പ്രതികാരം ചെയ്യാൻ കീർത്തി സുരേഷിൻറെ പൊന്നി; പുതിയ ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്ത്

April 27, 2022

തെന്നിന്ത്യൻ സിനിമ മേഖലയിൽ ശക്തമായ കഥാപാത്രങ്ങളുമായി തിരക്കേറിയചലച്ചിത്രതാരമാണ് കീർത്തി സുരേഷ്. ഇപ്പോഴിതാ താരത്തിന്റെ ഏറ്റവും പുതിയ ചിത്രത്തിന്റെ വിശേഷങ്ങളാണ് ആരാധകരിൽ ആവേശം സൃഷ്ടിക്കുന്നത്. അരുണ്‍ മാതേശ്വരൻ സംവിധാനം ചെയ്യുന്ന ‘സാനി കൈദം’ എന്ന ചിത്രമാണ് താരത്തിന്റേതായി അണിയറയിൽ ഒരുങ്ങുന്നത്. ഡയറക്ട് ഒടിടി റിലീസായി എത്തുന്ന ചിത്രത്തിന്റെ പുതിയ ട്രെയ്‌ലർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ട്രെയ്‌ലറിൽ പ്രതികാരം ചെയ്യാനെത്തുന്ന ശക്തമായ സ്ത്രീയെയാണ് കീർത്തി അവതരിപ്പിക്കുന്നത്. പൊന്നി എന്നാണ് ചിത്രത്തിലെ കീർത്തിയുടെ കഥാപാത്രത്തിന്റെ പേര്. തന്റെ കുടുംബത്തെ ഇല്ലാതാക്കിയവര്‍ക്ക് എതിരെ ‘പൊന്നി’ നടത്തുന്ന പോരാട്ടമാണ് ചിത്രത്തില്‍ പറയുന്നത്.

1980 ൽ നടന്ന ഒരു കഥയെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത് എന്നാണ് സൂചന. സംവിധായകൻ സെല്‍വരാഘവനാണ് ചിത്രത്തിൽ നായകനായി എത്തുന്നത്. വ്യത്യസ്തമായ ലുക്കിലാണ് കീർത്തി സുരേഷും സെല്‍വരാഘവനും പോസ്റ്ററിലും ടീസറിലുമെല്ലാം പ്രത്യക്ഷപ്പെടുന്നത്. ആമസോണ്‍ പ്രൈം വീഡിയോയിലൂടെ മെയ് ആറിനാണ് ചിത്രം പ്രദര്‍ശനത്തിന് എത്തുക.

അതേസമയം കീർത്തി സുരേഷിന്റേതായി നിരവധി ചിത്രങ്ങളാണ് അണിയറയിൽ ഒരുങ്ങുന്നത്. മലയാളത്തിൽ മരക്കാർ അറബിക്കടലിന്റെ സിംഹമാണ് താരത്തിന്റേതായി അവസാനം റിലീസ് ചെയ്തത്. തമിഴിൽ രജനീകാന്തിനൊപ്പമുള്ള അണ്ണാത്തെയാണ് താരത്തിന്റേതായി ലാസ്റ്റ് പുറത്തിറങ്ങിയത്. ഇപ്പോഴിതാ മഹേഷ് ബാബു ചിത്രമാണ് തെലുങ്കിൽ താരത്തിന്റേതായി റിലീസിന് ഒരുങ്ങുന്നത്. സർക്കാരു വാരി പാട്ട എന്ന ചിത്രത്തിലാണ് കീർത്തി മഹേഷ് ബാബുവിനൊപ്പം അഭിനയിക്കുന്നത്. ചിത്രവും റിലീസിന് ഒരുങ്ങുകയാണ്.

Read also: ഓടുന്ന ട്രെയിനിൽ നിന്നും യുവതി പുറത്തേക്ക്; സമയോചിത ഇടപെടൽ നടത്തി ഗാർഡ്, വൈറൽ വിഡിയോ

കീര്‍ത്തി സുരേഷ് നായികയാകുന്ന മലയാളം ചിത്രം ‘വാശി’യും അണിയറയിൽ ഒരുങ്ങുന്നുണ്ട്. കീർത്തി സുരേഷും ടൊവിനോ തോമസും ഒന്നിക്കുന്ന ചിത്രം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് സിനിമ പ്രേമികൾ. വിഷ്ണു ജി രാഘവ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അഭിഭാഷകയായാണ് താരം എത്തുന്നത്. ദേശീയ അവാർഡ് ജേതാവായ നടി കീർത്തി സുരേഷും ടൊവിനോ തോമസും ആദ്യമായി ഒന്നിച്ചെത്തുന്ന ചിത്രം കൂടിയാണ് വാശി.

Story highlights: Keerthy Suresh Mass Performance- trailer-out