ഉയർന്ന രക്തസമ്മർദ്ദം ഉള്ളവരാണോ..? കുറയ്ക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ഇന്ന് സാധാരണക്കാരിൽ കൂടുതലായും കണ്ടുവരുന്ന ഒന്നാണ് രക്ത സമ്മർദ്ദം. ഉയർന്ന രക്തസമ്മർദ്ദവും കുറഞ്ഞ രക്തസമ്മർദ്ദവുമൊക്കെ പലപ്പോഴും വില്ലനാകാറുണ്ട്. രക്തസമ്മർദ്ദം മൂലമുണ്ടാകുന്ന പ്രശ്നങ്ങൾ ഏറ്റവും കൂടുതൽ ശ്രദ്ധിക്കേണ്ടത് ജീവിതശൈലിയിലാണ്. ശരീരഭാരം കൂടുന്നത് പലരിലും രക്തസമ്മർദ്ദത്തിന് കാരണമാകുന്നുണ്ട്. ഭാരം കൂടുന്നതിനനുസരിച്ച് രക്തസമ്മർദ്ദം പലപ്പോഴും വർദ്ധിക്കുന്നു.
രക്തസമ്മർദം കുറയ്ക്കാൻ ഭക്ഷണകാര്യത്തിലും ഏറെ കരുതൽ ആവശ്യമാണ്. ഇതിന് ഏറ്റവും അത്യുത്തമമായ ഒന്നാണ് ബീറ്റ്റൂട്ട്. ദിവസവും ഒരു കപ്പ് ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നത് കരൾസംബന്ധമായ രോഗം അകറ്റാനും രക്തസമ്മർദം കുറയ്ക്കാനും സഹായിക്കും. ധാരാളം പോഷകഗുണങ്ങളുള്ള ഒന്നാണ് ബീറ്റ്റൂട്ട്. ബീറ്റ്റൂട്ട് ജ്യൂസായോ അല്ലാതെയോ കഴിക്കുന്നത് രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കും.
ഏറെ ആരോഗ്യഗുണങ്ങൾ ഉള്ള പാഷൻ ഫ്രൂട്ടിനും ഒരുപരിധിവരെ രക്തസമ്മർദ്ദത്തെ കുറയ്ക്കാൻ സഹായിക്കും. പ്രമേഹം, കാന്‍സര്‍, ബ്ലഡ് പ്രഷർ, ഉദര സംബന്ധമായ രോഗങ്ങൾ എന്നിവയെ പ്രതിരോധിക്കുന്നതിനോടൊപ്പം, രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നതിനും, എല്ലുകളുടെ ആരോഗ്യത്തിനും, നല്ല ഉറക്കം ലഭിക്കുന്നതിനും, ചർമ്മത്തിന്റെ ഭംഗിക്കും വരെ ഉത്തമമാണ് ഈ ഫലം. പാഷൻ ഫ്രൂട്ടിൽ അടങ്ങിയിരിക്കുന്ന ബയോഫ്ളേവനോയിഡുകൾ ആസ്തമ, വില്ലൻ ചുമ പോലുള്ള രോഗങ്ങളെ നിയന്ത്രിക്കുന്നു. പാഷൻ ഫ്രൂട്ടിൽ ധാരാളമായി മഗ്നീഷ്യം, കാൽസ്യം, അയൺ, ഫോസ്ഫറസ് എന്നിവ അടങ്ങിയിട്ടുണ്ട്, ഒപ്പം ഇവയുടെ തോടിന് ആന്റി ഇൻഫ്ളമേറ്ററി ഗുണങ്ങളും ഉണ്ട്. ഇത് എല്ലിന്റെ ബലം വർധിപ്പിക്കാൻ സഹായകമാണ്.
രക്തസമ്മർദ്ദം, കൊളസ്ട്രോൾ, വൃക്ക രോഗങ്ങൾ, ഹൃദ് രോഗം, എന്നിവയ്ക്കെല്ലാം പരിഹാരമാണ് മാതളനാരങ്ങ. ശരീരത്തിൽ അടിയുന്ന ചീത്ത കൊളസ്ട്രോളിനെ ഇല്ലാതാക്കാൻ ഇതിന് സാധിക്കും. ഹൃദയത്തിൽ അടിയുന്ന കൊഴുപ്പിനെ ഇല്ലാതാക്കാനും ഹൃദയത്തിൽ ഉണ്ടാകുന്ന അണുബാധ അകറ്റാനും മാതള നാരങ്ങ കഴിക്കുന്നതിലൂടെ സാധ്യമാകും.
രക്തസമ്മർദ്ദം കുറയ്ക്കാനും, അമിതമായി വർധിക്കുന്ന ശരീരഭാരം കുറയ്ക്കാനും കാന്താരി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ഉത്തമമാണ്. ചീത്ത കൊളസ്ട്രോളിനെ ഇല്ലാതാക്കാൻ കാന്താരി കഴിക്കുന്നത് ശീലമാക്കാം. വൈറ്റമിനുകളാൽ സമ്പുഷ്ടമാണ് കാന്താരി. കാൽസ്യം, അയൺ, പൊട്ടാസ്യം, ഫോസ്ഫറസ് തുടങ്ങിയവയും കാന്താരിയിൽ അടങ്ങിയിട്ടുണ്ട്. പ്രമേഹ രോഗികൾക്കും കാന്താരി ഭക്ഷണത്തിൽ ഉൾപ്പെടുത്താം. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ കാന്താരിയ്ക്ക് സാധിക്കും. അതേസമയം ഇവയൊന്നും അമിതമാകാതെയും ശ്രദ്ധിക്കണം. കാരണം ഇവ അമിതമാകുന്നത് ചിലപ്പോൾ മറ്റ് പല രോഗങ്ങൾക്കും കാരണമായേക്കാം.
ഓർക്കുക: രക്തസമ്മർദ്ദമുള്ളവർ ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രം ഇത്തരം പൊടികൈകൾ ഉപയോഗിക്കുക.
Story highlights; Changes Can Make to Manage High Blood Pressure