‘ബ്രോ ഡാഡി’യിലെ ലാലേട്ടനെ അനുകരിച്ച് കുരുന്ന്, വിഡിയോ പങ്കുവെച്ച് മോഹൻലാൽ

March 5, 2022

പൃഥ്വിരാജ് സുകുമാരന്റെ സംവിധാനത്തിൽ മോഹൻലാൽ മുഖ്യകഥാപാത്രമായി അടുത്തിടെ പ്രേക്ഷകരിലേക്കെത്തിയ ചിത്രമാണ് ബ്രോ ഡാഡി. ഇപ്പോഴിതാ ചിത്രത്തിലെ മോഹൻലാലിന്റെ കഥാപാത്രം ജോൺ കാറ്റാടിയെ അനുകരിക്കുന്ന ഒരു കൊച്ചുമിടുക്കന്റെ വിഡിയോയാണ് സോഷ്യൽ ഇടങ്ങളിൽ ശ്രദ്ധനേടുന്നത്. ഷഹ്‌റാൻ സമീർ എന്ന കൊച്ചുമിടുക്കാനാണ് വിഡിയിലെ താരം. മുണ്ടും ജുബ്ബയും ധരിച്ച് വളരെയധികം എനർജറ്റിക്കായി നടക്കുന്ന ലാലേട്ടന്റെ മാനറിസങ്ങൾ അതെ പാടി അനുകരിക്കുന്നുണ്ട് കുഞ്ഞ് ഷഹ്‌റാൻ. വേഷത്തിലും ഭാവത്തിലുമൊക്കെ ലാലേട്ടനെ അനുകരിക്കുന്ന ഈ താരത്തിന്റെ വിഡിയോ മോഹൻലാലും കല്യാണി പ്രിയദർശനുമടക്കമുള്ള താരങ്ങൾ പങ്കുവെച്ചിട്ടുണ്ട്.

അതേസമയം മോഹൻലാലിൻറെ സുഹൃത്ത് സമീർ ഹംസയുടെ മകനാണ് ഷഹ്‌റാൻ. നേരത്തെ ഷഹ്‌റാൻ സമീറിന്റെ പിറന്നാൾ ആഘോഷത്തിൽ പങ്കെടുക്കാൻ എത്തിയ ലാലേട്ടന്റെ ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. അതിന് പിന്നാലെയാണ് താരത്തിന്റെ ജോൺ കാറ്റാടിയെ അനുകരിച്ചുകൊണ്ട് ഈ കുഞ്ഞുമോൻ എത്തുന്നത്. എന്തായാലും സോഷ്യൽ ഇടങ്ങളിൽ പങ്കുവെച്ച വിഡിയോയ്ക്ക് മികച്ച അഭിപ്രായങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

Read also: അള്ളാ അതൊന്നും ഞമ്മക്ക് അറിയൂല; പാട്ട് വേദിയിൽ ഇംഗ്ലീഷ് സംസാരിക്കാനെത്തിയ മിയക്കുട്ടി ആ ചോദ്യത്തിന് മുന്നിൽ പകച്ചുപോയി, വിഡിയോ

നടനായും സംവിധായകനായും ഗായകനായുമൊക്കെ ശ്രദ്ധനേടിയ പൃഥ്വിരാജ് സുകുമാരൻ ലൂസിഫറിന് ശേഷം സംവിധാനം നിർവഹിച്ച ചിത്രമാണ് ബ്രോ ഡാഡി. മോഹൻലാലും പൃഥ്വിരാജും തന്നെയാണ് ചിത്രത്തിൽ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിച്ചതും. ജോൺ കാറ്റാടിയായി എത്തിയ മോഹൻലാലിൻറെ മകൻ ഈശോ ജോൺ കാറ്റാടിയെയാണ് ചിത്രത്തിൽ പൃഥ്വി അവതരിപ്പിച്ചത്. ലാലു അലക്‌സ്, മീന, കല്യാണി പ്രിയദർശൻ, കനിഹ, മല്ലിക സുകുമാരൻ, സൗബിൻ, ജഗദീഷ് തുടങ്ങി നിരവധി താരങ്ങളും വിവിധ കഥാപാത്രങ്ങളായി ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ഹാസ്യത്തിനും പ്രണയത്തിനും പ്രാധാന്യം നൽകിക്കൊണ്ടാണ് സിനിമ ഒരുക്കിയിരിക്കുന്നത്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രത്തിന്റെ നിർമാണം. ചിത്രത്തിന്റെ രചന ശ്രീജിത്തും ബിബിനും ചേർന്നാണ് നിർവഹിച്ചിരിക്കുന്നത്. 

Story highlights; Little boy Imitates Bro Daddy