ഡയാന പെന്റിയെ മലയാളം പഠിപ്പിക്കാൻ ശ്രമിക്കുന്ന ദുൽഖർ സൽമാൻ- രസികൻ വിഡിയോ

March 24, 2022

ദുൽഖർ സൽമാനെ നായകനാക്കി സംവിധായകൻ റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത ‘സല്യൂട്ട്’ ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ പ്രദർശനം തുടരുകയാണ്. മികച്ച അഭിപ്രായം നേടി മുന്നേറുന്ന ചിത്രത്തിൽ ദുൽഖർ സൽമാന്റെ നായികയായി എത്തുന്നത് ബോളിവുഡ് നടി ഡയാന പെന്റിയാണ്. ബോളിവുഡിന് മുൻപ് തന്നെ സുപരിചിതനാണ് ദുൽഖർ സൽമാൻ. വ്യത്യസ്ത ഭാഷകളിലുള്ള അഭിനേതാക്കളുമായി അടുത്ത ബന്ധം പുലർത്തുന്ന ദുൽഖർ സൽമാനൊപ്പമുള്ള രസകരമായ നിമിഷങ്ങൾ പങ്കുവയ്ക്കുകയാണ് ഇപ്പോൾ ഡയാന പെന്റി.

നടിയെ മലയാളം പഠിപ്പിക്കാൻ ശ്രമിക്കുന്ന ദുൽഖർ സൽമാന്റെ വിഡിയോയാണ് ശ്രദ്ധനേടുന്നത്. നാവിനെ കുഴയ്ക്കുന്ന വാചകങ്ങളും ഡയലോഗുകളുമൊക്കെ പറഞ്ഞ് ഡയാന പെന്റിയെ ആശയക്കുഴപ്പത്തിലാക്കുകയാണ് താരം. ‘സല്യൂട്ട്, എന്റെ ആദ്യത്തെ മലയാളം സിനിമയാണ്. ഇത് ഒരു പ്രത്യേക അനുഭവമാക്കിയതിന് ദുൽഖർ സൽമാൻ, റോഷൻ ആൻഡ്രൂസ് എന്നിവർക്ക് നന്ദി. വളരെ മനോഹരമായി പ്രവർത്തിച്ചതിന് അവിശ്വസനീയമായ അഭിനേതാക്കളോടും അണിയറപ്രവർത്തകരോടും നന്ദി..’-വിഡിയോ പങ്കുവെച്ചുകൊണ്ട് ഡയാന പെന്റി കുറിക്കുന്നു.

Read Also: ‘നല്ല സിനിമകള്‍ സൃഷ്ടിക്കുന്നവര്‍ക്കും അത് ആസ്വദിക്കുന്നവര്‍ക്കും, പോരാട്ടം നയിക്കുന്ന എല്ലാ സ്ത്രീകള്‍ക്കും ആശംസകൾ’- ചലച്ചിത്രമേളയിൽ സർപ്രൈസ് അതിഥിയായി ഭാവന

ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറായി എത്തിയ ചിത്രത്തിൽ അരവിന്ദ് കരുണാകരൻ എന്ന കഥാപാത്രമായാണ് ദുൽഖർ എത്തുന്നത്.മുംബൈ പൊലീസിന് ശേഷം റോഷൻ ആൻഡ്രൂസ് പൊലീസ്‌ പാശ്ചാത്തലത്തിൽ ഒരുക്കുന്ന ചിത്രമാണിത്. ദുല്‍ഖര്‍ സല്‍മാനും റോഷന്‍ ആന്‍ഡ്രൂസും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് സല്യൂട്ട്.

ബോബി- സഞ്ജയ് കൂട്ടുകെട്ടിലാണ് ചിത്രത്തിന്റെ തിരക്കഥ. ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫെയറര്‍ ഫിലിംസ് ആണ് ചിത്രത്തിന്റെ നിര്‍മാണം. മനോജ് കെ ജയന്‍, ബിനു പപ്പു, അന്‍സിബ, ലക്ഷ്മി ഗോപാലസ്വാമി, വിജയകുമാര്‍, അലന്‍സിയര്‍ തുടങ്ങി നിരവധി താരങ്ങളും അണിനിരക്കുന്നുണ്ട് ചിത്രത്തില്‍.

Story highlights- diana penty shares funny salute location video