പക്ഷികൾക്ക് ദാഹജലം നൽകാൻ ഒരു ലക്ഷം മൺപാത്രങ്ങൾ…നാരായണനെ അഭിനന്ദിച്ച് പ്രധാനമന്ത്രി
എറണാകുളം മുപ്പത്തടം സ്വദേശി നാരായണൻ ഇന്ന് പലർക്കും പരിചിതനാണ്. വേനൽക്കാലത്ത് വെള്ളം കിട്ടാതെ വലയുന്ന പക്ഷികള്‍ക്കും മൃഗങ്ങള്‍ക്കും ജീവജലം നല്‍കാനായി മണ്‍പാത്രങ്ങള്‍ സൗജന്യമായി വിതരണം ചെയ്ത് ശ്രദ്ധിക്കപ്പെട്ടതാണ് നാരായണൻ. ഇപ്പോഴിതാ നാരായണനെ അഭിനന്ദിച്ചുകൊണ്ട് എത്തുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മന് കി ബാത്തിലാണ് ‘ജീവജലത്തിന് ഒരു മണ്‍പാത്രം’ പദ്ധതിയുടെ സൃഷ്ടാവ് നാരായണനെ പ്രധാനമന്ത്രി അഭിനന്ദിച്ചത്. പക്ഷികളെ പരിപാലിക്കുന്നതില്‍ കേരളത്തിലെ മുപ്പത്തടം നാരായണന്റെ പരിശ്രമം രാജ്യത്തെ പ്രചോദിപ്പിക്കുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
ചൂട് കൂടിയതോടെ പുഴകളും കുളങ്ങളും അടക്കം വറ്റിത്തുടങ്ങി. ഈ സാഹചര്യത്തിലാണ് പക്ഷി മൃഗാദികൾക്ക് അല്പം വെള്ളം നൽകുക എന്ന ലക്ഷ്യത്തോടെ നാരായണൻ മൺപാത്രങ്ങൾ സൗജന്യമായി വിൽക്കാൻ തീരുമാനിച്ചത്. ഫ്രീയായി പാത്രങ്ങൾ നൽകിയാൽ അതിൽ അല്പം വെള്ളം വെച്ച് ആളുകൾ പക്ഷികൾക്ക് നൽകുമെന്ന ചിന്തയിലാണ് അദ്ദേഹം പാത്രങ്ങൾ വിതരണം ചെയ്യാൻ ഒരുങ്ങിയത്. പ്രകൃതിയ്ക്ക് ദൂഷ്യം വരാത്ത മൺപാത്രങ്ങളാണ് ഇതിനായി അദ്ദേഹം തിരഞ്ഞെടുത്തത്. ഇതിനോടകം ഒരു ലക്ഷത്തിനടുത്ത് മൺപാത്രങ്ങൾ ഇതിനായി അദ്ദേഹം ഒരുക്കിക്കഴിഞ്ഞു. ഗാന്ധിജി സ്ഥാപിച്ച സബർമതി ആശ്രമത്തിനും അദ്ദേഹം മൺപാത്രങ്ങൾ വിതരണം ചെയ്യും.
വേനൽ തീഷ്ണമാകുന്ന ഈ സാഹചര്യത്തിൽ നാരായണന്റെ പ്രവർത്തി ഏറെ അഭിനന്ദനാർഹമാണെന്നും ഇത്തരം പ്രവർത്തികൾ നമുക്കും മാതൃകയാക്കാമെന്നും പ്രധാനമന്ത്രി മൻ കി ബാത്തിൽ പറഞ്ഞു.
അതേസമയം താൻ ഒരിക്കല്‍ ബസില്‍ യാത്രചെയ്യുമ്പോൾ വെള്ളം കിട്ടാതെ ഒരു പക്ഷി നിലത്ത് വീണ് കിടക്കുന്നത് കണ്ടെന്നും, ആ കാഴ്ചയില്‍ നിന്നാണ് ഇത്തരം ഒരു പ്രവൃത്തി ചെയ്യാൻ തീരുമാനിച്ചത് എന്നുമാണ് നാരായണൻ പറഞ്ഞത്.
Story highlights: Pm praises mupathadam narayanan