ധോണിക്കും രവി ശാസ്ത്രിക്കും നന്ദി; ടെസ്റ്റ് ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞ് വിരാട് കോഹ്ലി
ഇന്ത്യൻ ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച നായകന്മാരിലൊരാളായ വിരാട് കോഹ്ലി ദേശീയ ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞു. സൗത്ത് ആഫ്രിക്കയുമായി നടന്ന ടെസ്റ്റ് സീരീസ് ഇന്ത്യ 2-1 ന് പരാജയപ്പെട്ടതിന് ശേഷമാണ് കോഹ്ലി ക്യാപ്റ്റൻ സ്ഥാനം ഒഴിയുന്നതായി പ്രഖ്യാപിച്ചത്. ട്വിറ്റെർ, ഇൻസ്റ്റാഗ്രാം ഹാൻഡിലുകളിലൂടെ ആണ് കോഹ്ലി അപ്രതീക്ഷിതമായി ആരാധകരെ തന്റെ തീരുമാനം അറിയിച്ചത്. തൻറെ മുൻഗാമിയായ എം എസ് ധോണിക്കും മുൻ ഇന്ത്യൻ കോച്ച് രവി ശാസ്ത്രിക്കും നന്ദി രേഖപ്പെടുത്തി കൊണ്ടാണ് കോഹ്ലി തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്.
‘എന്റെ രാജ്യത്തെ നയിക്കാൻ ഇത്രയും നാൾ എനിക്കവസരം തന്ന ബിസിസിയ്ക്ക് നന്ദി.ഈ ടീമിനെ കുറിച്ച് എനിക്കുണ്ടായിരുന്ന സ്വപ്നങ്ങൾ യാഥാർഥ്യമാക്കാൻ ആദ്യനാൾ മുതൽ പ്രയത്നിക്കുകയും ഒരവസരത്തിലും പ്രതീക്ഷ കൈവിടാതിരിക്കുകയും ചെയ്ത എന്റെ ടീം മേറ്റ്സിനും നന്ദി. നിങ്ങൾ ആണ് ഈ യാത്ര മനോഹരം ആക്കിയത്. ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യയെ മുന്നോട്ട് നയിക്കാനുള്ള സ്വപ്നം യാഥാർഥ്യം ആക്കുന്നതിന് ഏറ്റവും വലിയ പങ്ക് വഹിച്ച രവി ഭായിക്കും കൂടെയുള്ളവർക്കും നന്ദി. അവസാനമായി ഒരു ക്യാപ്റ്റൻ എന്ന നിലയിലും ഇന്ത്യൻ ക്രിക്കറ്റിനെ മുന്നോട്ട് നയിക്കാൻ കഴിയുന്ന ഒരു കളിക്കാരൻ എന്ന നിലയിലും എന്നിൽ വിശ്വാസം അർപ്പിച്ച എം എസ് ധോണിക്കും ഒരു വലിയ നന്ദി.’ കോഹ്ലി തന്റെ സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ കുറിച്ചു.
Read More: ഗോവിന്ദ് വസന്തയുടെ സംഗീതത്തിൽ ദുൽഖറിന്റെ ആലാപനം; ‘ഹേ സിനാമിക’യിലെ ഗാനം പുറത്ത്
ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച ക്യാപ്റ്റൻ എന്ന് പേരെടുത്തതിന് ശേഷമാണ് വിരാട് കോഹ്ലി സ്ഥാനം ഒഴിയുന്നത്. 68 ടെസ്റ്റുകളിൽ ഇന്ത്യയെ നയിച്ച കോഹ്ലി അതിൽ 40 എണ്ണത്തിലും ടീമിനെ വിജയത്തിലേക്ക് നയിച്ചു. നേരത്തെ സെപ്റ്റംബറിൽ കോഹ്ലി T-20 ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞിരുന്നു. നിലവിൽ ഏകദിനത്തിൽ രോഹിത് ശർമ്മയാണ് ഇന്ത്യയെ നയിക്കുന്നത്.
Story Highlights: Virat Kohli steps down as India Test Captain