lakshya

‘നായകനാ’യി അഡ്രിയാൻ ലൂണ, കത്തിക്കയറി ബ്ലാസ്റ്റേഴ്‌സ്; ആദ്യ പകുതിയിൽ ലീഡ് നേടി കേരള ബ്ലാസ്റ്റേഴ്‌സ്

March 15, 2022

സെമിഫൈനൽ ആദ്യ ലെഗ് മത്സരത്തിൽ പതിയെ ആണ് ബ്ലാസ്റ്റേഴ്‌സ് തുടങ്ങിയതെങ്കിൽ രണ്ടാം മത്സരത്തിൽ തുടക്കം മുതൽ കത്തിക്കയറുകയാണ് കേരള ടീം. ആക്രമണങ്ങളിലും പ്രതിരോധത്തിലും മികച്ച നീക്കങ്ങൾ കണ്ട ആദ്യ പകുതി അവസാനിക്കുമ്പോൾ ജംഷഡ്‌പൂരിനെതിരെ കേരളം മേൽക്കൈ നേടിയിരിക്കുകയാണ്. സ്കോർ: 1-0.

ബ്ലാസ്റ്റേഴ്സിന്റെ നായകൻ അഡ്രിയാൻ ലൂണ കളിയുടെ പതിനേഴാം മിനുട്ടിൽ ശരിക്കും ടീമിന്റെ നായകനായി അവതരിക്കുകയായിരുന്നു. സൂപ്പർതാരം വാസ്‌ക്വേസ് നൽകിയ മനോഹരമായ ഒരു പാസ്സ് അതിമനോഹരമായ ഒരു ഗോളാക്കി മാറ്റുകയായിരുന്നു ലൂണ. ലോകമെമ്പാടുമുള്ള ബ്ലാസ്റ്റേഴ്‌സ് ആരാധകരെ വീണ്ടും ആഘോഷത്തിലാക്കിയ ഒരു നിമിഷമായി അത് മാറി.

നേരത്തെ കളിയുടെ ആദ്യ മിനുട്ടിൽ വാസ്‌ക്വേസിനും പിന്നീട് പത്താം മിനുട്ടിൽ പെരേര ഡയസിനും കിട്ടിയ സുവർണ അവസരങ്ങൾ ഗോളാക്കി മാറ്റാൻ കേരളത്തിന് കഴിഞ്ഞിരുന്നില്ല. എങ്കിലും അതിനെയൊക്കെ അപ്രസക്തമാക്കുന്ന ഒരു നിമിഷമായിരുന്നു അധികം വൈകാതെ പതിനേഴാം മിനുട്ടിൽ ഉണ്ടായത്.

മികച്ച പ്രതിരോധമാണ് ബ്ലാസ്റ്റേഴ്‌സ് ഒരുക്കിയിരുന്നത്. കഴിഞ്ഞ കളിയിലെ പോലെ തന്നെ മാർക്കിങ് ഗെയിം ഈ കളിയിലും വളരെ മികവോടെയാണ് ബ്ലാസ്റ്റേഴ്‌സ് നടപ്പാക്കിയത്. ജംഷഡ്പൂരിന്റെ സൂപ്പർതാരങ്ങളായ ഗ്രെഗ് സ്റ്റുവർട്ടിനെയും ചീമയെയും ഇടതും വലതും നിന്ന് പൂട്ടുകയായിരുന്നു ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ.

അഗ്രിഗേറ്റ് സ്കോർ 2-0 ആയതോട് കൂടി തികഞ്ഞ ആത്മവിശ്വാസത്തിലാണ് കേരള ബ്ലാസ്റ്റേഴ്‌സ്.

Story Highlights: Kerala leads in first half