തിരിച്ചുവരവിനൊരുങ്ങി സെർജിയോ അഗ്യൂറോ; ഇത്തവണ വരവ് പരിശീലകസംഘത്തിനൊപ്പം

February 21, 2022

ഫുട്ബോൾ ലോകത്തിന് തന്നെ വിങ്ങലായി മാറിയ ഒരു വിടവാങ്ങലായിരുന്നു അർജന്റീന താരം സെർജിയോ അഗ്യൂറോയുടേത്. ഹൃദ്രോഗത്തെ തുടര്‍ന്നാണ് മുപ്പത്തിമൂന്നുകാരനായ സെര്‍ജിയോ അഗ്യൂറോ ഫുട്‌ബോളില്‍ നിന്ന് വിരമിച്ചത്. ലാ ലീഗായില്‍ അലാവസനെതിരായ മത്സരത്തിനിടെ ശ്വാസതടസ്സം നേരിട്ട ബാഴ്‌സലോണ താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് ഗുരുതര രോഗമാണെന്ന് കണ്ടെത്തിയത്.

അന്ന് ലോകത്താകമാനമുള്ള ആരാധകരെ കണ്ണീരിലാഴ്ത്തി ഫുട്ബോൾ മൈതാനത്ത് നിന്ന് വിടവാങ്ങിയ അഗ്യൂറോ ഇപ്പോൾ ഒരു തിരിച്ചുവരവിനൊരുങ്ങുകയാണ്. അർജന്റീനയുടെ പരിശീലക സംഘത്തിനൊപ്പമായിരിക്കും ഖത്തര്‍ ലോകകപ്പിന് അഗ്യൂറോയെത്തുക. ഖത്തര്‍ ലോകകപ്പിനുള്ള അര്‍ജന്റൈന്‍ ടീമിന്റെ പരിശീലക സംഘത്തില്‍ താനുണ്ടാവുമെന്ന് അഗ്യൂറോ തന്നെയാണ് അറിയിച്ചത്. കോച്ച് ലിയോണല്‍ സ്‌കലോണിയുമായും അര്‍ജന്റൈന്‍ ഫുട്‌ബോൾ അസോസിയേഷനുമായും ഇക്കാര്യം ചര്‍ച്ച ചെയ്തുവെന്നും അഗ്യൂറോ അറിയിച്ചു. വലിയ സന്തോഷമാണ് അർജന്റീന ആരാധകർക്ക് ഈ വാർത്ത നൽകിയിരിക്കുന്നത്.

Read More: ദിനോസറുകളുടെ കാലം മുതലുള്ള പ്ലാറ്റിപാസുകൾ, ഭൂമിയിലെ ഏറ്റവും വ്യത്യസ്തമായ ജീവി വംശനാശഭീഷണിയിൽ

1986 ന് ശേഷം ആദ്യ കിരീടം ലക്ഷ്യമിടുന്ന അര്‍ജന്റീന ഖത്തര്‍ ലോകകപ്പിന് യോഗ്യത നേടിക്കഴിഞ്ഞു. ഒരു തോൽവി പോലും അറിയാതെയാണ് അർജന്റീന ലോകകപ്പിന് യോഗ്യത നേടിയത്. കോപ്പ അമേരിക്ക നേടിയ ടീമിൽ അംഗമായിരുന്ന അഗ്യൂറോ അര്‍ജന്റീനയ്ക്കുവേണ്ടി 101 മത്സരങ്ങളില്‍ കളിച്ചിട്ടുണ്ട്. ഇന്‍ഡിപെന്‍ഡിയന്റേ, അത്‌ലറ്റിക്കോ മാഡ്രിഡ്, മാഞ്ചസ്റ്റര്‍ സിറ്റി, ബാഴ്‌സലോണ ക്ലബുകള്‍ക്കായി 786 മത്സരങ്ങളില്‍ കളിച്ചിട്ടുള്ള അഗ്യൂറോ 427 ഗോളുകളും സ്വന്തം പേരിനൊപ്പം കുറിച്ചു. മാഞ്ചസ്റ്റര്‍ സിറ്റിയുടെ എക്കാലത്തേയും മികച്ച ഗോള്‍വേട്ടക്കാരനായ അഗ്യൂറോ പ്രീമിയര്‍ ലീഗില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ വിദേശതാരം കൂടിയാണ്. സിറ്റിക്കായി 257 കളിയില്‍ നിന്നും 184 ഗോളുകൾ അഗ്യുറോ നേടിയിട്ടുണ്ട്.

ലയണൽ മെസ്സിയുടെ നേതൃത്വത്തിൽ ജർമനിക്കെതിരെ 2014 ഫിഫ ലോകകപ്പ് ഫൈനൽ കളിച്ച അർജന്റീന ടീമിലും സെർജിയോ അഗ്യൂറോ നിർണായക സാന്നിധ്യമായിരുന്നു.

Story Highlights: Sergio Aguero part of Argentina coaching team