“കഴിഞ്ഞ മത്സരങ്ങൾക്ക് പ്രസക്തിയില്ല, ഇത് പുതിയ മത്സരം”; സെമിഫൈനൽ മത്സരത്തിലെ പ്രതീക്ഷകൾ പങ്കുവെച്ച് ബ്ലാസ്റ്റേഴ്‌സ് കോച്ച് ഇവാൻ വുകോമനോവിച്ച്

March 11, 2022

ഒടുവിൽ ബ്ലാസ്റ്റേഴ്‌സ് ആരാധകർ കാത്തിരുന്ന സുദിനമായി. ഇന്ന് രാത്രി 7.30 ക്ക് ഐഎസ്എൽ ആദ്യ പാദ സെമിഫൈനൽ മത്സരത്തിൽ ജംഷഡ്‌പൂർ എഫ്‌സിയെ നേരിടാൻ ഒരുങ്ങുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്. പ്രതീക്ഷകളോടെ ബ്ലാസ്റ്റേഴ്‌സ് കളത്തിലിറങ്ങുമ്പോൾ കടുത്ത മത്സരം തന്നെയാണ് ജംഷഡ്‌പൂരിനെതിരെ നടക്കാൻ പോവുകയെന്ന് പറയുകയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ സൂപ്പർ കോച്ച് ഇവാൻ വുകോമനോവിച്ച്.

ഇതിന് മുൻപ് നടന്ന മത്സരങ്ങളിലെ പ്രകടനങ്ങൾ ഇനി പ്രസക്തമല്ലെന്നും സെമിഫൈനൽ പുതിയൊരു മത്സരമാണെന്നും ഇവാൻ പറഞ്ഞു. ഇന്നത്തെ മത്സരത്തിൽ എന്തും സംഭവിക്കാൻ സാധ്യതയുണ്ടെന്നും ബ്ലാസ്റ്റേഴ്സിന്റെ കോച്ച് കൂട്ടിച്ചേർത്തു. “ലീഗ് ഘട്ടത്തില്‍ ജംഷഡ്‌പൂരിനെ തോല്‍പ്പിക്കാനായിട്ടില്ലെങ്കിലും ആത്മവിശ്വാസത്തോടെയാണ് ബ്ലാസ്റ്റേഴ്സ് കളത്തിലിറങ്ങുന്നത്. കഴിഞ്ഞ മത്സരങ്ങളിലെ പ്രകടനങ്ങള്‍ ഇനി പ്രസക്തമല്ല. നാളെ പുതിയൊരു മത്സരമാണ്. ഫുട്ബോളില്‍ എന്തും സാധ്യമാണ്. എങ്കിലും ജംഷഡ്‌പൂരില്‍ നിന്ന് കളിക്കളത്തില്‍ ശാരീരികമായും കടുത്ത പോരാട്ടം പ്രതീക്ഷിക്കുന്നു.” – ഇവാൻ വുകോമനോവിച്ച് വ്യക്തമാക്കി.

അവിശ്വസനീയമായ തിരിച്ചു വരവാണ് ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്‌സ് നടത്തിയിരിക്കുന്നത്. വർഷങ്ങളായി ആരാധകർ കാത്തിരുന്ന പ്രകടനമാണ് ബ്ലാസ്റ്റേഴ്‌സ് ഈ സീസണിൽ നടത്തിക്കൊണ്ടിരിക്കുന്നത്. മികച്ച പ്രകടനത്തിലൂടെ ഇപ്പോൾ സെമി ഫൈനലിലും എത്തിയിരിക്കുകയാണ് ടീം. ടീമിന്റെ ഒത്തിണക്കത്തിന്റെയും മികവിന്റെയും മുഴുവൻ ക്രെഡിറ്റും കോച്ച് ഇവാൻ വുകോമനോവിച്ചിനാണ് ആരാധകരും കളി പ്രേമികളും നൽകുന്നത്.

Read More: ജനമധ്യത്തിൽ പ്രേക്ഷകരെ ചിരിപ്പിക്കാൻ മാത്തുവും കല്ലുവും; ‘അടിച്ചു മോനെ’ മാർച്ച് 14 തിങ്കളാഴ്ച മുതൽ ഫ്‌ളവേഴ്‌സ് ടിവിയിൽ

അതേ സമയം ഇന്നത്തെ സെമിഫൈനൽ മത്സരം വലിയ സ്‌ക്രീനിൽ കാണാനുള്ള അവസരം ആരാധകർക്ക് ഒരുക്കിയിരിക്കുകയാണ് ബ്ലാസ്റ്റേഴ്‌സ് ടീം മാനേജ്‌മെന്റ്. കലൂർ സ്റ്റേഡിയത്തിന് പുറത്തു ഒരുക്കിയിരിക്കുന്ന ഫാൻ പാർക്കിൽ വൈകിട്ട് അഞ്ചര മുതൽ മത്സരത്തിന്റെ ലൈവ് സ്ട്രീമിംഗ് ആരംഭിക്കുമെന്നാണ് ടീം അറിയിച്ചിരിക്കുന്നത്. ഏറെ നാളായി ബ്ലാസ്റ്റേഴ്സിന്റെ മത്സരങ്ങളും സ്റ്റേഡിയത്തിലെ ആരവങ്ങളും നഷ്ടമായ ആരാധകർക്ക് വലിയ ആവേശമാണ് ഈ വാർത്ത നൽകിയിരിക്കുന്നത്.

Story Highlights: Ivan vukomanovic shares his hopes about semifinal match