‘എസ്ര’യുടെ ബോളിവുഡ് റീമേക്കിൽ പൃഥ്വിരാജിന്റെ വേഷത്തിൽ ഇമ്രാൻ ഹാഷ്മി- ശ്രദ്ധനേടി ടീസർ

October 19, 2021

മലയാളത്തിൽ ഹിറ്റായ ഹൊറർ ത്രില്ലർ ‘എസ്ര’യുടെ ബോളിവുഡ് റീമേക്ക് റിലീസിന് ഒരുങ്ങുകയാണ്. നിരവധി ഹൊറർ ചിത്രങ്ങളിൽ അഭിനയിച്ച ഇമ്രാൻ ഹാഷ്മിയാണ് ‘ഡിബുക്ക്’ എന്ന് പേരുനൽകിയിരിക്കുന്ന ചിത്രത്തിൽ വേഷമിട്ടിരിക്കുന്നത്. മാനവ് കൗൾ, നികിത ദത്ത എന്നിവരും അഭിനയിച്ച ഈ ചിത്രം പൃഥ്വിരാജ് സുകുമാരൻ നായകനായി അഭിനയിച്ച മലയാളം ഹൊറർ ചിത്രം എസ്രയുടെ ഹിന്ദി റീമേക്കാണ്.

ചിത്രത്തിന്റെ ടീസർ നിർമ്മാതാക്കൾ പുറത്തുവിട്ടു. ഇതിവൃത്തത്തെക്കുറിച്ച് ടീസർ കൂടുതൽ വെളിപ്പെടുത്തുന്നില്ലെങ്കിലും ഹൊറർ ചിത്രമെന്ന സൂചന നൽകുന്നുണ്ട്. പൃഥ്വിരാജ് അവതരിപ്പിച്ച വേഷത്തിലാണ് ഇമ്രാൻ ഹാഷ്മി എത്തുന്നത്. ആമസോൺ പ്രൈം റിലീസായി ഒക്ടോബർ 29ന് ചിത്രം പ്രേക്ഷകരിലേക്ക് എത്തും. അതേസമയം, മലയാളത്തിൽ ജയ്‌ കൃഷ്ണയാണ് ചിത്രം സംവിധാനം ചെയ്തത്.

പരസ്യ മേഖലയില്‍ നിന്നും സിനിമാ രംഗത്തെത്തിയ ജയ് കൃഷ്ണയുടെ ആദ്യ ചിത്രമായിരുന്നു എസ്ര. ബോക്‌സ് ഓഫീസില്‍ 50 കോടിക്ക് മേല്‍ കളക്ഷന്‍ നേടിയ ചിത്രം കൂടിയാണ് എസ്ര. ചിത്രം ഹിന്ദിയിലേയ്ക്ക് ഒരുക്കുന്നതും ജയ് കൃഷ്ണയാണ്.ദൃശ്യം എന്ന മലയാള സിനിമ ഹിന്ദിയിലേയ്ക്ക് റീമേക്ക് ചെയ്ത പനോരമ സ്റ്റുഡിയോസ് തന്നെയാണ് ഈ ചിത്രവും ഹിന്ദിയിലേക്ക് എത്തിക്കുന്നതും.

Read More: ‘യാത്ര’യ്ക്ക് ശേഷം മമ്മൂട്ടി വീണ്ടും തെലുങ്കിലേക്ക്; ഇത്തവണ അഖിൽ അക്കിനേനിക്ക് ഒപ്പം

2017 ലാണ് എസ്ര തീയറ്ററുകളിലെത്തിയത്. മലയാളത്തില്‍ പ്രിയ ആനന്ദായിരുന്നു നായികാ കഥാപാത്രമായെത്തിയത. ടൊവിനോ, സുദേവ് നായര്‍, വിജയ രാഘവന്‍, ബാബു ആന്റണി തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ വിവിധ കഥാപാത്രങ്ങളായെത്തി.

Story highlights- dybbuk teaser