ഒരു കോൺഫറൻസ് റൂമിൽ മാത്രം ചിത്രീകരിച്ച സിനിമ- റിലീസിനൊരുങ്ങി വിനീത് കുമാർ നായകനായ ‘ദ സസ്‌പെക്ട് ലിസ്റ്റ്’

January 4, 2022

മലയാളികളുടെ ഇഷ്ടംകവർന്ന നടനാണ് വെള്ളാരംകണ്ണുമായി അഭിനയലോകത്തേക്ക് എത്തിയ വിനീത് കുമാർ. കലോത്സവ വേദിയിൽ നിന്നും കലാപ്രതിഭയായി വെള്ളിത്തിരയിലേക്ക് എത്തിയ വിനീത് അയാൾ ഞാനല്ല എന്ന സിനിമയിലൂടെ സംവിധാനരംഗത്തേക്കും ചുവടുവെച്ചിരുന്നു. ഇപ്പോഴിതാ, വീണ്ടും സിനിമയിൽ സജീവമാകുകയാണ് താരം.

ഇർഫാൻ കമാൽ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന “ദ സസ്‌പെക്ട് ലിസ്റ്റ്” എന്ന പരിപൂർണ്ണ പരീക്ഷണ ചിത്രത്തിൽ നടനും സംവിധായകനും ആയ വിനീത് കുമാറാണ് കേന്ദ്ര കഥാപാത്രമായി എത്തുന്നത്. സിനിമയുടെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ എത്തി. സംവിധായകരായ പ്രശാന്ത് മുരളി, ജിയോ ബേബി, തരുൺ മൂർത്തി, എന്നിവരും നടിമാരായ ദീപ്തി സതി, റീനു മാത്യൂസ് എന്നിവരും ഫേസ്ബുക്ക് പേജുകളിലൂടെയാണ് ഫസ്റ്റ് ലുക്ക് പുറത്തുവിട്ടത്. സിനിമ ഒരുക്കുന്ന സംവിധായകന് ആശംസകൾ അറിയിച്ചു കൊണ്ട് ബോളിവുഡ് നടൻ അസീം അലി ഖാൻ, നിഷാന്ത് സാഗർ, പ്രശസ്ത നാടക നടൻ മഞ്ജുളൻ തുടങ്ങിയവരും പോസ്റ്റർ ഷെയർ ചെയ്തു.

രണ്ടു മണിക്കൂർ ദൈർഖ്യമുള്ള സിനിമ പൂർണമായും ഒരു കോൺഫറൻസ് റൂമിൽ ചിത്രീകരിച്ചിരിക്കുന്നു.ഒരു സിനിമ പൂർണമായും ഒരു മുറിയിൽ മാത്രം ഒതുങ്ങി നിൽക്കുന്ന കഥകൾ, മലയാള സിനിമകളിൽ അധികം ഇറങ്ങിയിട്ടില്ലെങ്കിലും ലോക സിനിമകളിൽ എന്നും വിസ്മയമാവാറുണ്ട്.

Read Also: ‘ആടാം, പാടാം..’; ആഘോഷമായൊരു പാട്ട്- ‘മധുര’ത്തിലെ ഗാനം

പോസ്റ്റ്‌ പ്രൊഡക്ഷൻ ജോലികൾ അവസാന ഘട്ടത്തിൽ പുരോഗമിക്കുന്ന സിനിമ ഉടൻ തന്നെ റിലീസ് പ്രതീക്ഷിക്കാമെന്നു അണിയറ പ്രവർത്തകർ പറയുന്നു. ക്യാമറ മനുനാഥ്‌ പള്ളിയാടി, എഡിറ്റിങ് സുനേഷ് സെബാസ്റ്റ്യൻ, മ്യൂസിക് അജീഷ് ആന്റോ എന്നിവർ ചെയ്തിരിക്കുന്ന ചിത്രത്തിൽ വിനീതിനോടൊപ്പം ഏഴു പുതുമുഖങ്ങൾ അണിനിരക്കുന്നു.പി. ആർ.ഒ. ബിനു ബ്രിങ്ഫോർത്ത്.

Story highlights- vineeth kumar in ‘the suspect list’ movie