എല്ലാ വിദ്യകളും കരാട്ടെ മുത്തശ്ശിക്കറിയാം. നിലവില്‍ നിരവധിപ്പേര്‍ക്ക് ഈ മുത്തശ്ശി പരിശീലനവും നല്‍കുന്നു.

Story highlights: Viral life story of Karate Grandma Carole