ഇവരുടെ പ്രകടനം മഞ്ഞപ്പടയ്ക്ക് നിർണായകം; ബ്ലാസ്റ്റേഴ്‌സ് ഇന്നത്തെ മത്സരത്തിൽ പ്രതീക്ഷയർപ്പിക്കുന്ന താരങ്ങൾ

March 11, 2022

അവിശ്വസനീയമായ തിരിച്ചു വരവാണ് ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്‌സ് നടത്തിയിരിക്കുന്നത്. വർഷങ്ങളായി ആരാധകർ കാത്തിരുന്ന പ്രകടനമാണ് ബ്ലാസ്റ്റേഴ്‌സ് ഈ സീസണിൽ നടത്തിക്കൊണ്ടിരിക്കുന്നത്. മികച്ച പ്രകടനത്തിലൂടെ ഇപ്പോൾ സെമി ഫൈനലിലും എത്തിയിരിക്കുകയാണ് ടീം. ഐഎസ്എൽ ആദ്യ പാദ സെമിഫൈനൽ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് ജംഷഡ്‌പൂർ എഫ്‌സിയെ നേരിടാനൊരുങ്ങുമ്പോൾ ഒരു കൂട്ടം താരങ്ങളിലാണ് ബ്ലാസ്റ്റേഴ്സിന്റെ പ്രതീക്ഷകളത്രയും.

കളിയുടെ ഗതിയെയും ഫലത്തെയും നിർണയിക്കാൻ കഴിവുള്ള കുറെ താരങ്ങൾ ബ്ലാസ്റ്റേഴ്‌സ് ടീമിലുണ്ട്. ഇവരുടെ പ്രകടനമാണ് എല്ലാ മത്സരങ്ങളിലും ബ്ലാസ്റ്റേഴ്സിന് നിർണായകമാവുന്നത്. അഡ്രിയാന്‍ ലൂണ, പെരേര ഡയസ്, ആല്‍വാരോ വാസ്‌‌ക്വസ് എന്നീ വിദേശ താരങ്ങളുടെ കരുത്തായിരുന്നു മറ്റ് സീസണുകളില്‍ നിന്ന് ബ്ലാസ്റ്റേഴ്‌സിനെ ഇക്കുറി വേറിട്ടതാക്കിയത്. ഏറ്റവും മികച്ചത് ആരെന്നറിയാന്‍ മൂന്ന് പേരും തമ്മില്‍ ടീമിനുള്ളില്‍ തന്നെ മത്സരം നടക്കുന്നുണ്ട്. ഇവര്‍ക്കൊപ്പം മധ്യനിര താരം സഹല്‍ അബ്‌ദുല്‍ സമദും ചേരുമ്പോള്‍ ബ്ലാസ്റ്റേഴ്‌സ് ആക്രമണം കടുകട്ടിയാവും. രണ്ട് മത്സരത്തിലെ സസ്‌പെന്‍ഷന്‍ കഴിഞ്ഞ് മടങ്ങിയെത്തുന്ന പ്രതിരോധതാരം ഹര്‍മന്‍ജോത് ഖബ്രയാണ് ബ്ലാസ്റ്റേഴ്‌സ് നിരയില്‍ ഇന്ന് ശ്രദ്ധേയനായ മറ്റൊരു താരം. ഗോളി പ്രഭ്‌സുഖാന്‍ ഗില്ലിന്‍റെ പ്രകടനവും കളിയിൽ നിർണായകമാണ്.

Read More: ആരാധകർക്കുള്ള ബ്ലാസ്റ്റേഴ്‌സ് സർപ്രൈസ്, വീണ്ടും മഞ്ഞപ്പടയുടെ ആരവമുയരുന്നു; വൈകിട്ട് അഞ്ചര മുതൽ കലൂർ ഫാൻ പാർക്കിൽ ലൈവ് സ്ട്രീമിങ്

ലീഗിൽ ഒന്നാം സ്ഥാനക്കാരായ ജംഷഡ്‌പൂർ എഫ്‌സിയുമായാണ് ബ്ലാസ്റ്റേഴ്സിന്റെ സെമി ഫൈനൽ മത്സരം. കൊവിഡ് കാരണം ഇത്തവണ ലീഗിലെ എല്ലാ മത്സരങ്ങളും ഗോവയിലാണ് നടക്കുന്നത്. സെമി ഫൈനലിന് യോഗ്യത നേടിയതോട് കൂടി ബ്ലാസ്റ്റേഴ്‌സ് ആരാധകർ വലിയ ആവേശത്തിലായിരുന്നു.

ഇന്ന് രാത്രി 7.30 ക്കാണ് ഗോവയിൽ സെമിഫൈനൽ ആദ്യ പാദ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സും ജംഷഡ്‌പൂർ എഫ്‌സിയും തമ്മിൽ ഏറ്റുമുട്ടുന്നത്. മഞ്ഞപ്പടയുടെ ആരാധകർക്ക് ബിഗ് സ്‌ക്രീനിൽ മത്സരം കാണാനുള്ള അവസരവും ബ്ലാസ്റ്റേഴ്‌സ് ടീം മാനേജ്‌മന്റ് ഒരുക്കിയിട്ടുണ്ട്. കലൂർ സ്റ്റേഡിയത്തിന് സമീപമാണ് ആരാധകർക്കായി ഫാൻ പാർക്കൊരുക്കിയിരിക്കുന്നത്.

Story Highlights: The key players of Kerala Blasters