തനിക്ക് ബാധിച്ചിരുന്ന അലോപേഷ്യ രോഗത്തെക്കുറിച്ച് മനസുതുറന്ന് ചലച്ചിത്രതാരം; രോഗത്തിനൊപ്പം അത് മൂലമുണ്ടാകുന്ന മാനസികാവസ്ഥയ്ക്കും ചികിത്സവേണം
അലോപേഷ്യ ഏരിയേറ്റ… ഈ രോഗാവസ്ഥ ഇന്ന് പലർക്കും പരിചിതമാണ്. അടുത്തിടെ ഓസ്കർ വേദിയിൽവെച്ച് അവതാരകൻ ക്രിസ് റോകിന്റെ പരാമർശത്തിൽ വിൽ സ്മിത്ത് പ്രകോപിതനായും അതേ തുടർന്ന് ക്രിസ് റോക്കിന്റെ മുഖത്തടിച്ചതുമൊക്കെ ഈ രോഗത്തിന്റെ പേരിലായിരുന്നു. ഇതിന് പിന്നാലെ വിൽ സ്മിത്തിന്റെ ഭാര്യ ജാഡ പിങ്കറ്റ് തന്നെ തനിക്ക് ബാധിച്ച അലോപേഷ്യ ഏരിയേറ്റ എന്ന രോഗത്തെക്കുറിച്ച് വെളിപ്പെടുത്തികൊണ്ട് മുന്നോട്ട് വന്നിരുന്നു. ഇതിന് പിന്നാലെ നിരവധിപ്പേർ ഗൂഗിളിൽ തിരഞ്ഞതും അലോപേഷ്യ ഏരിയേറ്റ എന്ന രോഗത്തെക്കുറിച്ചാണ്.
ഇപ്പോഴിതാ ഈ രോഗം തനിക്ക് ബാധിച്ചതിനെക്കുറിച്ച് വെളിപ്പെടുത്തുകയാണ് ചലച്ചിത്രതാരം സമീറ റെഡ്ഡി. അലോപേഷ്യ ഏരിയേറ്റ’ എന്താണെന്നും അത് എന്തുകൊണ്ടാണ് ഉണ്ടാകുന്നതെന്നും സമീറ പങ്കുവെച്ച കുറിപ്പിലുണ്ട്. 2016 ലാണ് സമീറ റെഡ്ഡി തനിക്ക് ഈ രോഗം ബാധിച്ചതായി കണ്ടെത്തിയത്. ആദ്യം തലയുടെ പിറക് വശത്ത് രണ്ടിഞ്ചോളം ഭാഗത്ത് മുടി പോയത് കണ്ടു. പിന്നീട് ഒരു മാസത്തിനുള്ളിൽ തന്നെ തലയുടെ മറ്റ് ഭാഗത്തും ഇതേ രീതിയിലുള്ള അവസ്ഥ കണ്ടെത്തി. ഇതോടെ വളരെ അസ്വസ്ഥയായി. എന്നാൽ വൈകാതെ ഡോക്ടറുടെ സഹായത്തോടെ കോർട്ടികോസ്റ്റിറോയ്ഡ്സ് ഇഞ്ചെക്ഷനുകൾ ശിരോചർമത്തിൽ വയ്ക്കുകയും ചെയ്തു. പിന്നീട് മുടി കൊഴിഞ്ഞ ഭാഗങ്ങളിൽ കിളിർത്തു തുടങ്ങിയെന്നും ഇപ്പോൾ യാതൊരു വിധ പ്രശ്നങ്ങൾ ഇല്ലെന്നും സമീറ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു.
അതേസമയം ഈ അവസ്ഥയിൽ തനിക്ക് വളരെയധികം മാനസീക ബുദ്ധിമുട്ടുകൾ ഉണ്ടായി എന്ന് പറയുന്ന സമീറ, ഈ രോഗത്തിനുള്ള ചികിത്സയ്ക്കൊപ്പം അത് മൂലമുണ്ടാകുന്ന മാനസികാവസ്ഥയ്ക്കും ചികിത്സവേണം വേണം എന്നും പറയുന്നുണ്ട്.
എന്താണ് അലോപേഷ്യ ഏരിയേറ്റ: തലയിലെ മുടി തനിയെ കൊഴിഞ്ഞുപോകുന്ന രോഗാവസ്ഥയാണ് അലോപേഷ്യ. ശരീരത്തിലെ രോഗപ്രതിരോധ സംവിധാനം ശരീരത്തിലെ രോമങ്ങളെ ആക്രമിക്കുകയും അതിന്റെ ഫലമായി തലയിൽ നിന്നും വട്ടത്തിൽ മുടി കൊഴിഞ്ഞുപോകുകയും ചെയ്യുന്നു. ഈ അവസ്ഥയാണ് അലോപേഷ്യ ഏരിയേറ്റ എന്നാണ് യുഎസ് ഡിപ്പാർട്ട്മെന്റ് ഓഫ് ഹെൽത്ത് ആൻഡ് ഹ്യൂമൻ സർവീസ് പറയുന്നത്.
Story highlights: Sameera Reddy Breaks Silence on Suffering From Alopecia