ദളപതിയുടെ ‘ബീസ്റ്റ്’ നാളെയെത്തുന്നു; ജീവനക്കാരായ വിജയ് ആരാധകർക്ക് സർപ്രൈസൊരുക്കി സ്വകാര്യ സ്ഥാപനങ്ങൾ

April 12, 2022

തെന്നിന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ ആരാധകരുള്ള നടനാണ് തമിഴ് സൂപ്പർതാരം വിജയ്. ഇന്ത്യയൊട്ടാകെ വരുന്ന കോടികണക്കിന് ആരാധകരാണ് വിജയ് ചിത്രങ്ങൾക്കായി കാത്തിരിക്കുന്നത്. അത് കൊണ്ട് തന്നെ വിജയ് ചിത്രം ‘ബീസ്റ്റിനായി’ വലിയ കാത്തിരിപ്പിലായിരുന്നു ആരാധകർ. ആരാധകരുടെ നാളുകളായുള്ള കാത്തിരിപ്പിനൊടുവിൽ ലോകമെങ്ങുമുള്ള തിയേറ്ററുകളിൽ നാളെ ചിത്രം റിലീസിനെത്തുകയാണ്.

ചിത്രത്തിന് മുൻപുള്ള വിജയ് ആരാധകരുടെ ആഘോഷങ്ങളും മറ്റ് പ്രകടനങ്ങളും ഇതിന് മുൻപും ശ്രദ്ധേയമായി മാറിയിട്ടുണ്ട്. എന്നാലിപ്പോൾ വ്യത്യസ്തമായ ഒരു ആരാധനയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്.

ജീവനക്കാർക്ക് ആദ്യ ദിനം തന്നെ ചിത്രം കാണാനായി അവധി നൽകിയിരിക്കുകയാണ് ചില സ്വകാര്യ സ്ഥാപനങ്ങൾ. ചില കമ്പനികൾ തങ്ങളുടെ ജീവനക്കാർക്ക് സൗജന്യ ടിക്കറ്റും നൽകിയിട്ടുണ്ട്. അവധി പ്രഖ്യാപിച്ചു കൊണ്ടുള്ള കമ്പനികളുടെ നോട്ടീസുകൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്. ഈ തലമുറയിൽ വിജയ് എന്ന നടന് മാത്രം ലഭിക്കുന്ന അംഗീകാരമാണിതെന്നാണ് ആരാധകർ പറയുന്നത്.

ഒരു ഷോപ്പിംഗ് മാൾ തീവ്രവാദികൾ പിടിച്ചെടുത്ത് ആളുകളെ മുഴുവൻ ബന്ദികളാക്കുന്നതാണ് ചിത്രത്തിന്റെ കഥ. ബന്ദികളാക്കപ്പെടുന്ന ആളുകളിലൊരാളായ വിജയിയുടെ കഥാപാത്രം അവരുടെ രക്ഷകരായി മാറുന്നു. വീരരാഘവൻ എന്ന സ്പൈ ഏജന്റായാണ് വിജയി ചിത്രത്തിലെത്തുന്നത്.

നേരത്തെ ‘ബീസ്റ്റിന്’ ആശംസകൾ നേർന്ന് സൂപ്പർതാരം ഷാരൂഖ് ഖാൻ ചിത്രത്തിന്റെ ഹിന്ദി ട്രെയ്‌ലർ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. ഡയറക്ടർ അറ്റ്ലീയെ പോലെ താനും വിജയിയുടെ കടുത്ത ആരാധകനാണെന്നും ബീസ്റ്റിന്റെ മുഴുവൻ ടീമിനും എല്ലാ ആശംസകളും നേരുന്നുവെന്നുമാണ് ഷാരൂഖ് പറഞ്ഞത്. മികച്ച ട്രെയ്‌ലറാണ് ബീസ്റ്റിന്റേതെന്നും ഷാരൂഖ് ഖാൻ കൂട്ടിച്ചേർത്തു.

Read More: വിജയ്- നെൽസൺ കൂട്ടുകെട്ട്; ബീസ്റ്റ് പുതിയ ടീസർ എത്തി

പൂജ ഹെഗ്ഡെയാണ് ചിത്രത്തിൽ വിജയിയുടെ നായികയായി എത്തുന്നത്. ഡോക്ടറിന് ശേഷം നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്യുന്ന ചിത്രമായ ബീസ്റ്റ് സണ്‍ പിക്ചേഴ്സ് ആണ് നിര്‍മിച്ചിരിക്കുന്നത്. വിജയിയുടെ കരിയറിലെ 65-മത്തെ ചിത്രമായ ബീസ്റ്റിൽ മലയാളി താരങ്ങളായ ഷൈൻ ടോം ചാക്കോയും അപർണ ദാസും അഭിനയിക്കുന്നുണ്ട്. സംവിധായകൻ ശെല്‍വരാഘവനും ചിത്രത്തില്‍ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

Story Highlights: Private companies’ surprise for employees who are vijay fans