പ്രായം ആറ് വയസ്സ്; രണ്ടാം ലോകമഹായുദ്ധത്തില്‍ പോരാടിയ കുട്ടി സൈനികന്‍

September 7, 2021
Six-year-old soldier who fought in WWII

പ്രായത്തെ വെല്ലുന്ന പ്രകടനങ്ങള്‍ക്കൊണ്ട് അതിശയിപ്പിയ്ക്കുന്ന ചില കുട്ടികളെക്കുറിച്ചുള്ള വാര്‍ത്തകളും വിശേഷങ്ങളുമെല്ലാം പലപ്പോഴും ശ്രദ്ധ ആകര്‍ഷിയ്ക്കാറുണ്ട്. പ്രത്യേകിച്ച് സമൂഹമാധ്യമങ്ങള്‍ കൂടുതല്‍ ജനപ്രിയമായതിന് പിന്നാലെ. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് രണ്ടാം ലോക മഹായുദ്ധത്തില്‍ പോരാടിയ ഒരു കുട്ടിയുണ്ട്. കേള്‍ക്കുമ്പോള്‍ കൗതുകം തോന്നുമെങ്കിലും ഈ കുട്ടി സൈനികന്റെ കഥ അത്ര നിസ്സാരമല്ല.

1939- മുതല്‍ 1945 വരെയായിരുന്നു രണ്ടാം ലോകമഹായുദ്ധം. നിരവധിപ്പേര്‍ കൊല്ലപ്പെട്ട യുദ്ധത്തില്‍ സോവിയറ്റ് റഷ്യയ്ക്കായി പോരാടിയ സൈനികരൂടെ കൂട്ടത്തിലുണ്ടായിരുന്ന കുട്ടിയാണ് സെര്‍ഗെയ് അലെഷ്‌കോവ്. അന്ന് അവന് പ്രായം ആറ് വയസ്. റെഡ് ആര്‍മിയുടെ കിഴക്കന്‍ റെജിമെന്റില്‍ ആയിരുന്നു സെര്‍ഗെയ് അലെഷ്‌കോവിന്റെ സേവനം. ജൂനിയര്‍ ലെഫ്റ്റനന്റ് സ്ഥാനം പോലും ഈ കുരുന്നിന് നല്‍കപ്പെട്ടു.

യുദ്ധം തുടങ്ങുന്നതിന് മുന്‍പേ അലെഷ്‌കോവിന്റെ അച്ഛന്‍ മരിച്ചിരുന്നു. യുദ്ധത്തിന്റെ സമയത്ത് അമ്മയേയും സഹോദരനേയും ജര്‍മ്മന്‍ പട്ടാളം വെടിവെച്ചുകൊന്നു. അതും ആ ആറ് വയസ്സുകാരന്റെ മുന്നില്‍വെച്ച് തന്നെ. അലെഷ്‌കോവ് കരഞ്ഞുകൊണ്ട് ഓടി. ചെന്നെത്തിയതാവട്ടെ റഷ്യന്‍ റെഡ് ആര്‍മിയുടെ ഗാര്‍ഡ്‌സ് റൈഫിള്‍സിന്റെ ഭടന്മാര്‍ക്ക് മുന്നില്‍. കമാന്റര്‍ ആയ മിഖായിലിന് ആ അനാഥബാലനോട് കരുണ തോന്നി. അങ്ങനെ പട്ടാള ക്യാമ്പിലേയ്ക്ക് അവനെ ദത്തെടുത്ത് വളര്‍ത്താന്‍ തീരുമാനിച്ചു.

Read more: അച്ഛന്റെ മുഖം വരച്ച് മകള്‍ ഒരുക്കിയ പിറന്നാള്‍ സമ്മാനം: വൈറലായി ചിത്രം

ക്യാമ്പില്‍ ആയിരുന്നെങ്കിലും തന്നെക്കൊണ്ട് സാധിക്കുന്ന ചെറിയ ചെറിയ പണികളെല്ലാം അലെഷ്‌കോവ് ചെയ്തു. യുദ്ധത്തില്‍ പരിക്കേറ്റ മിഖായിലിനെ ഒരിക്കല്‍ രക്ഷിക്കാന്‍ ആ ആറ് വയസ്സുകാരന്‍ വളരെ വലിയ ശ്രമം നടത്തി. അതിന് അവന് പ്രത്യേക മെഡല്‍ പോലും നല്‍കപ്പെട്ടു. പെരുമാറ്റം മികച്ചതായതുകൊണ്ട് സൈനികര്‍ക്ക് പ്രിയപ്പെട്ടവനായി മാറി അലെഷ്‌കോവ്. സൈനിക സ്‌കൂളില്‍ ചേര്‍ന്ന് പഠനമൊക്കെ നടത്തിയെങ്കിലും അനാരോഗ്യകരമായ ജീവിതശൈലിയാണ് കൗമാരത്തില്‍ അലെഷ്‌കോവ് പിന്‍തുടര്‍ന്നത്. നിയമദ്ധില്‍ ബിരുദം നേടിയിട്ടുണ്ട് അലെഷ്‌കോവ്. ഹൃദയാഘാതത്തെ തുര്‍ന്ന് തന്റെ അന്‍പത്തിനാലാം വയസ്സലാണ് അദ്ദേഹം മരണപ്പെട്ടത്.

Story highlights: Six-year-old soldier who fought in WWII