ഐപിഎലിന് ശേഷം റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ നായക സ്ഥാനത്തോട് വിടപറയുമെന്ന് കോലി

September 20, 2021
Virat Kohli to step down as RCB captain after IPL 2021

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് പതിനാലാം സീസണ്‍ പുനഃരാരംഭിച്ചതോടെ വീണ്ടും കായികലോകത്ത് ക്രിക്കറ്റ് ആവേശം അലയടിക്കുകയാണ്. ഇതിനിടെ ആരാധകരെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ നായകന്‍ വിരാട് കോലിയുടെ പ്രഖ്യാപനം. ഈ ഐപിഎലിനു ശേഷം ബാഗ്ലൂരിന്റെ ക്യാപ്റ്റന്‍ സ്ഥാനത്തോട് വിടപറയുമെന്നാണ് താരം വ്യക്തമാക്കിയിരിക്കുന്നത്.

‘റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ക്യാപ്റ്റന്‍ എന്ന നിലയില്‍ ഇത് എന്റെ അവസാനത്തെ ഐപിഎല്‍ ആയിരിക്കും. എന്നാല്‍ ആര്‍സിബി കളിക്കാരനായി തുടരും’ എന്നാണ് കോലി പറഞ്ഞത്. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ടീം ഇത് വ്യക്തമാക്കുന്ന പത്രക്കുറിപ്പും പുറത്തുവിട്ടിട്ടുണ്ട്. 2013-ലാണ് വിരാട് കോലി റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ നായകസ്ഥാനത്തെത്തുന്നത്.

അതേസമയം അടുത്തിടെ മറ്റൊരു വിടവാങ്ങല്‍ പ്രഖ്യാപനവും കോലി നടത്തിയിരുന്നു. ടി20 നായക സ്ഥാനത്ത് നിന്നും താരം ഒഴിയാന്‍ തീരുമാനിച്ചു. യുഎഇയില്‍ അടുത്ത മാസം ആരംഭിയ്ക്കുന്ന ടി20 ലോകകപ്പിന് ശേഷമായിരിക്കും താരം ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനം ഒഴിയുക. എന്നാല്‍ ഏകദിനത്തിലും ടെസ്റ്റിലും നായക സ്ഥാനത്ത് തുടരും എന്നും വിരാട് കോലി വ്യക്തമാക്കിയിട്ടുണ്ട്. ജോലിഭാരം മൂലമാണ് ഇത്തരമൊരു ഒഴിവാകല്‍ എന്നും വിരാട് കോലി പങ്കുവെച്ച കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു.

Story highlights: Virat Kohli to step down as RCB captain after IPL 2021