‘അബ്ബ മോൻ എവിടെ?’- മകനൊപ്പമുള്ള രസകരമായ വിഡിയോ പങ്കുവെച്ച് സൗബിൻ ഷാഹിർ
സമൂഹമാധ്യമങ്ങളിൽ രസകരമായ ചിത്രങ്ങളും കുടുംബ വിശേഷങ്ങളുമെല്ലാം പതിവായി പങ്കുവയ്ക്കാറുണ്ട് നടൻ സൗബിൻ ഷാഹിർ. മകൻ ഒർഹാനാണ് സൗബിന്റെ ഇൻസ്റ്റാഗ്രാം പേജിൽ നിറഞ്ഞുനിൽക്കാറുള്ളത്. ഇപ്പോഴിതാ, മകന്റെ ഒരു ക്യൂട്ട് വിഡിയോയാണ് സൗബിൻ പങ്കുവെച്ചിരിക്കുന്നത്.
‘അബ്ബ മോൻ എവിടെ?’ എന്ന് ചോദിച്ചുകൊണ്ട് കുഞ്ഞിനെ കളിപ്പിക്കുകയാണ് സൗബിൻ. ഇടക്ക് ഓരോ ചോദ്യങ്ങളും ചോദിക്കുന്നുണ്ട് നടൻ. അതിനെല്ലാം ചിരിയോടെ കുഞ്ഞ് ഓർഹാൻ മറുപടിയും നൽകുന്നുണ്ട്. ഭാര്യ ജാമിയക്കും മകൻ ഒർഹാനും ഒപ്പമുള്ള ചിത്രങ്ങൾ എപ്പോഴും പങ്കുവയ്ക്കാറുണ്ട് നടൻ. 2017 ഡിസംബർ 16നായിരുന്നു ജാമിയയും സൗബിനും വിവാഹിതരായത്.
നടനായും സംവിധായകനായും മലയാളികളുടെ മനസ്സ് കീഴടക്കിയ കലാകാരനാണ് സൗബിൻ ഷാഹിർ. വർഷങ്ങളോളം സിനിമയുടെ പിന്നാമ്പുറങ്ങളിൽ ചെറുതും വലുതുമായ നിരവധി ജോലികൾ ചെയ്ത സൗബിൻ ഇന്ന് മലയാള സിനിമയിലെ മൂല്യമേറിയ താരങ്ങളിൽ ഒരാളാണ്.
അതേസമയം, ഇക്ബാൽ കുറ്റിപ്പുറത്തിന്റെ തിരക്കഥയിൽ ലാൽ ജോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് സൗബിൻ ഏറ്റവും ഒടുവിൽ വേഷമിട്ടത്. മ്യാവു എന്നാണ് ചിത്രത്തിന്റെ പേര്. ദസ്ത്ഗീർ, സുലേഖ എന്നീ ദമ്പതികളെ ചുറ്റിപ്പറ്റിയാണ് ചിത്രം. സൗബിൻ ഷാഹിറും മംമ്ത മോഹൻദാസുമാണ് ഈ വേഷങ്ങളിൽ എത്തുന്നത്, കോളേജ് ജീവിതത്തിന് ശേഷം ആലുവ സ്വദേശിയായ ദസ്ത്ഗീർ ദുബായിൽ സ്ഥിരതാമസമാക്കുന്നതും തുടർന്നുള്ള സംഭവങ്ങളുമാണ് ചിത്രം പങ്കുവയ്ക്കുന്നത്.
Read More: ഹിമാചൽ മഞ്ഞുമലകളിലൂടെ ദുൽഖർ സൽമാന്റെ കാർ റൈഡ്- വിഡിയോ
ഇവർക്ക് പുറമെ, സലിം കുമാറും ഒരു റഷ്യൻ നടിയും പ്രധാന വേഷങ്ങളിൽ എത്തും. തണ്ണീർമത്തൻ ദിനങ്ങളിലൂടെയും, ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ചിത്രത്തിലൂടെയും ശ്രദ്ധേയനായ ജസ്റ്റിൻ വർഗീസാണ് ലാൽ ജോസ് ചിത്രത്തിന്റെയും സംഗീതം ഒരുക്കുന്നത്. ദിലീഷ് പോത്തൻ സംവിധാനം ചെയ്ത ജോജി എന്ന ഫഹദ് ഫാസിൽ ചിത്രത്തിനും സംഗീതം ഒരുക്കുന്നത് ജസ്റ്റിനാണ്. സിദ്ധാർത്ഥ് ഭരതന്റെ ജിന്ന് എന്ന ചിത്രത്തിലാണ് ഇനി നടൻ വേഷമിടുന്നത്.
Story highlights- soubin shahir sharing son orhan’s cute video