‘ഒരു പക്ഷെ അയാളായിരിക്കുമോ അത് ചെയ്‌തത്‌..’; നിഗൂഢതകൾ ഒളിപ്പിച്ച് ‘ട്വല്‍ത്ത് മാൻ’ പുതിയ പ്രൊമൊ വിഡിയോ

May 16, 2022

ലോകമെങ്ങുമുള്ള മോഹൻലാൽ ആരാധകർ വലിയ ആവേശത്തോടെയും ആകാംക്ഷയോടെയും കാത്തിരിക്കുന്ന ചിത്രമാണ് ‘ട്വല്‍ത്ത് മാൻ.’ ഒടിടി പ്ലാറ്റ്‌ഫോമിൽ വമ്പൻ വിജയമായ ദൃശ്യം 2 വിന് ശേഷം നടൻ മോഹൻലാലും സംവിധായകൻ ജീത്തു ജോസഫും ഒന്നിക്കുന്ന ചിത്രമായതിനാൽ വലിയ പ്രതീക്ഷയാണ് സിനിമ പ്രേക്ഷകർക്ക് ചിത്രത്തിന് മേലുള്ളത്.

ഒരു മിസ്റ്ററി ത്രില്ലറായി ഒരുങ്ങുന്ന ചിത്രത്തിന്റെ ടീസറും ട്രെയ്‌ലറുമെല്ലാം നേരത്തെ തന്നെ റിലീസാവുകയും വലിയ ആവേശത്തോടെ പ്രേക്ഷകർ അതേറ്റെടുക്കുകയും ചെയ്‌തിരുന്നു. ട്രെൻഡിങ്ങിൽ മുൻപിലായിരുന്ന ‘ട്വല്‍ത്ത് മാന്റെ’ ടീസറും ട്രെയ്‌ലറും സമൂഹമാധ്യമങ്ങളിലും വൈറലായിരുന്നു. ഇപ്പോൾ ചിത്രത്തിന്റെ മറ്റൊരു പ്രൊമോ വിഡിയോ പുറത്തു വന്നിരിക്കുകയാണ്.

ഉണ്ണി മുകുന്ദനാണ് പ്രൊമോ വിഡിയോയിലെ ദൃശ്യങ്ങളിലുള്ളത്. വലിയ നിഗൂഢത ഒളിപ്പിച്ചു തന്നെയാണ് ഈ വിഡിയോയും റിലീസ് ചെയ്‌തിരിക്കുന്നത്‌. ‘അയാളാണോ അത്…നിഗൂഢതകളുടെ ചുരുളഴിയാൻ കാത്തിരിക്കുക’ എന്ന കുറിപ്പോടെയാണ് വിഡിയോ റിലീസ് ചെയ്‌തിരിക്കുന്നത്‌.

ഒടിടി പ്ലാറ്റ്ഫോമായ ഡിസ്‍നി പ്ലസ് ഹോട്‍സ്റ്റാറില്‍ മെയ് 20 നാണ് ചിത്രം റിലീസ് ചെയ്യുന്നത്. ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ ആണ് ചിത്രം നിര്‍മിക്കുന്നത്. മോഹൻലാലിന് പുറമെ ഉണ്ണി മുകുന്ദൻ, സൈജു കുറുപ്പ്, അനുസിത്താര, അനുശ്രീ, അദിതി രവി, പ്രിയങ്ക നായർ, ലിയോണ ലിഷോയ്, ശിവദ തുടങ്ങി ഒട്ടനവധി താരങ്ങൾ ചിത്രത്തിൽ വേഷമിടുന്നുണ്ട്.

Read More: മനുഷ്യനും നായയും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥയുമായി രക്ഷിത് ഷെട്ടിയുടെ ‘777 ചാർളി’; മലയാളത്തിലെത്തിക്കുന്നത് പൃഥ്വിരാജ് – ട്രെയ്‌ലർ

അതേ സമയം ട്വല്‍ത്ത് മാന് ശേഷം നിരവധി മോഹൻലാൽ ചിത്രങ്ങളാണ് റിലീസ് ചെയ്യാനിരിക്കുന്നത്. മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ‘ബറോസ്’ ആണ് ഇതിൽ പ്രേക്ഷകർ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം. ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായിരുന്ന ‘മൈ ഡിയര്‍ കുട്ടിച്ചാത്തന്‍’ സംവിധാനം ചെയ്‍ത ജിജോയുടെ കഥയെ ആസ്‍പദമാക്കിയാണ് ബറോസ് ഒരുക്കുന്നത്. സന്തോഷ് ശിവനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്.

Story Highlights: 12th man new promo video