ലെഫ്റ്റനന്റ് റാം ആയി ദുൽഖർ സൽമാൻ; ശ്രദ്ധനേടി ‘സീതാ രാമം’ വിഡിയോ

April 11, 2022

1960- കളില്‍ ജമ്മുകാശ്മീരില്‍ നടന്ന ഒരു പ്രണയ കഥ പശ്ചാത്തലമാക്കി ഒരുങ്ങുന്ന ചിത്രമാണ് സീതാ രാമം. മലയാളത്തിന് പുറമെ അന്യഭാഷകളിലും ചുവടുറപ്പിച്ച ദുൽഖർ സൽമാൻ നായകനാകുന്ന ചിത്രത്തിന്റെ ഒരു വിഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ദുൽഖർ പട്ടാളക്കാരനായി വേഷമിടുന്ന ചിത്രത്തിൽ ലെഫ്റ്റനന്റ് റാം എന്നാണ് താരം അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ദുൽഖറിന്റെ മേക്കോവറും ചലച്ചിത്ര ലോകത്ത് ശ്രദ്ധ നേടിക്കഴിഞ്ഞു.

ദുൽഖറിന്റെ നായികയായി ചിത്രത്തിൽ എത്തുന്നത് മൃണാള്‍ താക്കാറാണ്. ‘സീത’ എന്ന കഥാപാത്രമായിട്ടാണ് മൃണാള്‍ ചിത്രത്തിൽ എത്തുന്നത്. ‘അഫ്രീൻ’ എന്ന കഥാപാത്രമായി രശ്‍മിക മന്ദാനയും അഭിനയിക്കുന്നുണ്ട്. ഹനു രാഘവപുടി ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. ചിത്രത്തിലെ വിവിധ രംഗങ്ങള്‍ കോര്‍ത്തിണക്കിയ വിഡിയോ അണിയറ പ്രവര്‍ത്തകര്‍ നേരത്തെ പുറത്തുവിട്ടിരുന്നു. മഹാനടി നിര്‍മ്മിച്ച സ്വപ്ന മൂവീസും വൈജയന്തി ഫിലിംസും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ദുല്‍ഖറിന്റെ ആദ്യ തെലുങ്ക് ചിത്രമായിരുന്നു മഹാനടി.

അതേസമയം കാശ്മീരില്‍വെച്ചാണ് സീതാ രാമത്തിന്റെ കൂടുതല്‍ ഭാഗവും ചിത്രീകരിച്ചത്. ലെഫ്റ്റനന്റ് റാമിന്റെ പ്രണയഗാഥയ്ക്ക് എത്രയും പെട്ടെന്ന് നിങ്ങള്‍ക്ക് സാക്ഷ്യം വഹിക്കാം എന്ന കുറിപ്പോടെയാണ് ആദ്യ വിഡിയോ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. തെലുങ്കിന് പുറമെ തമിഴ്, മലയാളം എന്നീ ഭാഷകളിലും ചിത്രം പ്രേക്ഷകരിലേക്കെത്തും.

Read also: ഗോഡ്ഫാദർ ഇല്ലാതെ സിനിമയിലെത്തി, ആദ്യ പ്രതിഫലം 500 രൂപ- കെജിഎഫ് താരം യഷ് പറയുന്നു…

സല്യൂട്ട് ആണ് ദുൽഖർ നായകനായി അവസാനം പ്രേക്ഷകരിലേക്കെത്തിയ ചിത്രം. ഒടിടി പ്ലാറ്റ്ഫോമിലൂടെയാണ് സിനിമ എത്തിയത്. റോഷൻ ആൻഡ്രുസ് സംവിധാനം നിർവഹിച്ച ചിത്രമാണ് സല്യൂട്ട്. അടുത്തിടെ പുറത്തിറങ്ങിയ ഹേ സിനാമിക എന്ന ചിത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ബ്രിന്ദ മാസ്റ്ററാണ് സിനിമ സംവിധാനം ചെയ്യുന്നത്. ചിത്രത്തിനും മികച്ച സ്വീകാര്യതാണ് ലഭിച്ചത്.

Story highlights: Dulquer Salman Sita Ramam video