വേറിട്ട ലുക്കിൽ തെന്നിന്ത്യയുടെ പ്രിയ നായിക; കീർത്തി സുരേഷ് ചിത്രം റിലീസിനൊരുങ്ങുന്നു

March 24, 2022

തെന്നിന്ത്യ ഒട്ടാകെ പ്രേക്ഷക പ്രീതി നേടിയ താരമാണ് കീർത്തി സുരേഷ്. താരത്തിന്റെ ഓരോ ചിത്രത്തിന്റെ വിശേഷങ്ങളും ആരാധകർ ഏറ്റെടുക്കാറുണ്ട്. ഇപ്പോഴിതാ താരത്തിന്റെ പുതിയ ചിത്രത്തിന്റെ വിശേഷങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. അരുണ്‍ മാതേശ്വരൻ സംവിധാനം ചെയ്യുന്ന ‘സാനി കൈദം’ എന്ന ചിത്രമാണ് താരത്തിന്റേതായി അണിയറയിൽ ഒരുങ്ങുന്നത്. ഡയറക്ട് ഒടിടി റിലീസായി ചിത്രം ഏപ്രില്‍ ഏഴിന് എത്തുമെന്നാണ് റിപ്പോര്‍ട്ട്. അതേസമയം ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല.

സംവിധായകൻ സെല്‍വരാഘവന്‍ നായകനാവുന്ന ചിത്രത്തിൽ വ്യത്യസ്തമായ ലുക്കിലാണ് കീർത്തി സുരേഷും സെല്‍വരാഘവനും പ്രത്യക്ഷപ്പെടുന്നത്. അതേസമയം കീർത്തി സുരേഷിന്റേതായി നിരവധി ചിത്രങ്ങളാണ് അണിയറയിൽ ഒരുങ്ങുന്നത്. മലയാളത്തിൽ മരക്കാർ അറബിക്കടലിന്റെ സിംഹമാണ് താരത്തിന്റേതായി അവസാനം റിലീസ് ചെയ്തത്. തമിഴിൽ രജനീകാന്തിനൊപ്പമുള്ള അണ്ണാത്തെയാണ് താരത്തിന്റേതായി പുറത്തിറങ്ങിയത്. ഇപ്പോഴിതാ മഹേഷ് ബാബു ചിത്രമാണ് തെലുങ്കിൽ താരത്തിന്റേതായി റിലീസിന് ഒരുങ്ങുന്നത്. സർക്കാരു വാരി പാട്ട എന്ന ചിത്രത്തിലാണ് കീർത്തി മഹേഷ് ബാബുവിനൊപ്പം അഭിനയിക്കുന്നത്. സർക്കാരു വാരി പാട്ട എന്ന ചിത്രത്തിലും കീർത്തി നായികയായി വേഷമിടുന്നുണ്ട്. പരശുറാം സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഇരട്ട വേഷത്തിലാണ് മഹേഷ് ബാബു വേഷമിടുന്നത്.

Read also: പ്രായം വെറും നാല്; തയ്യാറാക്കുന്നത് അതിമനോഹരമായ കേക്കുകൾ- വിഡിയോ

കീര്‍ത്തി സുരേഷ് നായികയാകുന്ന മലയാളം ചിത്രം ‘വാശി’യും അണിയറയിൽ ഒരുങ്ങുന്നുണ്ട്. കീർത്തി സുരേഷും ടൊവിനോ തോമസും ഒന്നിക്കുന്ന ചിത്രം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് സിനിമ പ്രേമികൾ. വിഷ്ണു ജി രാഘവ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അഭിഭാഷകയായാണ് താരം എത്തുന്നത്. ദേശീയ അവാർഡ് ജേതാവായ നടി കീർത്തി സുരേഷും ടൊവിനോ തോമസും ആദ്യമായി ഒന്നിച്ചെത്തുന്ന ചിത്രം കൂടിയാണ് വാശി. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു.

തെന്നിന്ത്യയുടെ പ്രിയ നായികയാണ് കീർത്തി സുരേഷ്. മലയാളത്തിനേക്കാൾ മറ്റു ഭാഷകളിലാണ് കീർത്തി കൂടുതൽ സ്വീകരിക്കപ്പെട്ടത്. തമിഴിലും തെലുങ്കിലും സാന്നിധ്യമറിയിച്ചതിന് പിന്നാലെ ബോളിവുഡിലേക്കും ചുവടുവയ്ക്കുകയാണ് കീർത്തി സുരേഷ്.

Story highlights: Keerthi suresh film saani kaayidham