ഫൈനൽ ടിക്കറ്റിന് ആദ്യദിനം ഒന്നരലക്ഷം അപേക്ഷകർ; കൊവിഡ് ഒമിക്രോൺ ആശങ്കൾക്കിടയിലും ലോകകപ്പിനായൊരുങ്ങി ഖത്തർ

January 22, 2022

ലോകകപ്പ് വേദിയായി പ്രഖ്യാപിച്ച നാൾ മുതൽ ആവേശത്തോടെയാണ് ഖത്തർ അതിന് വേണ്ടി ഒരുങ്ങിയിരുന്നത്. വലിയ തയ്യാറെടുപ്പുകൾ വർഷങ്ങൾക്ക് മുൻപ് തന്നെ തുടങ്ങിയിരുന്ന ഖത്തറിന് കൊവിഡ് ഒമിക്രോൺ ഭീഷണികൾ വലിയ ആശങ്ക സൃഷ്ടിച്ചിരുന്നു. എന്നാൽ ടിക്കറ്റ് വിൽപ്പനയ്ക്ക് ആദ്യദിനമുണ്ടായ പ്രതികരണം വീണ്ടും ഖത്തർ ലോകകപ്പിനെ ആവേശത്തിന്റെ കൊടുമുടിയിൽ എത്തിച്ചിരിക്കുകയാണ്.

ലോകകപ്പ് ടിക്കറ്റ് വിൽപന ആരംഭിച്ച ആദ്യദിനം 12 ലക്ഷത്തോളം അപേക്ഷകൾ ഓൺലൈനിലൂടെ ലഭിച്ചു. ഖത്തറിൽ നിന്ന് തന്നെ ഏറ്റവും കൂടുതൽ അപേക്ഷകരുണ്ടായപ്പോൾ, അപേക്ഷകരുടെ കാര്യത്തിൽ രണ്ടാം സ്ഥാനത്തുള്ളത് ലോകഫുട്ബോളിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ടീമുകളിലൊന്നായ അര്‍ജന്റീനയാണ്. ഓൺലൈൻ ടിക്കറ്റിനായി അപേക്ഷിച്ചവരുടെ എണ്ണത്തിൽ ഇന്ത്യ ഏഴാം സ്ഥാനത്താണ്.

ഈ വർഷം നവംബർ 21 ന് നടക്കുന്ന ഉദ്ഘാടന മത്സരത്തിനുള്ള ടിക്കറ്റിനായി 80,000 പേരുടെ ഓൺലൈൻ അപേക്ഷ എത്തിയപ്പോൾ ഏറ്റവും കൂടുതൽ ആളുകൾ അപേക്ഷിച്ചത് ഫൈനലിനുള്ള ടിക്കറ്റിനായാണ്. ഒന്നര ലക്ഷത്തോളം അപേക്ഷകളാണ് ഫൈനലിനായി ലഭിച്ചിട്ടുള്ളത്. ഡിസംബർ 18 നാണ് ഫൈനൽ മത്സരം നടക്കുന്നത്.

Read More: ദാസന്റെയും വിജയന്റെയും മക്കൾ ദുബായ് കടപ്പുറത്ത്- ശ്രദ്ധേയമായി വിനീത് പങ്കുവെച്ച ചിത്രം

ഈ മാസം 19 ന് ആരംഭിച്ച ടിക്കറ്റ് വില്പന ഫെബ്രുവരി 8 വരെ തുടരും. ലോകകപ്പിലെ 64 മത്സരങ്ങൾക്കായുള്ള 10 ലക്ഷം ടിക്കറ്റുകളാണ് ആദ്യഘട്ടം കാണികൾക്ക് നൽകിയിട്ടുള്ളത്. 30 ലക്ഷം ടിക്കറ്റുകളാണ് മുഴുവൻ മത്സരങ്ങൾക്കായുള്ളത്. ഫെബ്രുവരി 8 ന് ഉച്ചയ്ക്ക് 1 മണി വരെ ലഭിക്കുന്ന അപേക്ഷകളിൽ നിന്നും നറുക്കെടുപ്പിലൂടെയാണ് ടിക്കറ്റിനർഹരാവുന്നവരെ തിരഞ്ഞെടുക്കുന്നത്.

ഈ വർഷം നവംബർ 21 മുതൽ ഡിസംബർ 18 വരെയാണ് ഖത്തറിൽ ലോകകപ്പ് നടക്കുന്നത്.

Story Highlights: Online Ticket sales open for 2022 Qatar World Cup