’11 ചുണക്കുട്ടികളുടെ പടയോട്ടത്തിനായി കാത്തിരിക്കുന്നു, ഇന്നത്തെ രാവ് നമുക്ക് ആഹ്ളാദത്തിന്റേതാവട്ടെ”; ബ്ലാസ്റ്റേഴ്സിന് ആശംസകളുമായി നടൻ മമ്മൂട്ടി

March 20, 2022

പോയിന്റ് പട്ടികയിൽ ഒന്നാമതായിരുന്ന ജംഷഡ്‌പൂർ എഫ്‌സിയെ സെമിഫൈനലിന്റെ രണ്ട് മത്സരങ്ങളിലും തകർത്തെറിഞ്ഞാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഐഎസ്എൽ ഫൈനലിലേക്ക് പ്രവേശിച്ചത്. ആർക്കും പ്രതീക്ഷയില്ലാതിരുന്ന ഒരു ഘട്ടത്തിൽ നിന്ന് ലീഗിലെ ഒന്നാം നമ്പർ ടീമിനെ കീഴടക്കിയാണ് ബ്ലാസ്റ്റേഴ്‌സ് ഇന്ന് കലാശ പോരാട്ടത്തിനിറങ്ങുന്നത്. പല പ്രമുഖരും കേരള ബ്ലാസ്റ്റേഴ്സിന് ആശംസകളുമായി രംഗത്തെത്തിയിരുന്നു.

ഇപ്പോൾ മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയാണ് ബ്ലാസ്റ്റേഴ്സിന് ആശംസകൾ നേർന്ന് കൊണ്ടുള്ള കുറിപ്പ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്. ലോകമെങ്ങുമുള്ള മലയാളികൾക്കൊപ്പം താനും ഇന്ന് ബ്ലാസ്റ്റേഴ്സിന് ഒപ്പമാണെന്നാണ് മമ്മൂട്ടി പറയുന്നത്. പതിനൊന്ന് ചുണക്കുട്ടികളുടെ പടയോട്ടത്തിനായാണ് താൻ കാത്തിരിക്കുന്നതെന്നും സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പിൽ മമ്മൂട്ടി പറയുന്നു.

“കാൽപ്പന്തിൻ്റെ ഇന്ത്യൻ നാട്ടങ്കത്തിൽ കേരള ദേശം പോരിനിറങ്ങുമ്പോൾ ലോകമെങ്ങുമുള്ള മലയാളികളെപ്പോലെ ഞാനും ഒപ്പമുണ്ട്. ഇന്നത്തെ രാവ് നമുക്ക് ആഹ്ലാദത്തിന്റേതാകട്ടെ…പതിനൊന്ന് ചുണക്കുട്ടികളുടെ പടയോട്ടത്തിനായി കാത്തിരിക്കുന്നു..കേരള ബ്ലാസ്റ്റേഴ്സ് ടീമിന് വിജയാശംസകൾ…” ബ്ലാസ്റ്റേഴ്‌സ് ടീമിന്റെ ചിത്രത്തിനൊപ്പം മമ്മൂട്ടി ഫേസ്ബുക്കിൽ കുറിച്ചു.

Read More: സഹൽ കളിച്ചേക്കില്ല; ബ്ലാസ്റ്റേഴ്സിന്റെ സൂപ്പർതാരം സഹൽ അബ്ദുൽ സമദിന് ഫൈനൽ നഷ്ടമാവാൻ സാധ്യത

ആറ് വർഷങ്ങൾക്ക് ശേഷമാണ് ബ്ലാസ്റ്റേഴ്‌സ് ഐഎസ്എല്ലിന്റെ ഫൈനലിലെത്തിയിരിക്കുന്നത്. ഐഎസ്എൽ കിരീടമെന്ന ടീമിന്റെയും ആരാധകരുടെയും വർഷങ്ങളുടെ പഴക്കമുള്ള സ്വപ്നത്തിലേക്ക് ബ്ലാസ്റ്റേഴ്‌സ് അടുത്തിരിക്കുകയാണ്. ലോകമെങ്ങുമുള്ള ആരാധകരെ ആവേശത്തിരയിലാഴ്ത്തിയാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഐഎസ്എൽ ഫൈനലിലേക്ക് പ്രവേശിച്ചത്. ഗോവയിൽ നടന്ന രണ്ടാം പാദ മത്സരം സമനിലയിലായെങ്കിലും ആദ്യ മത്സരത്തിലെ വിജയത്തിലൂടെയാണ് ബ്ലാസ്റ്റേഴ്‌സ് ഫൈനലിലേക്ക് മാർച്ച് ചെയ്തത്.

ഇന്ന് 7.30 ക്ക് ഗോവയിലെ ഫറ്റോർഡ സ്റ്റേഡിയത്തിൽ വച്ചാണ് കേരള ബ്ലാസ്റ്റേഴ്സും ഹൈദരാബാദ് എഫ്സിയും തമ്മിൽ ഏറ്റുമുട്ടുന്നത്.

Story Highlights: Mammootty about kerala blasters