ഗ്യാങ്സ്റ്റർ അല്ല, മോൺസ്റ്റർ; സമൂഹമാധ്യമങ്ങളിൽ വൈറലായി കെജിഎഫിലെ മറ്റൊരു ഗാനം

April 25, 2022

ഇന്ത്യൻ സിനിമയിലെ എക്കാലത്തെയും വലിയ വിജയമാണ് ‘കെജിഎഫ് 2’ നേടിക്കൊണ്ടിരിക്കുന്നത്. തിയേറ്ററുകളിൽ പ്രേക്ഷകരെ ആവേശത്തിലാക്കിയ ചിത്രം മികച്ച നിരൂപക പ്രശംസയും നേടിയാണ് പ്രദർശനം തുടരുന്നത്. ഇപ്പോൾ റിലീസ് ചെയ്‌ത ചിത്രത്തിലെ മറ്റൊരു ഗാനമാണ് സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്.

‘മോൺസ്റ്റർ’ എന്ന ഗാനമാണ് ഇപ്പോൾ യൂട്യൂബിൽ റിലീസ് ചെയ്തിരിക്കുന്നത്. ചിത്രത്തിൽ നടൻ യാഷ് അവതരിപ്പിച്ച കേന്ദ്ര കഥാപാത്രമായ റോക്കിയുടെ സ്റ്റില്ലുകളും ഡയലോഗുകളും ഉൾപ്പെടുന്നതാണ് ഗാനം. ഗാനത്തിന്റെ അവസാന ഭാഗത്തായി തിയേറ്ററുകളിലെ പ്രേക്ഷകരുടെയും ആരാധകരുടെയും ആഘോഷവും ഉൾപ്പെടുത്തിയിട്ടുണ്ട്. വലിയ ആവേശത്തോടെയാണ് പ്രേക്ഷകർ സമൂഹമാധ്യമങ്ങളിൽ ഗാനത്തെ ഏറ്റെടുത്തിരിക്കുന്നത്.

അതേ സമയം പല ബോക്‌സോഫിസ് റെക്കോർഡുകളും ചിത്രം ആദ്യ ദിനം തന്നെ തകർത്തിരുന്നു. വെറും 11 ദിവസം കൊണ്ട് ചിത്രം 880 കോടിയാണ് ലോകത്താകമാനമുള്ള തിയേറ്ററുകളിൽ നിന്ന് നേടിയത്.

നേരത്തെ മലയാളത്തിലെ എക്കാലത്തെയും മികച്ച ആദ്യ ദിന കളക്ഷൻ നേടി ചിത്രം റെക്കോർഡിട്ടിരുന്നു. മോഹൻലാൽ നായകനായ ശ്രീകുമാർ മേനോൻ ചിത്രം ‘ഒടിയന്റെ’ ആദ്യ ദിന കളക്ഷനാണ് കെജിഎഫ് 2 മറികടന്നത്. ആദ്യ ദിന കളക്ഷന്റെ കാര്യത്തിൽ വർഷങ്ങളായി ‘ഒടിയൻ’ കൈവശം വച്ചിരുന്ന റെക്കോർഡാണ് ‘കെജിഎഫ് 2’ ആദ്യ ദിനം മറികടന്നത്. കെജിഎഫ് 2 കേരളത്തില്‍ നിന്ന് ആദ്യദിനം 7 കോടിക്കു മുകളില്‍ നേടി എന്നാണ് കണക്കുകള്‍. മുന്‍പ് ഒടിയന്‍ മാത്രമാണ് 7 കോടിക്ക് മുകളില്‍ ആദ്യദിനം കേരളത്തില്‍ നിന്ന് നേടിയിട്ടുള്ളത്. 7.3 കോടിയാണ് കെജിഎഫ് ചാപ്റ്റര്‍ 2 നേടിയതെന്നാണ് കണക്കുകൾ സൂചിപ്പിച്ചത്. ഒടിയന്‍റെ ആദ്യ ദിന കളക്ഷന്‍ 7.2 കോടി ആയിരുന്നു.

Read More: ഞാനോ അതോ അവളോ?- ചിരിപടർത്തി ‘കാത്തുവാക്കുള്ളെ രണ്ടു കാതൽ’ പ്രൊമോ

ഇന്ത്യയിലെ എല്ലാ പ്രധാന ഭാഷകളിലും മൊഴി മാറ്റി റിലീസ് ചെയ്ത ചിത്രത്തിന്റെ ആദ്യ ഭാഗം എല്ലാ സിനിമ ഇന്ഡസ്ട്രികളിലും വലിയ വിജയമായി മാറിയിരുന്നു. ഇന്ത്യൻ സിനിമ ലോകവും പ്രേക്ഷകരും ഏറ്റവും കൂടുതൽ കാത്തിരുന്ന ഒരു ചിത്രം കൂടിയായിരുന്നു ചിത്രത്തിന്റെ രണ്ടാം ഭാഗമായ കെജിഎഫ് 2. കൊവിഡ് കാരണം നിരവധി തവണ റിലീസ് മാറ്റി വെച്ച രണ്ടാം ഭാഗത്തിനായി ആവേശത്തോടെയാണ് പ്രേക്ഷകർ കഴിഞ്ഞ കുറച്ചു നാളുകളായി കാത്തിരുന്നത്. വലിയ പ്രീ റിലീസ് ഹൈപ്പാണ് ചിത്രത്തിന് ഉണ്ടായിരുന്നത്. എന്നാൽ പ്രേക്ഷകരുടെ പ്രതീക്ഷകൾക്കും അപ്പുറത്തുള്ള ഒരു സിനിമാറ്റിക് അനുഭവമാണ് ചിത്രം നൽകിയതെന്നാണ് സിനിമ പ്രേമികളും നിരൂപകരും പറയുന്നത്.

Story Highlights: Kgf monster song viral in social media