മുപ്പതിനായിരത്തിലും അധികം വിലയുള്ള മുന്തിരിക്കുല; രുചിയിലും കേമന്‍

September 22, 2021
Ruby Roman

തലവാചകം വായിച്ച് നെറ്റി ചുളിക്കേണ്ട…സംഗതി സത്യമാണ്. മുപ്പതിനായിരത്തില്‍ അധികം വിലയുള്ള മുന്തിരിയുണ്ട്. അതായത് ഒരു മുന്തിരിക്കുലയുടെ വിലയാണ് മുപ്പതിനായിരത്തിലും അധികം. പറഞ്ഞുവരുന്നത് അപൂര്‍വ ഇനത്തില്‍പ്പെട്ട റൂബി റോമന്‍ മുന്തിരികളെക്കുറിച്ചാണ്. വിപണികളില്‍ ഏകദേശം മുപ്പതിനായിരത്തിലും അധികമാണ് ഈ മുന്തിരിക്ക് വില ഈടാക്കുന്നത്.

ജപ്പാനിലെ ഇഷിക്കാവാ എന്ന സ്ഥലത്ത് വിളയിച്ചെടുത്ത മുന്തിരിയില്‍ നിന്നുമാണ് ഈ അപൂര്‍വ മുന്തിരിപ്പഴങ്ങള്‍ ലഭിക്കുന്നത്. 2008 മുതല്‍ വിപണിയില്‍ എത്തിയതാണ് ഈ മുന്തിരി. വിലയ വിലയ്ക്ക് ലേലത്തില്‍ പോയ ചരിത്രവുമുണ്ട് ഈ ഇനത്തില്‍പ്പെട്ട മുന്തിരിക്ക്. 2019 ല്‍ നടത്തിയ ഒരു ലേലത്തില്‍ ഒരു കുല മുന്തിരി ലക്ഷക്കണക്കിന് രൂപയ്ക്കാണ് വിറ്റുപോയത്. അന്ന് മുതല്‍ വിപണിയില്‍ വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടതാണ് ഈ റൂബി റോമന്‍ മുന്തിരി. നിലവില്‍ ഒരു കുലയ്ക്ക് ഏകദേശം മുപ്പതിനായിരമാണ് ഈടാക്കുന്ന വില.

Read more: ഇതാണ് ലോകത്തിലെ ഏറ്റവും വിലയേറിയ അവോക്കാഡോ ടോസ്റ്റ്

വിലയില്‍ മാത്രമല്ല ഗുണത്തിന്റെ കാര്യത്തിലും മികച്ചതാണ് റൂബി റോമന്‍ മുന്തിരികള്‍. ചുവന്ന നിറത്തിലുള്ള ഈ മുന്തിരി സാധാരണ മുന്തിരിയേക്കാള്‍ അല്പം കൂടി വലിപ്പമുള്ളതാണ്. മധുരത്തിലും രുചിയിലുമെല്ലാം മികച്ചതാണ് ഈ റൂബി റോമന്‍ മുന്തിരികള്‍. തൂങ്ങിക്കിടക്കുന്ന കുലയില്‍ നിന്നും ഒരു മുന്തിരി മാത്രം എടുത്താലും ഇതിന്റെ ഭാരം ഏകേദശം 20 ഗ്രാമോളം വരാറുണ്ട്.

സമൂഹമാധ്യമങ്ങളില്‍ അടക്കം വലിയ രീതിയില്‍ പ്രചരിപ്പിക്കപ്പെട്ട ഈ മുന്തിരി പക്ഷെ വളരെ വിരളമായി മാത്രമേ കാണാറുള്ളു. ജപ്പാനിലെ ഇഷിക്കാവാ എന്ന സ്ഥലത്താണ് നിലവില്‍ ഈ മുന്തിരി കൃഷി ചെയ്യുന്നത്. എന്തായാലും ലോകത്തിലെത്തന്നെ ഏറ്റവും വിലയേറിയ പഴവര്‍ഗങ്ങളില്‍ ഒന്ന് കൂടിയാണ് റൂബി റോമന്‍ മുന്തിരികള്‍.

Story highlights: Ruby Roman grapes, a variety of fruit from Japan