ഡിവോഴ്സ് പ്ലാനുമായി മൗന; കൗതുകമായി ‘ഹേ സിനാമിക’ സ്നീക്ക് പീക്ക്

March 7, 2022

തെന്നിന്ത്യ ഒട്ടാകെ ആരാധകരെ നേടിയതാണ് ദുൽഖർ സൽമാൻ. താരം പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ച ഏറ്റവും പുതിയ ചിത്രമാണ് ‘ഹേ സിനാമിക’. പ്രണയത്തിനും സൗഹൃദത്തിനും പ്രാധാന്യം നൽകി ഒരുക്കിയ ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് തെന്നിന്ത്യയിലെ വിവിധ ഇടങ്ങളിൽ നിന്നുമായി ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇന്ത്യയിലെ തന്നെ ഏറ്റവും പ്രഗത്ഭയായ കൊറിയോഗ്രാഫർ ബ്രിന്ദ മാസ്റ്റർ സംവിധാനം ചെയ്ത ഹേ സിനാമിക സംഗീതത്തിനും നൃത്തത്തിനുമൊക്കെ പ്രാധാന്യം നൽകികൊണ്ടാണ് പ്രേക്ഷകരിലേക്കെത്തിയത്. ചിത്രത്തിലേതായി പുറത്തുവന്ന ഗാനങ്ങളും വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. ദുൽഖറിന്റെ നായികമാരായി കാജൽ അഗർവാളും, അദിതി റാവു ഹൈദരിയും എത്തുന്ന ചിത്രത്തിലെ ഒരു സ്‌നീക്ക് പീക്കാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെടുന്നത്.

ചിത്രത്തിൽ ദുൽഖർ സൽമാന്റെ ഭാര്യയുടെ വേഷത്തിലാണ് അദിതി എത്തുന്നത്. സംഭാഷണ പ്രിയനായ യാഴന്‍ എന്ന കഥാപാത്രത്തെയാണ് ദുല്‍ഖര്‍ അവതരിപ്പിക്കുന്നത്. യാഴന്‍റെ ഭാര്യ മൗനയായി അദിതിയും എത്തുന്നു. യാഴനെ ഡിവോഴ്സ് ചെയ്യാനുള്ള മൗനയുടെ പ്ലാനുകളാണ് പുറത്തുവന്ന വിഡിയോയിൽ കാണുന്നത്. അതേസമയം മലയാളത്തിലും തമിഴിലും അടക്കം മികച്ച സ്വീകാര്യത നേടി മുന്നേറികൊണ്ടിരിക്കുകയാണ് ഹേ സിനാമിക.

Read also: സല്ലാപത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞ് ബസിന്റെ ഫുട്ട് ബോർഡിൽ തൂങ്ങിനിന്ന് കൈ വീശിക്കാണിച്ചു മണി പോയത് സിനിമയുടെ ഉയരങ്ങളിലേക്കായിരുന്നു; മണി ഓർമ്മകളിൽ സിനിമാലോകം…

ചിത്രത്തിൽ ദുൽഖറിനൊപ്പം കാജൽ അഗർവാളും, അദിതി റാവു ഹൈദരിയും നായികമാരായി എത്തുന്ന സിനിമ കുടുംബബന്ധത്തിനും സൗഹൃദത്തിനും പ്രാധാന്യം നൽകിക്കൊണ്ടുള്ളതാണ്. സിനിമയ്ക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നത് മധൻ കർക്കിയാണ്. ഗോവിന്ദ് വസന്തയാണ് സംഗീതം കൈകാര്യം ചെയ്യുന്നത്. റിലയൻസ് എന്റർടൈന്മെന്റ്സ് നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം പ്രീത ജയരാമൻ ആണ്. തെന്നിന്ത്യയിൽ നിരവധി ഹിറ്റ് ചിത്രങ്ങൾക്ക് കൊറിയോഗ്രാഫറായി പ്രവർത്തിച്ചതാണ് ബ്രിന്ദ മാസ്റ്റർ. കാക്ക കാക്ക, വാരണം ആയിരം, കടൽ, പികെ, തെരി എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങൾക്കൊപ്പം മലയാളത്തിൽ ബിഗ് ബ്രദർ, ആദ്യരാത്രി, അതിരൻ, മധുരരാജ തുടങ്ങിയ നിരവധി ചിത്രങ്ങൾക്ക് കൊറിയോഗ്രാഫി ഒരുക്കിയതും ബൃന്ദയാണ്.

Story highlights: Mouna Divorce Plan- Hey Sinamika video