ഞാനും എന്റെ ബജാജ് സണ്ണിയും; വീണ്ടും ശ്രദ്ധനേടി ദിവ്യ ഉണ്ണി പങ്കുവെച്ച ചിത്രം

February 1, 2022

മലയാളികളുടെ ഇഷ്ടനടിയാണ് ദിവ്യ ഉണ്ണി. നൃത്തത്തിലും അഭിനയത്തിലും ഒരുപോലെ തിളങ്ങിയ ദിവ്യ ഉണ്ണി വിവാഹത്തോടെ സിനിമാലോകത്തു നിന്നും അപ്രത്യക്ഷമായി.  സിനിമയില്‍ സാന്നിധ്യമറിയിക്കുന്നില്ലെങ്കിലും സമൂഹ മാധ്യമങ്ങളിൽ സജീവമാണ് ഇപ്പോഴും ദിവ്യ ഉണ്ണി. നൃത്തവേദികളിലും താരം നിറസാന്നിധ്യമാണ്.  ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നത് ദിവ്യ ഉണ്ണി പങ്കുവെച്ച ഒരു പഴയ കാല ചിത്രമാണ്.

‘ഞാനും എന്റെ ബജാജ് സണ്ണിയും’ എന്ന ക്യാപ്‌ഷനോടെ ടുവീലറിൽ ഇരിക്കുന്ന ദിവ്യ ഉണ്ണിയുടെ സ്കൂൾ കാലഘട്ടത്തിലെ ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്. സ്കൂൾ യൂണീഫോമിൽ ഇരുചക്രവാഹനത്തിൽ ഇരിക്കുന്ന തങ്ങളുടെ പഴയകാല താരത്തിന് മികച്ച കമന്റുകളുമായി നിരവധിപ്പേരും എത്തുന്നുണ്ട്. പഴയകാല ചിത്രങ്ങളുമായി സമൂഹമാധ്യമങ്ങൾ നിറഞ്ഞുനിൽക്കുന്ന താരം പങ്കുവയ്ക്കുന്ന ഓരോ ചിത്രങ്ങളും വലിയ രീതിയിൽ ശ്രദ്ധിക്കപ്പെടാറുണ്ട്. അത്തരത്തിൽ ഈ ചിത്രത്തെയും ഏറ്റെടുത്തുകഴിഞ്ഞു സോഷ്യൽ മീഡിയ സുഹൃത്തുക്കൾ.

Read also: മമ്മൂട്ടിയുടെ അമുദനെ ഹൃദയത്തിലേറ്റിയ സിനിമ ആസ്വാദകർക്ക് പുതിയ ചിത്രവുമായി റാം; നായകനായി നിവിൻ പോളി

അതേസമയം തൊണ്ണൂറുകളിൽ വെള്ളിത്തിരയിൽ തിളങ്ങിയ ദിവ്യ ഉണ്ണി മോഹൻലാൽ, മമ്മൂട്ടി, ജയറാം, സുരേഷ് ഗോപി തുടങ്ങിയ മലയാള സിനിമയിലെ മുൻനിര നായകന്മാർക്കൊപ്പം അഭിനയിച്ച താരമാണ് ദിവ്യ ഉണ്ണി. മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക് എന്നീ ഭാഷകളിലായി ഏകദേശം 50 സിനിമകളിൽ ദിവ്യ ഉണ്ണി അഭിനയിച്ചിട്ടുണ്ട്. എന്റെ മാമാട്ടിക്കുട്ടിയമ്മയ്ക്ക് എന്ന ചിത്രത്തിൽ ഭരത് ഗോപിയുടെ മകളായി അഭിനയിച്ചുകൊണ്ടാണ് ദിവ്യ ഉണ്ണി മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. രണ്ടാം ക്ലാസിൽ പഠിക്കുമ്പോൾ നീ എത്ര ധന്യ എന്ന ചലച്ചിത്രത്തിലും ബാലതാരമായി അഭിനയിച്ചിട്ടുണ്ട്. പത്താം ക്ലാസിൽ പഠിക്കുമ്പോൾ കല്യാണ സൗഗന്ധികം  എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ടാണ് താരം മലയാള സിനിമയിൽ നായികയായി അരങ്ങേറ്റം കുറിച്ചത്. പിന്നീട് പ്രണയവർണ്ണങ്ങൾ, ചുരം, ആകാശഗംഗ എന്നീ ചിത്രങ്ങളിലെ അഭിനയം ഏറെ ശ്രദ്ധിക്കപ്പെട്ടു. ധാരാളം ടെലിവിഷൻ സീരിയലുകളിലും ദിവ്യ അഭിനയിച്ചിട്ടുണ്ട്.

Story highlights: Divya Unni shares throwback picture