സഹൽ അഹമ്മദിന്റെ ബ്ലാസ്റ്റ് ; ആദ്യ പകുതിയിൽ ലീഡ് നേടി കേരള ബ്ലാസ്റ്റേഴ്‌സ്

March 11, 2022

ജംഷഡ്‌പൂർ എഫ്‌സിയുമായുള്ള സെമിഫൈനലിലെ ആദ്യ പാദ മത്സരത്തിന്റെ ആദ്യ പകുതി അവസാനിക്കുമ്പോൾ തകർപ്പൻ ഗോളുമായി ലീഡ് നേടിയിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്. മുപ്പത്തിയെട്ടാം മിനുട്ടിൽ കണ്ണൂർ പയ്യന്നൂരുകാരനായ സൂപ്പർതാരം സഹൽ അഹമ്മദിലൂടെയാണ് കേരളം ലീഡ് എടുത്തിരിക്കുന്നത്. ആദ്യ പകുതി അവസാനിക്കുമ്പോൾ സ്കോർ: 1 – 0

കളിയുടെ തുടക്കത്തിൽ ജംഷഡ്‌പൂർ കളം നിറഞ്ഞ് കളിച്ചപ്പോൾ മെല്ലെയാണ് കേരളം താളം കണ്ടെത്തിയത്. പത്താം മിനുട്ടിലും ഇരുപതാം മിനുട്ടിലും ജംഷഡ്‌പൂരിന്റെ നൈജീരിയൻ താരം പുട്ടിയക്ക് ലഭിച്ച രണ്ട് സുവർണ അവസരങ്ങളും താരം പാഴാക്കുകയായിരുന്നു. ഇടതും വലതും വിങ്ങുകളിൽ ജംഷഡ്‌പൂർ കയറി കളിച്ചപ്പോൾ കേരളം ഒരു പടി പുറകിലേക്ക് ഇറങ്ങി കളിക്കുകയായിരുന്നു. എന്നാലത് വരാൻ പോകുന്ന ഒരു വമ്പൻ മുന്നേറ്റത്തിന് മുൻപുള്ള ഒരു ചെറിയ ഇറക്കം മാത്രമായിരുന്നു.

മുപ്പത്തിയെട്ടാം മിനുട്ടിൽ സഹൽ അബ്ദുൽ സമദിലൂടെ ബ്ലാസ്റ്റേഴ്‌സ് ടീമും ആരാധകരും ഒരേ പോലെ കാത്തിരുന്ന സുവർണ നിമിഷം പിറക്കുകയായിരുന്നു. നീണ്ട പാസ് ഗോൾ കീപ്പറിന് മുകളിലൂടെ യാതൊരു സമ്മർദ്ദങ്ങളുമില്ലാതെ വളരെ കൂളായാണ് സഹൽ പന്തിനെ ഗോൾ പോസ്റ്റിലേക്ക് തട്ടിയിട്ടത്. കേരളം കാത്തിരുന്ന ലീഡ് 1 – 0.

Story Highlights: Kerala leads in the first half of semifinal