മേലെ പൂമല താഴെ തേനല… മേഘ്‌നക്കുട്ടിക്കൊപ്പം ആസ്വദിച്ചുപാടി മനോജ് കെ ജയൻ

March 10, 2022

പാട്ട് വേദിയിലെ കുസൃതിക്കുടുക്കയാണ് മേഘ്‌നക്കുട്ടി. പാട്ടിനൊപ്പം രസകരമായ വർത്തമാനങ്ങളുമായി വേദിയിൽ എത്താറുള്ള ഈ കുരുന്നിന്റെ പാട്ടുകൾക്കായി കാത്തിരിക്കാറുമുണ്ട് ആരാധകർ. വാക്കുകൾ കൃത്യമായി ഉച്ചരിച്ച് തുടങ്ങുംമുൻപ് തന്നെ അതിമനോഹരമായ ആലാപനത്തിലൂടെ പാട്ട് വേദിയെ അത്ഭുതപ്പെടുത്തിയ ഗായികകൂടിയാണ് മേഘ്‌ന. ഇപ്പോഴിതാ ചലച്ചിത്രതാരം മനോജ് കെ ജയനൊപ്പം പാട്ട് പാടുന്ന മേഘ്‌നക്കുട്ടിയുടെ വിഡിയോയാണ് ആരാധകരിൽ ആവേശം നിറയ്ക്കുന്നത്. മദനോത്സവം എന്ന ചിത്രത്തിലെ ‘മേലെ പൂമല താഴെ തേനല കാറ്റേ വാ….’ എന്ന ഗാനമാണ് ഇരുവരും ചേർന്ന് വേദിയിൽ ആലപിക്കുന്നത്.

അഭിനയത്തിനൊപ്പം പാട്ട് പാടിയും നൃത്തം ചെയ്തുമൊക്ക പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കിയ താരമാണ് മനോജ് കെ ജയൻ. അതുകൊണ്ടുതന്നെ കുരുന്നുകൾക്കൊപ്പം വേദിയിൽ എത്താറുള്ള താരവും വേദിയെ കൂടുതൽ മനോഹരമാക്കാറുണ്ട്. അതേസമയം പാട്ട് കൂട്ടിലെ കുരുന്നുകളുടെ പാട്ടുകൾ ആസ്വദിക്കാനും പാട്ട് വിശേഷങ്ങളും സിനിമ വിശേഷങ്ങളുമൊക്കെ പങ്കുവയ്ക്കുകയും ചെയ്യുന്ന മ്യൂസിക് ഉത്സവ വേദിയിലാണ് ഇരുവരും ചേർന്ന് പാടി മനോഹരമാക്കിയത്. സിനിമയിൽ കെ ജെ യേശുദാസും സബിത ചൗധരിയും ചേർന്ന് ആലപിച്ച ഗാനവുമായാണ് മേഘ്‌നക്കുട്ടിയും മനോജ് കെ ജയനും വേദിയിൽ എത്തിയത്. ഓ എൻ വി കുറുപ്പിന്റേതാണ് ഗാനത്തിന്റെ വരികൾ.

Read also: മീനൂട്ടിയുടെ റൊമാന്റിക് ഹീറോയെ വേദിയിലെത്തിച്ച് പാട്ട് വേദി, ചിരി നിമിഷം

കുഞ്ഞുപാട്ടുകാർ മാറ്റുരയ്ക്കുന്ന ടോപ് സിംഗർ രണ്ടാം സീസൺ ഇതിനോടകം പ്രേക്ഷകരുടെ ഇഷ്ടപരിപാടിയായി മാറിക്കഴിഞ്ഞു. പാട്ട് വേദിയിലെ ഓരോ കുരുന്നുകളെയും അവരുടെ പാട്ടുകളെയുമൊക്കെ ഏറ്റെടുത്തുകഴിഞ്ഞു പ്രേക്ഷകർ. അത്ഭുതപ്പെടുത്തുന്ന ആലാപനത്തിനൊപ്പം നിഷ്‌കളങ്കമായ കളിയും ചിരിയും കുട്ടി വർത്തമാനങ്ങളും അരങ്ങേറുന്ന പരുപാടി ഇതിനോടകം ജനലക്ഷങ്ങളുടെ ഇഷ്ടവിനോദ പരുപാടിയായി മാറിക്കഴിഞ്ഞു. പാട്ടിനൊപ്പം ചില അവിസ്മരണീയ മുഹൂർത്തങ്ങൾക്കും ഈ വേദി സാക്ഷിയാകാറുണ്ട്.