ജയ് ഭീമിലെ സെൻഗിണി, യഥാർത്ഥ ജീവിതത്തിലെ പാർവതിയമ്മയ്ക്ക് പത്ത് ലക്ഷം രൂപയുടെ കരുതലുമായി നടൻ സൂര്യ

November 15, 2021

തെന്നിന്ത്യൻ സിനിമ ആസ്വാദകർക്കിടയിൽ ഏറെ കൈയടിനേടിയതാണ് സൂര്യ നായകനായി എത്തിയ ജയ് ഭീം എന്ന ചിത്രം. സംവിധായകൻ ജ്ഞാനവേൽ ഒരുക്കിയ ചിത്രം 1993ൽ നടന്ന ഒരു യഥാർത്ഥ സംഭവകഥയെ ആസ്പദമാക്കിയുള്ളതാണ്. ലോക്കപ്പ് മർദനത്തിൽ കൊല്ലപ്പെട്ട ഇരുളർ സമുദായത്തിൽപ്പെട്ട രാജാക്കണിന്റെ നീതിക്കായി പോരാടുന്ന അദ്ദേഹത്തിന്റെ ഭാര്യ സെൻഗിണിയുടെയും അവർക്ക് സഹായമായി എത്തുന്ന അഭിഭാഷകന്റെയും ജീവിതവും അവർ നേരിടുന്ന പ്രതിസന്ധികളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.

സെൻഗിണി എന്ന കഥാപാത്രം യഥാർത്ഥത്തിൽ പാർവതി അമ്മാൾ എന്ന സ്ത്രീയുടെ ജീവിതത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് ഒരുക്കിയതാണ്. ചെയ്യാത്ത കുറ്റത്തിന് പീഡിപ്പിക്കപ്പെടുകയും കൊലചെയ്യപ്പെടുകയും ചെയ്ത ഭർത്താവിന്റെ നീതിക്കായി പോരാടിയ പാർവതിയമ്മ പക്ഷെ യഥാർത്ഥ ജീവിതത്തിൽ ഇന്നും ദുരിതക്കയത്തിലാണ്. ഇപ്പോഴിതാ പാർവതിയമ്മയ്ക്ക് പത്ത് ലക്ഷം രൂപയുടെ സഹായവുമായി എത്തുകയാണ് ചിത്രത്തിൽ അഭിഭാഷകന്റെ വേഷത്തിലെത്തിയ നടൻ സൂര്യ.

Read also: നീണ്ട ഇടവേളയ്ക്ക് ശേഷം ആ ദിനങ്ങൾ വീണ്ടും വരുന്നു; കുഞ്ഞെൽദോ ടീസർ

നേരത്തെ പാർവതിയമ്മയുടെ യഥാർത്ഥ ജീവിതം അറിഞ്ഞ നടനും സംവിധായകനും കൊറിയോഗ്രാഫറുമായ രാഘവ ലോറൻസ് പാർവതി അമ്മയ്ക്ക് വീട് വെച്ച് നൽകുമെന്ന് പ്രഖ്യാപിച്ചിരുന്നു. അതിന് പിന്നാലെയാണ് പാർവതിയമ്മയ്ക്ക് സഹായവുമായി സൂര്യ എത്തുന്നത്. ചിത്രത്തിൽ നീതിയ്ക്ക് വേണ്ടി പോരാടുന്ന ചന്ദ്രു എന്ന അഭിഭാഷകന്റെ വേഷത്തിലാണ് സൂര്യ എത്തുന്നത്. ചിത്രത്തിൽ സെൻഗിണിയായി വേഷമിട്ടത് മലയാളി നടി ലിജോ മോളാണ്. സെൻഗിണിയായു മികച്ച പ്രകടനമാണ് ലിജോമോൾ കാഴ്ചവെച്ചത്.

Story highlights: Suriya Donates Rs 10 Lakhs to Late Rajakannu’s Wife Parvathy