കോലോത്തുനാട്ടിലെ ബാലതമ്പുരാട്ടിയായി മിയക്കുട്ടി; ക്യൂട്ട് വിഡിയോ
പാട്ട് പാടാൻ വന്ന് മലയാളി പ്രേക്ഷകരുടെ ഹൃദയം കവർന്ന കൊച്ചു ഗായികയാണ് മിയ മെഹക്. മിയക്കുട്ടിയുടെ പാട്ടുകൾക്കായി കാത്തിരിക്കാറുള്ള ആരാധകരെ മുഴുവൻ ആവേശത്തിൽ ആഴ്ത്തുകയാണ് ഈ കുഞ്ഞുമോളുടെ പുതിയ പാട്ട്. അതിമനോഹരമായ ആലാപനം കൊണ്ട് പ്രേക്ഷക ഹൃദയങ്ങളെ തൊട്ടുതലോടുന്ന മിയക്കുട്ടിയുടെ രസകരമായ കൊച്ചുവർത്തമാനങ്ങൾ കേൾക്കാനും പ്രേക്ഷകർക്ക് വളരെയധികം ഇഷ്ടമാണ്. ഇപ്പോഴിതാ ചിന്നി ചിന്നി മിന്നിത്തിളങ്ങണ വളൊരിക്കണ്ണനക്ക് എന്ന ഗാനവുമായി എത്തുകയാണ് ഈ കൊച്ചുഗായിക. ഒപ്പം പാട്ട് വേദിയിൽ ഏറെ ശ്രദ്ധനേടുകയാണ് മിയക്കുട്ടിയുടെ വസ്ത്രധാരണവും. കോലോത്തുനാട്ടിലെ ബാലതമ്പുരാട്ടി എന്നാണ് മിയക്കുട്ടി സ്വയം പരിചയപ്പെടുത്തുന്നതും.
ഉറുമി എന്ന ചിത്രത്തിലെ പാട്ട് പാടാൻ എത്തിയതാണ് ഈ കുഞ്ഞുമോൾ.. കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ വരികൾക്ക് ദീപക് ദേവ് സംഗീതം നൽകി മഞ്ജരി ആലപിച്ച ഗാനമാണ് മിയക്കുട്ടി തന്റെ കുഞ്ഞ് ശബ്ദത്തിലൂടെ പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്. പാട്ട് വളരെ ഗംഭീരമായി പാടാറുള്ള മിയക്കുട്ടിയുടെ ഈ ഗാനത്തിന് ശേഷവും നിറഞ്ഞ കൈയടിയാണ് വേദിയിൽ നിന്നും ലഭിച്ചത്. ഒപ്പം പാട്ടിലെ ചില പിഴവുകൾ പരിഹരിച്ച് നൽകുന്നുമുണ്ട് ജഡ്ജസ്.
ചെറുപ്രായത്തിനുള്ളിൽ തന്നെ അതിശയപ്പിക്കുന്ന ആലാപനമികവുകൊണ്ട് പ്രേക്ഷക പ്രീതിനേടിയ കുരുന്ന് ഗായികയാണ് ഫോർട്ട് കൊച്ചിക്കാരി മിയക്കുട്ടി. ഓരോ തവണയും വേദിയിലെത്തി പാട്ട് പാടി കൈയടിനേടുന്ന കുരുന്ന് ഗായിക അടുത്തിടെ മഞ്ജു വാര്യർ പ്രധാന കഥാപത്രമായ കണ്ണെഴുതി പൊട്ടും തൊട്ട് എന്ന ചിത്രത്തിലെ ‘ചെമ്പഴുക്ക ചെമ്പഴുക്ക ചക്കര ചെമ്പഴുക്കാ…’ എന്ന ഗാനം പാടിയതും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കെ ജെ യേശുദാസ്, മഞ്ജു വാര്യർ, കലാഭവൻ മണി എന്നിവർ ചേർന്ന് പാടിയ ഗാനം ഒറ്റയ്ക്ക് പാടിയാണ് മിയക്കുട്ടി കാഴ്ചക്കാരുടെയും പാട്ട് വേദിയുടെയും പ്രശംസ പിടിച്ചുപറ്റിയത്. നേരത്തെയും മിയക്കുട്ടിയുടെ പാട്ടുകൾ ഓരോന്നും വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടിട്ടുള്ളതാണ്.
Story highlights; Miya as a queen video goes viral