ലെഫ്റ്റനന്റ് റാമിനൊപ്പം രശ്‌മിക മന്ദാനയും; ദുൽഖർ ചിത്രത്തിൽ വേഷമിടാൻ പ്രിയനടി

April 5, 2022

മലയാളത്തിന് പുറമെ അന്യഭാഷകളിലും അഭിനയ മികവുകൊണ്ട് ശ്രദ്ധ നേടിയ നടനാണ് ദുല്‍ഖര്‍ സല്‍മാന്‍. താരം പ്രധാന കഥാപാത്രമായെത്തുന്ന പുതിയ തെലുങ്ക് ചിത്രമൊരുങ്ങുകയാണ്. പ്രൊഡക്ഷന്‍ നമ്പര്‍ സെവന്‍ എന്നാണ് ചിത്രത്തിന് താല്‍ക്കാലികമായി നല്‍കിയിരിക്കുന്ന പേര്. ഇപ്പോഴിതാ, ചിത്രത്തിൽ ദുൽഖർ സൽമാനൊപ്പം രശ്‌മിക മന്ദാനയും വേഷമിടുന്നതായി പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ.

Read Also: കുഞ്ഞ് സഹോദരിയെ മടിയിൽ കിടത്തി ക്ലാസിൽ പങ്കെടുക്കുന്ന പത്ത് വയസുകാരി, ഹൃദ്യം ഈ വിഡിയോ

അൽറീൻ എന്ന കഥാപാത്രമായാണ് രശ്‌മിക വേഷമിടുന്നത്. രശ്‌മികയുടെ ജന്മദിനത്തോട് അനുബന്ധിച്ചാണ് പോസ്റ്റർ പങ്കുവെച്ചിരിക്കുന്നത്. മൃണാല്‍ താക്കൂര്‍ ആണ് ചിത്രത്തില്‍ ദുല്‍ഖറിന്റെ നായികയായെത്തുന്നത്. ഹനു രാഘവപുടി ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. മഹാനടി നിര്‍മ്മിച്ച സ്വപ്ന മൂവീസും വൈജയന്തി ഫിലിംസും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ദുല്‍ഖറിന്റെ ആദ്യ തെലുങ്ക് ചിത്രമായിരുന്നു മഹാനടി.

കാശ്മീരില്‍വെച്ചാണ് പുതിയ ചിത്രത്തിന്റെ കൂടുതല്‍ ഭാഗവും ചിത്രീകരിച്ചത്. ലെഫ്റ്റനന്റ് റാം എന്നാണ് ചിത്രത്തില്‍ ദുല്‍ഖര്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. താരത്തിന്റെ മേക്കോവറും ചലച്ചിത്ര ലോകത്ത് ശ്രദ്ധ നേടിക്കഴിഞ്ഞു. പ്രണയപശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രം കൂടിയാണിത്. തെലുങ്കിന് പുറമെ തമിഴ്, മലയാളം എന്നീ ഭാഷകളിലും ചിത്രം പ്രേക്ഷകരിലേക്കെത്തും. 1960- കളില്‍ ജമ്മുകാശ്മീരില്‍ നടന്ന ഒരു പ്രണയ കഥയാണ് ചിത്രം പറയുന്നത്.

Story highlights- rashmika mandana as alreen in unnmed movie of dulquer salman