വൈറലായ ‘പുഷ്പ’ താരം സിപോവിച്ച് മനസുതുറക്കുന്നു; അടുത്ത സീസണിലും കേരള ബ്ലാസ്റ്റേഴ്സിൽ തുടരാൻ ആഗ്രഹം.

February 26, 2022

കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ ഇടയിൽ വളരെ ജനപ്രിയനായ താരമാണ് ഡിഫന്‍ററായ യെനസ് സിപ്പോവിച്ച്. നേരത്തെ ഇൻസ്റ്റാഗ്രാം റീലുകളിലൂടെയും കളിക്കളത്തിലെ ആഘോഷങ്ങളിലൂടെയുമൊക്കെ ആരാധകരുടെ മനം കവർന്ന താരം കൂടിയാണ് സിപ്പോവിച്ച്. ഇപ്പോൾ അടുത്ത സീസണിലും തനിക്ക് ബ്ലാസ്റ്റേഴ്സിൽ തന്നെ തുടരാനാണ് ആഗ്രഹമെന്നാണ് താരം പറയുന്നത്.

കൊച്ചിയിലെത്തിയ മുതൽ ഒരു ഊർജം താൻ അനുഭവിക്കുന്നുണ്ടെന്നും സിപ്പോവിച്ച് പറയുന്നു. “ഇപ്പോൾ കൂടുമാറ്റങ്ങളെക്കുറിച്ചൊന്നും ആലോചനയില്ല. ടൂർണമെന്റിലാണ് എന്‍റെ മുഴുവൻ ശ്രദ്ധയും. ബ്ലാസ്‌റ്റേഴ്‌സിനൊപ്പം തുടരുന്നതിൽ ഞാൻ സന്തുഷ്ടനാണ്. കൊച്ചിയിൽ എത്തിയ ആദ്യ ദിവസം മുതൽ വലിയ ഊർജ്ജമാണ് എനിക്ക് അനുഭവിക്കാൻ കഴിയുന്നത്. ടീമിന്റെ സ്ഥിരതക്ക് വലിയ പ്രാധാന്യമുണ്ട്. വളരെ ചുരുങ്ങിയ കാലം കൊണ്ടാണ് ബ്ലാസ്റ്റേഴ്‌സ് ഒത്തിണക്കമുള്ളൊരു ടീമായി മാറിയത്. ഇത്തവണ കിരീടം നേടാനുള്ള കരുത്ത് ടീമിനുണ്ട്”- സിപോവിച്ച് പറഞ്ഞു.

ബ്ലാസ്റ്റേഴ്സിന് ഇനിയുള്ള എല്ലാ മത്സരങ്ങളും നിർണായകമാണെന്നും സിപോവിച്ച് കൂട്ടിച്ചേർത്തു. ബ്ലാസ്റ്റേഴ്‌സ് കോച്ച് ഇവാൻ വുകുമാനോവിച്ച് മികച്ചൊരു പരിശീലകനാണെന്നും കളിക്കാരെ ഏറ്റവും മികച്ച രീതിയിൽ ഒരുക്കിയെടുക്കാൻ അദ്ദേഹത്തിന് കഴിയുന്നുണ്ടെന്നും സിപോവിച്ച് അഭിപ്രായപ്പെട്ടു.

Read More: സെഞ്ചുറിയടിക്കാൻ ടീം ഇന്ത്യ; ശ്രീലങ്കക്കെതിരെ ഇന്ന് ജയിച്ചാൽ കാത്തിരിക്കുന്നത് റെക്കോർഡുകളുടെ പെരുമഴ

നേരത്തെ ഈസ്റ്റ് ബംഗാളിനെതിരായ ഐഎസ്എല്‍ മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സിന്റെ വിജയഗോൾ നേടിയ സിപോവിച്ചിന്റെ പുഷ്പയെ അനുകരിച്ചുള്ള ഗോളാഘോഷം സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. 49-ാം മിനിറ്റില്‍ വിജയ ഗോള്‍ നേടിയ ശേഷം അല്ലുവിന്റെ ഡാന്‍സ് നമ്പര്‍ അനുകരിച്ച സിപോവിച്ച് താരത്തിന്റെ പ്രശസ്തമായ പുഷ്പ ഡയലോഗും പുനരാവിഷ്‌കരിച്ചു. നേരത്തെ തന്റെ ഇന്‍സ്റ്റാഗ്രാമിലും ഇതേ ഡയലോഗ് പറഞ്ഞ് സിപോവിച്ച് ശ്രദ്ധ നേടിയിരുന്നു. ഇതിന്റെ വീഡിയോ കേരള ബ്ലാസ്‌റ്റേഴ്‌സ് തങ്ങളുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ പങ്കുവെയ്ക്കുകയും ചെയ്തിരുന്നു.

Story Highlights: Sipovic wants to continue with Kerala Blasters