‘എന്റെ മകളാണ്’, ജയറാം അഭിമാനത്തോടെ പറഞ്ഞു; സത്യൻ അന്തിക്കാട് ചിത്രത്തിന് പേര് വന്നതിന് പിന്നിൽ…

March 9, 2022

ജയറാമിനെ മുഖ്യകഥാപാത്രമാക്കി സത്യൻ അന്തിക്കാട് ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് മകൾ. സിനിമയ്ക്ക് മകൾ എന്ന് പേരിട്ടതിന്റെ പിന്നിലെ സാഹചര്യം വെളിപ്പെടുത്തുകയാണ് ജയറാം. ഈ പേരിന് കാരണമായത് തന്റെ മകൾ മാളവിക ആണെന്നാണ് ജയറാം പറയുന്നത്. സാധാരണയായി സത്യൻ അന്തിക്കാട് ചിത്രങ്ങൾക്ക് അവസാനമാണ് പേരിടാറുള്ളത്. പുതിയ ചിത്രത്തിന്റെ അവസാനദിവസം എന്റെ മകൾ മാളവികയും സെറ്റിൽ വന്നിരുന്നു. അന്ന് ഷൂട്ടിങ് കാണാൻ കുറച്ച് കുടുംബങ്ങളും എത്തിയിരുന്നു. അവർ കൂടെയരാണെന്ന് ചോദിച്ചു. എന്റെ മകളാണ് എന്ന് പറഞ്ഞാണ് മോളെ പരിചയപ്പെടുത്തിയത്. ഇതുകേട്ട സത്യൻ അന്തിക്കാട് എന്നെ വിളിച്ചിട്ട് പറഞ്ഞു ‘മകൾ’- ഇതാണ് നമ്മുടെ സിനിമയുടെ ടൈറ്റിലെന്ന് പറയുകയായിരുന്നുവെന്ന് ജയറാം പറയുന്നു.

ഒരു ആൾക്കൂട്ടത്തിന് മുന്നിൽ നിന്ന് അഭിമാനത്തോടെ ഞാൻ മകൾ, മകൾ എന്ന് പറയുന്നത് കേട്ടപ്പോൾ അദ്ദേഹത്തിന് തോന്നി ഇതാണ് ഈ ചിത്രത്തിനും യോജിച്ച പേരെന്ന് – ജയറാം കൂട്ടിച്ചേർത്തു. പ്രഭാസിനൊപ്പം രാധേ ശ്യാം എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി കൊച്ചിയിൽ എത്തിയപ്പോഴുള്ള വാർത്താ സമ്മേളനത്തിലാണ് ജയറാം ഇത് പറഞ്ഞത്. ഒപ്പം ഒരു വനിതാ ദിനത്തിൽ ഇത് പറയാൻ കഴിഞ്ഞതിന്റെ സന്തോഷവും താരം പങ്കുവെച്ചു.

Read also: ഡോക്ടറേറ്റ് എടുക്കാനുള്ള പഠനത്തിനിടെയിലും ചായക്കടയിലെ ജോലിയിൽ തിരക്കിലാണ് ആർദ്ര; പ്രചോദനമാണ് ഈ ജീവിതം

അതേസമയം ജയറാം- മീര ജാസ്മിൻ എന്നിവരെ മുഖ്യകഥാപാത്രങ്ങളാക്കി സത്യൻ അന്തിക്കാട് ഒരുക്കുന്ന ചിത്രമാണ് മകൾ. വർഷങ്ങൾക്ക് ശേഷമാണ് ജയറാമും മീര ജാസ്മിനും ഒന്നിക്കുന്നത്. സത്യൻ അന്തിക്കാടിനോടൊപ്പമുള്ള മീര ജാസ്മിന്റെ അഞ്ചാമത്തെ ചിത്രം എന്ന പ്രത്യേകതയും പുതിയ സിനിമയ്ക്കുണ്ട്. ചിത്രത്തിൽ ദേവിക, ഇന്നസെന്റ്, സിദ്ദിഖ്, ശ്രീനിവാസൻ, നസ്ലിൻ തുടങ്ങിയ താരങ്ങളും അണിനിരക്കുന്നുണ്ട്. ഡോ. ഇക്ബാൽ കുറ്റിപ്പുറമാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

Story highlights: jayaram about Makal Movie on Prabhas Radhe Shyam promotion