കഴിഞ്ഞ 26 വർഷമായി തെരുവിലെ മിണ്ടാപ്രാണികൾക്ക് രക്ഷകനാകുന്നൊരാൾ…
തെരുവിൽ കഴിയുന്ന മിണ്ടാപ്രാണികൾക്ക് മുഴുവൻ രക്ഷകനാകുകയാണ് ലഖ്നൗ സ്വദേശി ചന്ദ്രപ്രകാശ് ജെയിൻ. ഒന്നും രണ്ടുമല്ല കഴിഞ്ഞ ഇരുപത്തിയാറ് വർഷമായി തെരുവിലൂടെ അലയുന്ന മൃഗങ്ങളുടെ മുഴുവൻ വിശപ്പകറ്റാൻ ചന്ദ്രപ്രകാശ് ജെയിൻ അവിടെ ഉണ്ടാകും. വിശക്കുന്ന മൃഗത്തിന് ഭക്ഷണം നൽകുന്നവൻ സ്വന്തം ആത്മാവിനെ പോറ്റുന്നു.. എന്ന ചൊല്ലിൽ വിശ്വസിച്ചാണ് കഴിഞ്ഞ 26 വർഷങ്ങളായി താൻ ഈ മിണ്ടാപ്രാണികൾക്ക് ഭക്ഷണം നൽകുന്നത് എന്നാണ് ചന്ദ്രപ്രകാശ് ജെയിൻ പറയുന്നത്.
കേന്ദ്ര സർക്കാരിന്റെ കാലാവസ്ഥാ വകുപ്പിൽ ജോലി ചെയ്യുന്ന ചന്ദ്രപ്രകാശ് ജെയിൻ തന്റെ വരുമാനത്തിന്റെ നല്ലൊരു ഭാഗവും തെരുവോരങ്ങളിലെ മൃഗങ്ങളുടെ വിശപ്പടക്കാനായാണ് ഉപയോഗിക്കുന്നത്. ഭാര്യയും മക്കളും മരുമക്കളുമായി താമസിക്കുന്ന ചന്ദ്രപ്രകാശ് ജെയിനിന്റെ ഈ സാമൂഹ്യപ്രവർത്തനങ്ങളിൽ കൂട്ടായി കുടുംബവും ഉണ്ട്. ദിവസവും പുലർച്ചെ നാല് മണി മുതലാണ് ഇദ്ദേഹത്തിന്റെ ഒരു ദിവസം ആരംഭിക്കുന്നത്.
Read also: പച്ചവെള്ളത്തിൽ ഇട്ടാൽ ചോറാകുന്ന മാജിക്കൽ അരി; കേരളത്തിന്റെ മണ്ണിലും താരമായി അഘോനി ബോറ
കൈയിൽ ബ്രഡ്ഡും ഭക്ഷണ വിഭവങ്ങളുമായി നടക്കാൻ പോകുന്ന അദ്ദേഹത്തെ കാത്ത് തെരുവിൽ നിരവധി മൃഗങ്ങൾ ഉണ്ടാകും. അഞ്ച് മണിയ്ക്ക് തിരികെ എത്തിയാൽ അദ്ദേഹം ജോലിയും വീട്ടിലെ ആവശ്യങ്ങളുമായി തിരക്കായിരിക്കും. എന്നാൽ അദ്ദേഹത്തിന്റെ ഒരു ദിവസം അവസാനിക്കുന്നതും ഈ മിണ്ടാപ്രാണികൾക്ക് ഭക്ഷണം നൽകിക്കൊണ്ടാണ്. രാത്രി 8 മണിയോടെ വീട്ടിൽ നിന്നും ഭക്ഷണപ്പൊതികളുമായി ഇറങുന്ന അദ്ദേഹത്തെ കാത്തും ഉണ്ടാകും നിരവധി മിണ്ടാപ്രാണികൾ. കാണുന്ന മൃഗങ്ങൾക്കെല്ലാം ഭക്ഷണം നൽകി 9.30 ഓടെ ചന്ദ്രപ്രകാശ് ജെയിൻ വീട്ടിൽ തിരികെയെത്തും.
അതേസമയം വര്ഷങ്ങളായി ഈ ശീലം അദ്ദേഹം മുടക്കാറില്ല. മഴയും കാറ്റും ചൂടുമെല്ലാം തടസ്സമായാലും അദ്ദേഹത്തെ കാത്തിരിക്കുന്ന നൂറു കണക്കിന് മിണ്ടാപ്രാണികളുടെ വിശപ്പകറ്റാൻ അദ്ദേഹം വരാതിരിക്കില്ല.
Story highlights: man feeds stray animals from last 26-years