വെള്ളിത്തിരയിലേക്ക് തിരിച്ചുവരാനൊരുങ്ങി മേഘ്‌ന രാജ്; ‘ശബ്ദ’ ഒരുങ്ങുന്നു

February 19, 2022

സൗത്ത് ഇന്ത്യൻ സിനിമാലോകത്ത് ശ്രദ്ധ നേടിയ ചലച്ചിത്രതാരമാണ് മേഘ്‌ന രാജ്. വിവാഹ ശേഷം അഭിനയത്തില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്ന താരം വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞത് ഭര്‍ത്താവും നടനുമായ ചിരഞ്ജീവി സര്‍ജയുടെ മരണത്തോടെയാണ്. ഹൃദയാഘാതത്തെ തുടര്‍ന്ന് ചിരഞ്ജീവി മരണമടഞ്ഞപ്പോള്‍ മലയാളികളും അവരുടെ ദുഃഖത്തില്‍ പങ്കുചേര്‍ന്നു. കുഞ്ഞ് ജനിക്കാന്‍ പോകുന്ന സന്തോഷത്തിനിടെയാണ് ചിരഞ്ജീവി സര്‍ജ മരണത്തിന് കീഴടങ്ങിയത്. കഴിഞ്ഞ വര്‍ഷം ജൂണിലായിരുന്നു ചിരഞ്ജീവി സര്‍ജയുടെ മരണം. മകന്റെ ജനന ശേഷം എല്ലാ വിശേഷങ്ങളും മേഘ്‌ന ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ സിനിമയിലേക്ക് തിരിച്ചുവരാൻ ഒരുങ്ങുകയാണ് മേഘനരാജ്.

‘ശബ്‍ദ’ എന്ന ചിത്രത്തിലൂടെയാണ് മേഘ്‍ന രാജ് വെള്ളിത്തിരയിലേക്ക് മടങ്ങിവരുന്നത്. മേഘ്‌നയ്ക്ക് കർണാടക സംസ്ഥാന സർക്കാരിന്റെ അവാർഡ് നേടിക്കൊടുത്ത ഇരുവുഡെല്ലവ ബിട്ടു എന്ന ചിത്രത്തിന്റെ ടീമിനൊപ്പമാണ് മേഘ്‌ന വീണ്ടും അഭിനയിക്കുന്നത്. കന്തരാജ് കണല്ലിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മേഘ്‌ന തന്നെയാണ് പുതിയ ചിത്രത്തിന്റെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവെച്ചത്. അതേസമയം താരത്തിന്റെ തിരിച്ചവരവിനെ നിറഞ്ഞ കൈയടിയോടെയാണ് പ്രേക്ഷകരും സ്വീകരിക്കുന്നത്.

Read also:അസാധ്യം എന്നല്ലാതെ എന്താണ് പറയുക; അച്ഛൻ മകൾക്കായി ഒരുക്കിയ ഗായത്രിവീണയിൽ അത്ഭുതസംഗീതം പൊഴിച്ച് വൈക്കം വിജയലക്ഷ്മി

തെലുങ്ക് ചിത്രത്തിലൂടെയാണ് മേഘ്‌ന ആദ്യമായി വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിയ്ക്കുന്നത്. പിന്നീട് 2010 ൽ യക്ഷിയും ഞാനും എന്ന ചിത്രത്തിലൂടെ മലയാളത്തിലും അരങ്ങേറ്റം കുറിച്ചു. പിന്നീട് പത്തിലേറെ മലയാളം ചിത്രങ്ങളിൽ അഭിനയിച്ച താരത്തിന്റെ ബ്യൂട്ടിഫുൾ, ട്രിവാൻഡ്രം ലോഡ്ജ് എന്നിവയാണ് ഏറെ ശ്രദ്ധിക്കപ്പെട്ട മലയാളം ചിത്രങ്ങൾ. വിവാഹശേഷം സിനിമ അഭിനയത്തിൽ നിന്നും വിട്ട് നിന്ന താരം ഇപ്പോൾ വീണ്ടും വെള്ളിത്തിരയിലേക്ക് മടങ്ങിവരുമ്പോൾ ഏറെ ആവേശത്തിലാണ് സിനിമാലോകം.