‘ഇതിനെ ഞങ്ങളിവിടെ ചായ എന്ന് പറയും..’- രസികൻ വിഡിയോയുമായി ഭാവനയും ശിൽപയും

May 20, 2022

മലയാള സിനിമയിലെ പ്രിയപ്പെട്ട മുഖമാണ് നടി ഭാവന. കഴിഞ്ഞ അഞ്ച് വർഷമായി മലയാള സിനിമയിൽ നിന്നും അകന്നുനിന്ന താരം ശക്തമായ തിരിച്ചുവരവിന് ഒരുങ്ങുകയാണ്. മലയാളത്തിൽ സജീവമല്ലെങ്കിലും മറ്റുഭാഷകളിൽ നിറസാന്നിധ്യമാണ് നടി. മാത്രമല്ല, സമൂഹമാധ്യമങ്ങളിലും സജീവമാണ് ഭാവന. ഫോട്ടോഷൂട്ട് ചിത്രങ്ങളും സുഹൃത്തുക്കൾക്കൊപ്പമുള്ള നിമിഷങ്ങളുമെല്ലാം ഭാവന ഇൻസ്റ്റാഗ്രാം പേജിലൂടെ പങ്കുവയ്ക്കാറുണ്ട്.

ഇപ്പോഴിതാ, സുഹൃത്തും നടിയുമായ ശിൽപ ബാലയ്‌ക്കൊപ്പമുള്ള രസകരമായ ഒരു വിഡിയോ പങ്കുവെച്ചിരിക്കുകയാണ് നടി. ജഗതി ശ്രീകുമാർ, മുകേഷ് എന്നിവർ അഭിനയിച്ച് ഹിറ്റാക്കിയ ഒരു രസികൻ രംഗമാണ് ഇരുവരും ചേർന്ന് അവതരിപ്പിക്കുന്നത്. സൗഹൃദങ്ങളെ വളരെയധികം ചേർത്തുനിർത്തുന്ന ആളാണ് ഭാവന. മുൻപും സിനിമയിലെ അടുത്ത സുഹൃത്തുക്കൾക്കൊപ്പമുള്ള നിമിഷങ്ങൾ നടി പങ്കുവെച്ചിരുന്നു.

ഗീതു മോഹൻദാസ്, സംയുക്ത വർമ്മ, മഞ്ജു വാര്യർ, രമ്യ നമ്പീശൻ, സയോനാര ഫിലിപ്പ്, മൃദുല മുരളി, ശിൽപ ബാല, ഷഫ്‌ന എന്നിവരാണ് ഭാവനയുടെ സിനിമയിലെ സുഹൃത്തുക്കൾ. സൗഹൃദങ്ങൾക്ക് എന്നും മുൻഗണന നൽകുന്ന നായികയാണ് ഭാവന. വിവാഹ ശേഷം മലയാള സിനിമയിൽ സജീവമല്ലെങ്കിലും നടി സുഹൃത്തുക്കൾക്കൊപ്പം ചിലവഴിക്കാൻ സമയം കണ്ടെത്താറുണ്ട്. 

മലയാളത്തിലും കന്നടയിലും അവിസ്മരണീയമായ ഒട്ടേറെ വേഷങ്ങൾ അവതരിപ്പിച്ച നടിയാണ് ഭാവന. വിവാഹശേഷം ബാംഗ്ലൂർ സ്ഥിര താമസമാക്കിയ നടി ഇപ്പോൾ കന്നഡ ചിത്രങ്ങളിൽ മാത്രമായിരുന്നു വേഷമിട്ടിരുന്നത്. തന്റെ അടുത്ത കന്നഡ സിനിമയിൽ ഒപ്പുവച്ചു കഴിഞ്ഞു ഭാവന. ‘പിങ്ക് നോട്ട്’ എന്ന പേരിൽ ഒരുങ്ങുന്ന ചിത്രത്തിലാണ് നടി അഭിനയിക്കുന്നത്. അതിൽ നടി ഇരട്ട വേഷത്തിൽ അഭിനയിക്കും. 2017-ൽ പുറത്തിറങ്ങിയ ‘ഹായ്’ എന്ന ചിത്രം സംവിധാനം ചെയ്ത ജിഎൻ രുദ്രേഷ് ആണ് വരാനിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത്.

Read Also: ചലച്ചിത്രതാരം നിക്കി ഗൽറാണി വിവാഹിതയായി; ചിത്രങ്ങൾ

‘നമ്മള്‍’ എന്ന സിനിമയിലൂടെയാണ് ഭാവന സിനിമ മേഖലയിലേക്ക് എത്തിയത്. സ്വയസിദ്ധമായ അഭിനയശൈലികൊണ്ട് താരം ചലച്ചിത്ര ആസ്വാദകര്‍ക്കിടയില്‍ വേഗത്തിൽത്തന്നെ ശ്രദ്ധേയയായി.

Story highlights- bhavana and shilpa baala funny moments