ക്രിക്കറ്റ് പ്രേമികൾക്ക് ഇരട്ടി മധുരം; ഇനി വനിതാ ഐപിഎൽ

February 8, 2022

ഇന്ത്യൻ ക്രിക്കറ്റിന്റ ആവേശ കാഴ്ചകളിലൊന്നാണ് ഐ പി എൽ. പോരാട്ടങ്ങൾക്ക് മുകളിലെ പോരാട്ടങ്ങൾ കൊണ്ട് ലോക ക്രിക്കറ്റ്‌ ഭൂപടത്തിൽ വിശാലമായൊരു ഇടം നേടിയെടുത്ത ഐപിഎൽ ഈ സീസണിലെ മെഗാ ലേലത്തത്തിനൊരുങ്ങുകയാണ്. 2007 ലെ ഇന്ത്യയുടെ ടി20 വിജയം നൽകിയ ആവേശത്തിന്റെയും ആരവത്തിന്റെയും ഫലമായാണ് 2008 ൽ ഐപിഎൽ തുടങ്ങുന്നത്. ഇന്ന് ലോക ക്രിക്കറ്റിലെ വൻ സാമ്പത്തിക ശക്തിയായി മാറാൻ ബിസിസിഐ ക്ക് അവസരമൊരുക്കിയതും ഐപിഎല്ലിന്റെ വൻ വിജയമാണ്.

14- ആം സീസണിലേക്ക് കടക്കുന്ന ഐ പി എൽ ടൂർണമെന്റിന് സമാനമായൊരു വനിത ഐപിഎൽ തുടങ്ങണമെന്ന ആവശ്യം കാലങ്ങളായി പല കോണുകളിൽ നിന്നുയർന്നു വന്നിട്ടുണ്ട്. വനിതകൾക്കായി 3 ടീമുകൾ പങ്കെടുക്കുന്ന ടി20 ചലഞ്ചാണ് നിലവിൽ ഇന്ത്യയിൽ നടക്കാറുള്ളത്. ഇന്ത്യൻ താരങ്ങളായ ഹര്‍മന്‍പ്രീത് കൗര്‍, സ്‌മൃതി മന്ഥാന, ജെമീമ റോഡ്രിഡസ്, ദീപ്‌തി ശര്‍മ്മ തുടങ്ങിയർ നേരത്തെ തന്നെ ഐപിഎൽ മത്സരങ്ങൾ നടത്തണമെന്ന് ആവശ്യമറിയച്ചിരുന്നു. ഇന്ത്യയിലെ പല വനിതാ താരങ്ങളും വിദേശ ലീഗുകളുടെ ഭാഗമായിട്ടുമുണ്ട്. സ്‌മൃതി മന്ഥാന 2002 ലെ ഐസിസി വനിതാ ക്രിക്കറ്റർ ഓഫ് ദി ഇയർ ആയി തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ വീണ്ടും വനിത ഐപിഎൽ എന്ന ആവശ്യം ഉയർന്നു.

Read also: തോൽവിക്ക് കാരണമായവന്റെ വിജയ സമ്മാനം

ക്രിക്കറ്റ് ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് അടുത്ത വർഷം വനിതാ ഐപിഎൽ (Women’s IPL) തുടങ്ങുമെന്ന് ബിസിസിഐ (BCCI) സെക്രട്ടറി ജയ് ഷാ അറിയിച്ചു. ഓസ്ട്രേലിയൻ ബിഗ് ബാഷ് ലീഗിൽ പുരുഷ, വനിതാ ടൂർണമെന്‍റുകള്‍ നടക്കുന്ന രീതി പിന്തുടർന്നായിരിക്കും വനിത ഐപിഎല്ലും നടത്തുക. കൂടുതൽ താരങ്ങളെയും ടീമുകളെയും ഉൾപ്പെടുത്തിയുള്ള വനിതാ ഐപിഎല്ലിനായി ബിസിസിഐ ശ്രമം തുടങ്ങിക്കഴിഞ്ഞുവെന്നും ജയ് ഷാ വ്യക്തമാക്കി. ഇത് ഇന്ത്യയിൽ നിരവധി താരങ്ങൾക്ക് അവസരങ്ങൾ സൃഷ്ടിക്കുമെന്ന് ഉറപ്പാണ്. ഇന്ത്യൻ താരങ്ങൾക്ക് പുറമെ വിദേശ താരങ്ങളും വനിത ഐപിഎൽ തുടങ്ങണമെന്ന ആവശ്യം ഉയർത്തി രംഗത്ത് വന്നിട്ടുണ്ടായിരുന്നു. ഏറ്റവും മികച്ച കായിക, ക്രിക്കറ്റ്‌ നിമിഷങ്ങൾ ഉടലെടുക്കുന്ന ഒരു വനിതാ ഐപിഎല്ലിനായി കാത്തിരിക്കാം.

Story highlights:Women’s IPL to start soon