‘ജനകോടികൾക്കൊപ്പം പ്രാർത്ഥനയോടെ, ആശംസകളോടെ..’; വൈറലായി കേരള ബ്ലാസ്റ്റേഴ്സിനുള്ള നടൻ മോഹൻലാലിൻറെ ആശംസ കുറിപ്പ്

March 20, 2022

ആറ് വർഷങ്ങൾക്ക് ശേഷമാണ് ബ്ലാസ്റ്റേഴ്‌സ് ഐഎസ്എല്ലിന്റെ ഫൈനലിലെത്തുന്നത്. ലോകമെങ്ങുമുള്ള ആരാധകരെ ആവേശത്തിരയിലാഴ്ത്തിയാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഫൈനലിലേക്ക് പ്രവേശിച്ചത്. ഗോവയിൽ നടന്ന രണ്ടാം പാദ മത്സരം സമനിലയിലായെങ്കിലും ആദ്യ മത്സരത്തിലെ വിജയത്തിലൂടെയാണ് ബ്ലാസ്റ്റേഴ്‌സ് ഫൈനലിലേക്ക് മാർച്ച് ചെയ്തത്. ഐഎസ്എൽ കിരീടമെന്ന ടീമിന്റെയും ആരാധകരുടെയും വർഷങ്ങളുടെ പഴക്കമുള്ള സ്വപ്നത്തിലേക്ക് ഒരു പടി കൂടി അടുത്തിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്.

പല പ്രമുഖരും കേരള ബ്ലാസ്റ്റേഴ്സിന് ആശംസകളുമായി രംഗത്തെത്തിയിരുന്നു. ഇപ്പോൾ മലയാളത്തിന്റെ പ്രിയനടൻ മോഹൻലാലാണ് ബ്ലാസ്റ്റേഴ്സിന് ആശംസകൾ നേർന്ന് കൊണ്ടുള്ള കുറിപ്പ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്. കേരളം മുഴുവൻ ആവേശം നിറഞ്ഞാടുമ്പോൾ കോടികണക്കിന് മലയാളികളോടൊപ്പം താനും ബ്ലാസ്റ്റേഴ്സിന്റെ വിജയത്തിനായി പ്രാർത്ഥിക്കുന്നുവെന്നാണ് മലയാളികളുടെ പ്രിയപ്പെട്ട ലാലേട്ടൻ സമൂഹമാധ്യമങ്ങളിൽ കുറിച്ചത്.

‘ആവേശത്തിരയിൽ കേരളം നിറഞ്ഞാടുമ്പോൾ, മലയാള മനസ്സുകളിൽ പ്രതീക്ഷയുടെ കാൽപ്പന്തുരുളുമ്പോൾ, മഞ്ഞപ്പടയുടെ വിജയത്തിനായി, ജനകോടികൾക്കൊപ്പം, പ്രാർത്ഥനയോടെ, ആശംസകളോടെ…’ എന്നാണ് മോഹൻലാൽ കുറിച്ചത്. കേരള ബ്ലാസ്റ്റേഴ്സിന്റെ ചിത്രവും തന്റെ കുറിപ്പിനൊപ്പം മോഹൻലാൽ പങ്കുവെച്ചു.

Read More: പ്രണയം പങ്കുവെക്കാൻ സീതയും ഇന്ദ്രനും വീണ്ടുമെത്തുന്നു; ‘സീതപ്പെണ്ണ്’ മാർച്ച് 28 മുതൽ ഫ്‌ളവേഴ്‌സിൽ

നേരത്തെ നടൻ മമ്മൂട്ടിയും ബ്ലാസ്റ്റേഴ്സിന് ആശംസയുമായി എത്തിയിരുന്നു. ലോകമെങ്ങുമുള്ള മലയാളികൾക്കൊപ്പം താനും ഇന്ന് ബ്ലാസ്റ്റേഴ്സിന് ഒപ്പമാണെന്നാണ് മമ്മൂട്ടി പറഞ്ഞത്. പതിനൊന്ന് ചുണക്കുട്ടികളുടെ പടയോട്ടത്തിനായാണ് താൻ കാത്തിരിക്കുന്നതെന്നും സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പിൽ മമ്മൂട്ടി കൂട്ടിച്ചേർത്തു.

ഇന്ന് 7.30 ക്ക് ഗോവയിലെ ഫറ്റോർഡ സ്റ്റേഡിയത്തിൽ വച്ചാണ് കേരള ബ്ലാസ്റ്റേഴ്സും ഹൈദരാബാദ് എഫ്സിയും തമ്മിൽ ഏറ്റുമുട്ടുന്നത്.

Story Highlights: Mohanlal about kerala blasters