വന്നു, കണ്ടു, കീഴടക്കി; സ്വന്തം തട്ടകത്തിൽ ഇന്റർമിലാനെ കീഴടക്കി ലിവർപൂൾ

February 17, 2022

ലോകത്താകമാനം വലിയ ആരാധക വൃന്ദമുള്ള ടീമുകളിലൊന്നാണ് ഇംഗ്ലീഷ് ക്ലബ് ലിവർപൂൾ. ലിവർപൂളിന്റെ മത്സരങ്ങൾക്കും വലിയ ജനപ്രീതിയാണ് ലോകത്താകെ ഉള്ളത്. അത് കൊണ്ട് തന്നെ ചാമ്പ്യൻസ് ലീഗിൽ തന്നെ ആരാധകർ ഉറ്റുനോക്കിക്കൊണ്ടിരുന്ന ഒരു മത്സരമാണ് ലിവർപൂളും ഇന്റർമിലാനും തമ്മിൽ നടന്ന പ്രീ ക്വാർട്ടർ മത്സരം. ആരാധകരുടെ പ്രതീക്ഷ പോലെ തന്നെ മികച്ച വിജയമാണ് ലിവർപൂൾ ആദ്യ പാദ മത്സരത്തിൽ നേടിയത്. ഇന്റർമിലാന്റെ ഹോം ഗ്രൗണ്ടായ സാൻസിറൊ സ്റ്റേഡിയത്തിലാണ് മത്സരം നടന്നത്. ഇന്റർമിലാനെ അവരുടെ തട്ടകത്തിൽ തകർത്തത് ലിവർപൂളിന് ഇരട്ടിമധുരമായി.

മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകളുടെ വിജയമാണ് ക്ലോപ്പിന്റെ ലിവർപൂൾ സ്വന്തമാക്കിയത്. തുടക്കം മുതൽ നല്ല രീതിയിൽ കളിച്ചത് ലിവർപൂൾ ആണെങ്കിലും നല്ല അവസരങ്ങൾ ലിവർപൂളിൽ നിന്ന് ആദ്യ പകുതിയിൽ പിറന്നില്ല. ഇന്റർ മിലാന് 15 ആം മിനുട്ടിൽ ഒരു നല്ല അവസരം ചാലനൊഹ്ലുവിലൂടെ ലഭിച്ചു. താരത്തിന്റെ ഷോട്ട് ബാറിൽ തട്ടിയാണ് മടങ്ങിയത്.

രണ്ടാം പകുതിയിൽ ഇന്റർ മിലാൻ മെച്ചപ്പെട്ട പ്രകടനം കാഴ്ചവെച്ചു. 60 ആം മിനുട്ടിൽ ജെക്കോ ഇന്റർ മിലാനായി വല കുലുക്കിയെങ്കിലും ലൈൻ റഫറി ഓഫ് സൈഡ് വിധിച്ചു. ഇന്റർ മിലാൻ മെച്ചപ്പെടുകയാണ് എന്ന് തോന്നിപ്പിച്ച സമയത്തായിരുന്നു ലിവർപൂളിന്റെ ഗോൾ വന്നത്. 75 ആം മിനുട്ടിൽ റൊബേർട്സന്റെ ഒരു സെറ്റ് പീസിൽ നിന്ന് ഫ്രണ്ട് പോസ്റ്റിൽ വെച്ച് ഫർമീനോ പന്ത് ഹെഡ് ചെയ്ത് വലയിൽ എത്തിച്ചുതോട് കൂടി ലിവർപൂൾ 1-0 ന് ലീഡെടുത്തു.

Read More: ദുൽഖറിന്റെ നായികമാരായി അദിതിയും കാജൽ അഗർവാളും; പ്രണയവും സൗഹൃദവും പറഞ്ഞ് ‘ഹേ സിനാമിക’ ട്രെയ്‌ലർ

പിന്നാലെ ഈജിപ്ഷ്യൻ താരം മുഹമ്മദ് സലാ ഇന്റർ പ്രതീക്ഷകൾ തകർത്ത് രണ്ടാം ഗോൾ നേടി. 83 ആം മിനുട്ടിൽ ആയിരുന്നു സലായുടെ ഗോൾ. ഇതോടെ ലിവർപൂൾ വിജയം ഉറപ്പാക്കി. മാർച്ചിൽ ആൻഫീൽഡിൽ വെച്ചാകും രണ്ടാം പാദ പ്രീ ക്വാർട്ടർ മത്സരം നടക്കുക. ഇതാണ് ലിവർപൂൾ ആരാധകരെ ആവേശത്തിലാക്കുന്നത്.

Story Highlights: Liverpool defeats Intermilan