‘ഇനി താഴില്ല’; വൈറലായി കേരള ബ്ലാസ്റ്റേഴ്‌സ് താരം സിപോവിച്ചിന്റെ ‘പുഷ്പ’ ഗോളാഘോഷം

February 15, 2022

അല്ലു അർജുന്റെ ‘പുഷ്പ’ ഇറങ്ങിയ നാൾ മുതൽ അതിലെ ഡയലോഗുകളും ഡാൻസ് നമ്പറുകളും സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ഇപ്പോൾ ഈസ്റ്റ് ബംഗാളിനെതിരായ ഐഎസ്എല്‍ മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സിന്റെ വിജയഗോൾ നേടിയ ഏനെസ് സിപോവിച്ചിന്റെ പുഷ്പയെ അനുകരിച്ചുള്ള ഗോളാഘോഷമാണ് തരംഗമാവുന്നത്. 49-ാം മിനിറ്റില്‍ വിജയ ഗോള്‍ നേടിയ ശേഷം അല്ലുവിന്റെ ഡാന്‍സ് നമ്പര്‍ അനുകരിച്ച സിപോവിച്ച് താരത്തിന്റെ പ്രശസ്തമായ പുഷ്പ ഡയലോഗും പുനരാവിഷ്‌കരിച്ചു.

അല്ലു അര്‍ജുന്റെ പുഷ്പയിലെ ഡയലോഗും ഡാന്‍സ് നമ്പറും ഇന്‍സ്റ്റാഗ്രാം റീല്‍സിലൂടെ വൈറലായി കൊണ്ടിരിക്കുന്നതിനിടെയാണ് സിപോവിച്ചും ഇത് ഏറ്റെടുത്തത്. ഇതാദ്യമായല്ല സിപോവിച്ച്, പുഷ്പയിലെ ഡയലോഗ് പറഞ്ഞ് ശ്രദ്ധ നേടുന്നത്. നേരത്തെ തന്റെ ഇന്‍സ്റ്റാഗ്രാമിലും ഇതേ ഡയലോഗ് പറഞ്ഞ് സിപോവിച്ച് ശ്രദ്ധ നേടിയിരുന്നു. ഇതിന്റെ വീഡിയോ കേരള ബ്ലാസ്‌റ്റേഴ്‌സ് തങ്ങളുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ പങ്കുവെയ്ക്കുകയും ചെയ്തിരുന്നു.

സിപോവിച്ചിന്റെ ഗോളില്‍ ഈസ്റ്റ് ബംഗാളിനെ മറികടന്ന് പോയന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തെത്താനും ബ്ലാസ്റ്റേഴ്‌സിന് സാധിച്ചിരുന്നു. ജയത്തോടെ 15 കളിയിലായി ടീമിന് 26 പോയന്റായി.

Read More: മഹാരാജാസ് സുഹൃത്തുക്കൾ ഒരുമിക്കുന്ന ക്യാമ്പസ് ചിത്രം; ആന്റണി വര്‍ഗീസിന്റെ ‘ലൈല’ ഷൂട്ടിംഗ് ആരംഭിച്ചു

ലീഗില്‍ ഇത്തവണത്തെ സീസണില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ ഏഴാം ജയമായിരുന്നു ഇത്. ഐഎസ്എല്‍ ചരിത്രത്തില്‍ ആദ്യമായാണ് ഒരു സീസണില്‍ ബ്ലാസ്‌റ്റേഴ്‌സ് ഏഴു ജയം നേടുന്നത്. 2016 സീസണിലും 2017-18 സീസണിലും നേടിയ ആറു വിജയങ്ങളെന്ന നേട്ടമാണ് ഇത്തവണ ഇവാന്‍ വുകോമനോവിച്ചിന്റെ നേതൃത്വത്തില്‍ ടീം മറികടന്നത്. ഒരു സീസണില്‍ ബ്ലാസ്‌റ്റേഴ്‌സ് 26 പോയന്റ് നേടുന്നതും ഇതാദ്യമായാണ്.

Story Highlights: Sipovic’s viral pushpa celebration