ഫിലിം ക്രിട്ടിക്സ് പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു- മികച്ച നടന്മാരായി പൃഥ്വിരാജും ബിജു മേനോനും; മികച്ച ചിത്രം ‘ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ’

September 13, 2021

കേരള ഫിലിം ക്രിട്ടിക്സ് 2020ലെ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. ജിയോ ബേബി സംവിധാനം ചെയ്ത ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചനാണ് മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ‘എന്നിവർ’ എന്ന ചിത്രം സംവിധാനം ചെയ്ത സിദ്ധാർഥ്‌ ശിവയാണ് മികച്ച സംവിധായകൻ. സച്ചി സംവിധാനം ചെയ്ത ‘അയ്യപ്പനും കോശിയും’ എന്ന ചിത്രത്തിലൂടെ മികച്ച നടന്മാരായി പൃഥ്വിരാജ് സുകുമാരനും ബിജു മേനോനും തെരഞ്ഞെടുക്കപ്പെട്ടു.

മികച്ച നടിക്കുള്ള പുരസ്കാരവും രണ്ടുപേർ ചേർന്നാണ് പങ്കിടുന്നത്. ജ്വാലാമുഖി എന്ന ചിത്രത്തിലെ അഭിനയത്തിന് സുരഭിലക്ഷ്മിയും, ആണും പെണ്ണും, വോൾഫ് എന്നീ ചിത്രങ്ങളിലൂടെ സംയുക്ത മേനോനും ആണ് മികച്ച നടിമാരായി തെരഞ്ഞെടുക്കപ്പെട്ടത്.

അസോസിയേഷന്‍ പ്രസിഡന്റും ജൂറി ചെയര്‍മാനുമായ ഡോ.ജോര്‍ജ് ഓണക്കൂറാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. തേക്കിന്‍കാട് ജോസഫ്, ബാലന്‍ തിരുമല, ഡോ.അരവിന്ദന്‍ വല്ലച്ചിറ, പ്രൊഫ ജോസഫ് മാത്യു പാലാ, സുകു പാല്‍ക്കുളങ്ങര, എ.ചന്ദ്രശേഖര്‍ എന്നിവരായിരുന്നു ജൂറിയംഗങ്ങള്‍. മൊത്തം 34 ചിത്രങ്ങളാണ് ജൂറിയുടെ പരിഗണനയിലെത്തിയത്.

സമഗ്രസംഭാവനകളെ മാനിച്ച് നല്‍കുന്ന ചലച്ചിത്രരത്‌നം പുരസ്‌കാരം മുതിര്‍ന്ന സംവിധായകന്‍ കെ. ജി. ജോര്‍ജിന് നല്‍കും. സിനിമാരംഗത്ത് വൈവിധ്യമാര്‍ന്ന സിനിമകളിലൂടെ 40 വര്‍ഷം തികയ്ക്കുന്ന സംവിധായകന്‍ കെ.ഹരികുമാറിന് ക്രിട്ടിക്സ് റൂബി ജൂബിലി അവാര്‍ഡ് സമ്മാനിക്കും.

മറ്റു പുരസ്‌കാരങ്ങൾ;

മികച്ച ബാലതാരം : മാസ്റ്റര്‍ സിദ്ധാര്‍ത്ഥ (ചിത്രം: ബൊണാമി) ,ബേബി കൃഷ്ണശ്രീ(ചിത്രം: കാന്തി)
മികച്ച തിരക്കഥാകൃത്ത് : സച്ചി (ചിത്രം:അയ്യപ്പനും കോശിയും)
പ്രത്യേക ജൂറി അവാര്‍ഡ്: വിശ്വനാഥ ബി നിര്‍മിച്ച് ഹരികുമാര്‍ സംവിധാനം ചെയ്ത ജ്വാലാമുഖി
മികച്ച ഗാനരചയിതാവ് : ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍ (ചിത്രം : രണ്ടാം നാള്‍)
മികച്ച പിന്നണി ഗായകന്‍ : പി.കെ.സുനില്‍കുമാര്‍ (ഗാനം : ശരിയേത് തെറ്റേത്, ചിത്രം: പെര്‍ഫ്യൂം)
മികച്ച ഛായാഗ്രാഹകന്‍ : അമല്‍ നീരദ് (ചിത്രം: ട്രാന്‍സ്)
മികച്ച ശബ്ദലേഖകന്‍ : റസൂല്‍ പൂക്കുട്ടി (ചിത്രം : ട്രാന്‍സ്)
അനുഷ്ഠാനകലയെ ആസ്പദമാക്കിയ മികച്ച ചിത്രം: പച്ചത്തപ്പ് (സംവിധാനം: അനു പുരുഷോത്ത്),ഉരിയാട്ട് (സംവിധാനം: കെ.ഭുവനചന്ദ്രന്‍)
മികച്ച സംസ്‌കൃതചിത്രം: ഭഗവദ്ദജ്ജുകം (സംവിധാനം യദു വിജയകൃഷ്ണന്‍)

മികച്ച നവാഗത പ്രതിഭ

നടന്‍: ആനന്ദ് റോഷന്‍ (ചിത്രം :സമീര്‍)
നടി: അഫ്സാന ലക്ഷ്മി (ചിത്രം: വെളുത്ത മധുരം)
സംവിധാനം : വിയാന്‍ വിഷ്ണു (ചിത്രം: ഏക് ദിന്‍)
സോദ്ദേശ്യചിത്രം: സമീര്‍ (സംവിധാനം റഷീദ് പാറയ്ക്കല്‍)
ഖോ ഖോ (സംവിധാനം; രാഹുല്‍ റിജി നായര്‍)

Story highlights- film critics awards 2020