എത്രകഴിച്ചാലും അൻപതുരൂപ മാത്രം, ഒപ്പം സ്നേഹം നിറഞ്ഞ ചിരിയും- ശ്രദ്ധനേടി വൃദ്ധ ദമ്പതികൾ വിളമ്പുന്ന ഊണ്
ഒന്ന് വിഭവസമൃദ്ധമായ സദ്യ കഴിക്കാണമെങ്കിൽ ഇപ്പോൾ ഹോട്ടലുകളിൽ വലിയ വില കൊടുക്കേണ്ടി വരും. ഇരുനൂറുരൂപയോളം വരും രുചിയൊന്നും നോക്കിയില്ലെങ്കിൽ തന്നെ വില. റോഡരികിലെ ഒരു ചെറിയ തട്ടുകടയിലോ മറ്റോ ആണ് കഴിക്കാൻ ഉദ്ദേശിക്കുന്നതെങ്കിൽ ഒരൽപം കൂടി തുക കുറഞ്ഞേക്കാം. എന്നാൽ 100 രൂപയിൽ താഴെ വിലയിൽ വയറു നിറയെ ഊണ് കഴിക്കാനുള്ള സാധ്യത ഇപ്പോൾ വളരെ കുറവാണ്.
എന്നാൽ കർണാടകയിലെ മണിപ്പാലിൽ നിന്നുള്ള ഒരു വൃദ്ധ ദമ്പതികൾ 50 രൂപയ്ക്ക് അൺലിമിറ്റഡ് ആഹാരം വിളമ്പിയാണ് ഇപ്പോൾ താരമായിരിക്കുന്നത്. അജ്ജ & അജ്ജി എന്നാണ് ഇവരെ ആളുകൾ സ്നേഹപൂർവ്വം വിളിക്കുന്നത്. വാഴയിലയിൽ ഉപഭോക്താക്കൾക്ക് പരമ്പരാഗത ഭക്ഷണം വിളമ്പുകയാണ് വൃദ്ധ ദമ്പതികൾ. ഫുഡ് വ്ലോഗർ രക്ഷിത് റായ് ഇൻസ്റ്റാഗ്രാമിൽ ഒരു വിഡിയോ പങ്കിട്ടതിന് ശേഷമാണ് ദമ്പതികൾ ശ്രദ്ധ നേടിയത്. രസം, പരിപ്പ്, ഫ്രൈ, അച്ചാർ, സാലഡ്, തൈര്, മറ്റ് ഇനങ്ങൾ എന്നിവ പരിധിയില്ലാതെ 50 രൂപയ്ക്ക് ഊണിനൊപ്പം വിളമ്പുന്നതാണ് ഇവരുടെ പ്രത്യേകത.
ഹോട്ടൽ ഗണേഷ് പ്രസാദ് എന്നാണ് ഈ ഭക്ഷണശാലയുടെ പേര്. ദമ്പതികൾ 1951 മുതൽ നടത്തുന്ന കടയാണിത്. സ്ഥിരം ഉപഭോക്താക്കൾക്ക് ഇത് ‘അജ്ജ അജ്ജി മന’ യാണ്.’ഇവിടം എനിക്ക് ഒരു വൈകാരിക അനുഭവമായി മാറി. വളരെ മിതമായ നിരക്കിൽ ഹോംലി ഭക്ഷണം. അതിലുപരി ഈ വൃദ്ധ ദമ്പതികളിൽ നിന്ന് നിങ്ങൾക്ക് ലഭിക്കുന്ന വാത്സല്യം അവിശ്വസനീയമാണ്. അവർ തീർച്ചയായും നമ്മളിൽ നിന്ന് കൂടുതൽ സ്നേഹം അർഹിക്കുന്നു. അവരുടെ ഊഷ്മളത നിങ്ങൾ അനുഭവിക്കും. അജ്ജ അജ്ജി മാനെ എന്നത് ഒരു ഭക്ഷണശാല എന്നതിലുപരി മറ്റൊന്നാണ്’ വ്ലോഗർ വിഡിയോയ്ക്ക് ഒപ്പം കുറിക്കുന്നു.
Story highlights- elderly couple sells unlimited traditional food