ചരിത്രത്തിൽ ഇത് രണ്ടാം തവണ; അപൂർവ സംഭവത്തിന് സാക്ഷ്യം വഹിക്കാൻ വാങ്കഡെ സ്റ്റേഡിയം

March 26, 2022

ലോകത്താകമാനമുള്ള ക്രിക്കറ്റ് ആരാധകരെ ഞെട്ടിച്ച ഒരു തീരുമാനമാണ് ഈ സീസൺ തുടങ്ങുന്നതിന് മുൻപ് തന്നെ ചെന്നൈയുടെ ‘തല’ ധോണി എടുത്തത്. ചെന്നൈ സൂപ്പർകിങ്സിന്റെ നായക സ്ഥാനം ഒഴിഞ്ഞാണ് ധോണി അപ്രതീക്ഷിതമായ തീരുമാനമെടുത്തത്. സൂപ്പർതാരം രവീന്ദ്ര ജഡേജയാണ് ചെന്നൈയുടെ പുതിയ നായകൻ. ധോണിക്കും സുരേഷ് റെയ്നക്കും ശേഷം ചെന്നൈയുടെ നായകനാകുന്ന മൂന്നാമത്തെ മാത്രം കളിക്കാരനാണ് രവീന്ദ്ര ജഡേജ.

ഇതോടെ കൊൽക്കത്തയ്‌ക്കെതിരെയുള്ള ഇന്നത്തെ മത്സരത്തിൽ നായകനല്ലാത്ത ധോണിയാണ് ചെന്നൈക്ക് വേണ്ടിയിറങ്ങുന്നത്. എന്നാൽ ഇതാദ്യമായല്ല ധോണി നായകനല്ലാതെ ചെന്നൈക്ക് വേണ്ടിയിറങ്ങുന്നത്. 2012 ലെ ചാമ്പ്യൻസ് ട്രോഫിയിലാണ് ഇതിന് മുൻപ് നായകനല്ലാതെ ധോണി ചെന്നൈയിൽ കളിച്ചിട്ടുള്ളത്. അന്ന് സുരേഷ് റെയ്‌നയായിരുന്നു നായകന്‍. വൃദ്ധിമാന്‍ സാഹ അന്ന് ചെന്നൈയുടെ വിക്കറ്റ് കീപ്പറായും ഇറങ്ങി. മത്സരത്തില്‍ രണ്ട് ഓവറുകള്‍ പന്തെറിഞ്ഞും ധോണി അന്ന് ശ്രദ്ധ നേടിയിരുന്നു. ബാറ്റിംഗില്‍ 23 പന്തില്‍ 31 റണ്‍സെടുത്ത ധോണി പക്ഷേ ബൗളിംഗില്‍ 25 റണ്‍സ് വഴങ്ങി.

2010 ല്‍ ധോണിയുടെ അഭാവത്തില്‍ ചെന്നൈയെ റെയ്ന നാലു മത്സരങ്ങളില്‍ നയിച്ചിരുന്നു. ഇത് കൂടി മാറ്റി നിർത്തിയാൽ ചെന്നൈ സൂപ്പർകിങ്സിനെ ഐപിഎല്ലിൽ എല്ലാ മത്സരങ്ങളിലും മുന്നിൽ നിന്ന് നയിച്ചത് ധോണി തന്നെയാണ്. ഐപിഎല്ലിന്റെ ചരിത്രത്തിലെ തന്നെ എക്കാലത്തെയും മികച്ച നായകന്മാരിലൊരാളാണ് മുൻ ഇന്ത്യൻ ക്യാപ്റ്റൻ കൂടിയായിരുന്ന മഹേന്ദ്ര സിംഗ് ധോണി. ചെന്നൈ സൂപ്പർകിങ്സിനെ 4 ഐപിഎൽ കിരീടങ്ങളിലേക്ക് നയിച്ച ധോണി ബാറ്റ് കൊണ്ടും ടീമിന് വേണ്ടി മികച്ച പ്രകടനം കാഴ്‌ചവച്ചിരുന്നു. 2008 ലെ ആദ്യ സീസൺ മുതൽ ധോണി തന്നെയായിരുന്നു ചെന്നൈയുടെ ക്യാപ്റ്റൻ.

Read More: ഈ ഒപ്റ്റിക്കൽ ഇല്ല്യൂഷനിൽ ഒളിഞ്ഞിരിക്കുന്നത് 9 മൃഗങ്ങൾ- ആദ്യം കാണുന്ന മൃഗം നിങ്ങളുടെ വ്യക്തിത്വത്തെ നിർവചിക്കുന്നു

ഇന്ന് നായകനല്ലാത്ത ധോണി ചെന്നൈക്ക് വേണ്ടി കളത്തിലിറങ്ങുമ്പോൾ അപൂർവ ചിത്രത്തിനാണ് മുബൈ വാങ്കഡെ സ്റ്റേഡിയം സാക്ഷ്യം വഹിക്കാൻ പോവുന്നത്.

Story Highlights: Dhoni’s second match under another CSK captain