കുറുപ്പിലെ ദുൽഖർ സൽമാന്റെ രസകരമായ എൻട്രി സീൻ- ശ്രദ്ധനേടി വിഡിയോ

December 27, 2021

നടൻ ദുൽഖർ സൽമാൻ നായകനായി ഏറെക്കാലമായി കാത്തിരുന്ന മലയാളം ത്രില്ലർ ചിത്രമാണ് കുറുപ്പ്. തിയേറ്ററുകളിൽ നവംബർ 12 ന് എത്തിയ ചിത്രം വിജയകരമായി പ്രദർശനം തുടരുകയാണ്. അതോടൊപ്പം തന്നെ നെറ്റ്ഫ്ലിക്സിലും ചിത്രമെത്തി. ശ്രീനാഥ്‌ രാജേന്ദ്രനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ദുൽഖറിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ബഡ്ജറ്റിൽ ഒരുങ്ങിയ ചിത്രത്തിന്റെ മുടക്കുമുതൽ 35 കോടിയാണ്. ഇപ്പോഴിതാ, ചിത്രത്തിലെ ദുൽഖർ സൽമാന്റെ എൻട്രി സീൻ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ.

സണ്ണി വെയ്‌നൊപ്പമുള്ള രസകരമായ രംഗമാണ് ശ്രദ്ധനേടുന്നത്. ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫറെർ ഫിലിംസും എം സ്റ്റാർ എന്റർടൈൻമെൻറ്സും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.  മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലാണ് ചിത്രം എത്തിയിരിക്കുന്നത്.

Read More: ആലിയുടെ കവിതകൾ ഇനി പുസ്തകരൂപത്തിൽ- മകൾക്കായി സുപ്രിയ ഒരുക്കിയ ക്രിസ്മസ് സമ്മാനം

ജിതിൻ കെ ജോസ് കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ഡാനിയേൽ സായൂജ് നായരും കെ എസ് അരവിന്ദും ചേർന്നാണ്. നിമിഷ് രവി ഛായാഗ്രഹണവും സുഷിൻ ശ്യാം സംഗീത സംവിധാനവും നിർവഹിക്കുന്നു. മൂത്തോൻ എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് അരങ്ങേറ്റം കുറിച്ച ശോഭിത ധുലിപാലയാണ് ചിത്രത്തിലെ നായിക. ഇന്ദ്രജിത് സുകുമാരൻ, സണ്ണി വെയ്ൻ, ഷൈൻ ടോം ചാക്കോ, വിജയരാഘവൻ, പി ബാലചന്ദ്രൻ, സുരഭി ലക്ഷ്മി, ശിവജിത് പദ്മനാഭൻ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

Story highlights- dulquer salmaan’s entry scene from kurup